ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ പരാമർശങ്ങൾക്ക് തക്ക മറുപടി നൽകി രാഷ്‌ട്രപതി ഭവൻ. സോണിയയുടെ പേര് പരാമർശിക്കാതെ അവർ പറഞ്ഞതിനെ അസ്വീകാര്യമായത് എന്ന് വിശേഷിപ്പിക്കുകയും അത് ഉന്നത പദവിയുടെ അന്തസ്സിനെ വ്യക്തമായി വ്രണപ്പെടുത്തുകയും ചെയ്തു എന്ന് രാഷ്‌ട്രപതി ഭവൻ പറഞ്ഞു.
കൂടാതെ രാഷ്‌ട്രപതി ദ്രൗപതി മുർമു ഒരു ഘട്ടത്തിലും ക്ഷീണിതയല്ല എന്നും രാഷ്‌ട്രപതി ഭവൻ വ്യക്തമാക്കി. പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്കും സ്ത്രീകൾക്കും കർഷകർക്കും വേണ്ടി സംസാരിക്കുന്നത് ഒരിക്കലും ക്ഷീണിപ്പിക്കുകയില്ല എന്ന് രാഷ്‌ട്രപതി വിശ്വസിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.
“ബഹുമാനപ്പെട്ട രാഷ്‌ട്രപതിയുടെ പാർലമെന്റ് പ്രസംഗത്തെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുമ്പോൾ, കോൺഗ്രസ് പാർട്ടിയിലെ ചില പ്രമുഖ നേതാക്കൾ ഉന്നത പദവിയുടെ അന്തസ്സിനെ വ്യക്തമായി വ്രണപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയിട്ടുണ്ട്, അതിനാൽ അവ അസ്വീകാര്യമാണ്. രാഷ്‌ട്രപതി അവസാനത്തോടെ വളരെ ക്ഷീണിതയാണെന്നും അവർക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ലെന്നും ഈ നേതാക്കൾ പറഞ്ഞു,”- രാഷ്‌ട്രപതി ഭവൻ ഒരു പ്രസ്താവനയിൽ പറഞ്ഞു.
കൂടാതെ ഇത്തരം പരാമർശങ്ങൾ മോശം അഭിരുചിയുള്ളതും, നിർഭാഗ്യകരവും, പൂർണ്ണമായും ഒഴിവാക്കാവുന്നതുമാണെന്നും രാഷ്‌ട്രപതി ഭവൻ കൂട്ടിച്ചേർത്തു. അവസാനം വരെ രാഷ്‌ട്രപതി വളരെ ക്ഷീണിതയായിരുന്നു. അവർക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ല, പാവം എന്നാണ് പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ പ്രസിഡന്റ് മുർമുവിന്റെ പ്രസംഗത്തിന് മറുപടിയായി സോണിയ പറഞ്ഞത്.
അതേസമയം മുൻ കോൺഗ്രസ് മേധാവിയുടെ പരാമർശത്തിനെതിരെ ബിജെപി നേതാക്കൾ വിമർശനവുമായി രംഗത്തെത്തി. പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു കോൺഗ്രസ് പാർട്ടി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. സോണിയയും മറ്റ് പ്രതിപക്ഷ നേതാക്കളും നടത്തിയ അഭിപ്രായങ്ങളെ അപലപിക്കുന്നു.
ഒരു ആദിവാസി സ്ത്രീയായ നമ്മുടെ രാഷ്‌ട്രപതി ദുർബലയല്ല. ദ്രൗപതി മുർമു രാജ്യത്തിനും സമൂഹത്തിനും വേണ്ടി വ്യാപകമായി പ്രവർത്തിച്ചിട്ടുണ്ട്. കോൺഗ്രസുകാർ രാഷ്‌ട്രപതിയോട് മാപ്പ് പറയണമെന്നും റിജിജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക