Kerala

15 കാരന്‍ഫ്‌ലാറ്റില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സമഗ്ര അന്വേഷണത്തിന് നിര്‍ദേശം

സമാനതകളില്ലാത്ത റാഗിംഗിന് മിഹിര്‍ അഹമ്മദ് ഇരയായി എന്ന് കുടുംബം ആവര്‍ത്തിച്ചു

Published by

എറണാകുളം: തിരുവാണിയൂര്‍ ഗ്ലോബല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി മിഹിര്‍ അഹമ്മദ് ഫ്‌ലാറ്റില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സമഗ്ര അന്വേഷണത്തിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശം നല്‍കി.സ്ഥാപനത്തിനെതിരെ നടപടിയെടുക്കാന്‍ നിയമഭേദഗതി ആവശ്യമെങ്കില്‍ അക്കാര്യവും പരിഗണിക്കും.

സ്‌കൂളില്‍ വെച്ച് വിദ്യാര്‍ത്ഥി ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയമായ സംഭവം അതീവ ദുഃഖകരവും ഞെട്ടിക്കുന്നതുമാണെന്ന് മന്ത്രി പറഞ്ഞു. പൊലീസ് ഇക്കാര്യത്തില്‍ അടിയന്തര നിയമനടപടികള്‍ കൈക്കൊള്ളും.

ഓരോ സ്‌കൂളും സംസ്ഥാന സര്‍ക്കാരില്‍ നിന്ന് എതിര്‍പ്പില്ലാ സര്‍ട്ടിഫിക്കറ്റ് വാങ്ങി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. സംസ്ഥാനത്തെ ഏതെങ്കിലും സ്‌കൂളില്‍, അത് ഏത് സ്ട്രീമില്‍പ്പെട്ട സ്‌കൂള്‍ ആകട്ടെ, സമൂഹ നന്മയ്‌ക്ക് നിരക്കാത്ത പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ അത് കണ്ടെത്താനും തടയാനും സ്ഥാപനത്തിന് എതിരെ അടക്കം ശക്തമായ നടപടിയെടുക്കാനും നിയമഭേദഗതി ആവശ്യമെങ്കില്‍ അക്കാര്യം പരിഗണിക്കുമെന്നും വി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

അതേസമയം, സമാനതകളില്ലാത്ത റാഗിംഗിന് മിഹിര്‍ അഹമ്മദ് ഇരയായി എന്ന് കുടുംബം ആവര്‍ത്തിച്ചു. സ്‌കൂളില്‍ പരാതിപെട്ടപ്പോള്‍ ഗൗരവത്തില്‍ എടുത്തില്ലെന്നും മിഹ്‌റിന്റെ മാതൃസാഹോദരന്‍ മുഹമ്മദ് ഷരീഫ് പറഞ്ഞു.

ജനുവരി 15നാണ് മിഹിര്‍ അഹമ്മദ് എന്ന 15 വയസുകാരന്‍ ഫ്‌ലാറ്റില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. സ്‌കൂള്‍ വിട്ടുവന്ന ശേഷം താമസിക്കുന്ന തൃപ്പൂണിത്തുറ ചോയ്‌സ് ടവറിന്റെ 26ാം നിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. കുടുംബം നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by