ധാക്ക : ബംഗ്ലാദേശിൽ ഇസ്ലാമിക മതമൗലികവാദം വർധിച്ചുവരികയാണ്. ഇപ്പോഴിതാ വനിതാ ഫുട്ബോൾ മത്സരവും റദ്ദാക്കിയിരിക്കുകയാണ്. വടക്കുപടിഞ്ഞാറൻ നഗരമായ ജോയ്‌പൂർഹട്ടിൽ നടക്കാനിരുന്ന സൗഹൃദ മത്സരമാണ് ക്യാൻസൽ ചെയ്തത് . മാത്രമല്ല അതിനായി ഒരുക്കിയ വേദിയും സൗകര്യങ്ങളും നശിപ്പിച്ചതായും പ്രാദേശിക സംഘാടകർ പറഞ്ഞു.
പല മദ്രസകളിലെ അധ്യാപകരും മദ്രസകളിൽ പഠിക്കുന്ന ആൺകുട്ടികളും ഈ പ്രതിഷേധത്തിൽ പങ്കെടുത്തു. വനിതാ ഫുട്‌ബോൾ ഇസ്‌ലാമിന് എതിരാണെന്നും , മതത്തിന് വിരുദ്ധമായ എല്ലാ കാര്യങ്ങളും തടയേണ്ടത് മതപരമായ ഉത്തരവാദിത്തമാണെന്നും പറഞ്ഞാണ് മത്സരത്തിനായി ഒരുക്കിയ വേദി അടക്കം തകർത്തത്. മുമ്പ് ദിനാജ്പൂർ നഗരത്തിൽ സമാനമായ രീതിയിൽ മറ്റൊരു മത്സരം റദ്ദാക്കിയിരുന്നു.
ഈ മത്സരം നിർത്താൻ തീവ്ര ഇസ്ലാമിസ്റ്റുകൾ കയ്യിൽ ആയുധങ്ങളുമായി പ്രതിഷേധിക്കുകയായിരുന്നു. കളിക്കാരുടെ സുരക്ഷയ്‌ക്കായി അവരെ സ്ഥലം മാറ്റുക പോലും ചെയ്തു.
സംഭവത്തിൽ ബംഗ്ലാദേശ് ഫുട്ബോൾ ഫെഡറേഷനും പ്രതികരിച്ചു. മത്സരം നിർത്തിവെച്ചതിനെ അപലപിച്ച ഫെഡറേഷൻ, സ്‌പോർട്‌സിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് അവകാശമുണ്ടെന്നും വ്യക്തമാക്കി.
















