തിരുവനന്തപുരം: തൊഴില്‍ സ്ഥലത്തും അല്ലാതെയുമുള്ള വേദികളില്‍ നേരിടേണ്ടിവരുന്ന ലൈംഗികാതിക്രമവും ചൂഷണവും സംബന്ധിച്ച കാര്യങ്ങളില്‍ പരാതി നല്‍കാന്‍ സ്ത്രീകള്‍ മടിക്കരുതെന്ന് വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഇന്ദിര രവീന്ദ്രന്‍. തിരുവനന്തപുരം ഇന്‍ഫോപാര്‍ക്കില്‍ കേരള വനിതാ കമ്മീഷന്‍ സംഘടിപ്പിച്ച പോഷ് ആക്ട് 2013 ബോധവല്‍ക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വനിതാ കമ്മീഷന്‍ അംഗം.
പരാതി പറയാന്‍ സ്ത്രീകള്‍ പലപ്പോഴും തയ്യാറാകാറില്ല. പരാതി പറഞ്ഞാല്‍ തൊഴില്‍ സ്ഥലത്തും പുറത്തും തനിക്ക് ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകള്‍ ഓര്‍ത്താണ് പലരും പരാതി പറയാത്തത്. എന്നാല്‍ അവര്‍ക്ക് വനിതാ കമ്മീഷനെ സമീപിക്കാനാവും. ഒരു വെള്ള പേപ്പറില്‍ പേരും വിലാസവും ഫോണ്‍ നമ്പര്‍ ഉണ്ടെങ്കില്‍ അതും ഉള്‍പ്പെടുത്തി പരാതി നല്‍കാം.
എന്തു പരിഹാരമാണ് ആഗ്രഹിക്കുന്നതെന്നും പരാതിയില്‍ വ്യക്തമാക്കിയിരിക്കണം. തുടര്‍ന്ന് ഇരു കൂട്ടരെയും വിളിച്ച് സംസാരിച്ച് പരിഹാരമുണ്ടാക്കാന്‍ വനിതാ കമ്മീഷനാകും. കമ്മീഷന്‍ ആസ്ഥാനത്തോ എറണാകുളം, കോഴിക്കോട് മേഖല ഓഫീസുകളിലോ പരാതി നല്‍കാം. ഈമെയിലായും പരാതി നല്‍കാമെന്ന് അഡ്വ. ഇന്ദിര രവീന്ദ്രന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക