Kerala

ഭാസ്‌കര കാരണവര്‍ കൊലക്കേസ് പ്രതി ഷെറിന് ശിക്ഷായിളവ്, ഇളവ് ലഭിച്ചത് പ്രശ്‌നമുണ്ടാക്കിയതിനെ തുടര്‍ന്ന് പലവട്ടം ജയില്‍ മാറ്റിയ പ്രതിക്ക്

ഇരുപത് വര്‍ഷത്തിലേറെ ജയിലില്‍ കഴിയുന്നവര്‍ ഉളളപ്പോഴാണ് ഷെറിന് ശിക്ഷാ ഇളവ് ലഭിച്ചത്.

Published by

തിരുവനന്തപുരം: ചെങ്ങന്നൂര്‍ സ്വദേശിയും അമേരിക്കന്‍ മലയാളിയുമായ ഭാസ്‌കര കാരണവരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷെറിന് ശിക്ഷായിളവ്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഷെറിന്‍ ജയിലില്‍ 14 വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് ശിക്ഷാ ഇളവ് നല്‍കാന്‍ മന്ത്രി സഭാ യോഗം തീരുമാനിച്ചത്.

2009 നവംബര്‍ 8 നാണ് ഭാസ്‌കര കാരണവര്‍ കൊല്ലപ്പെട്ടത്. ഭാസ്‌കര കാരണവരുടെ മകന്റെ ഭാര്യയായിരുന്ന ഷെറിന്‍ കേസിലെ ഒന്നാം പ്രതിയാണ്.

മോഷണത്തിനിടയിലെ കൊലപാതകമെന്ന് ആദ്യം കരുതിയ കേസില്‍ പിന്നീടാണ് മരുമകളായ ഷെറിന്‍ പിടിയിലായത്. ഷെറിനും കാമുകനും ചേര്‍ന്നാണ് ഭാസ്‌കര കാരണവരെ കൊലപ്പെടുത്തിയത്. മാവേലിക്കര അതിവേഗ കോടതിയാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഈ ഉത്തരവ് ഹൈക്കോടതിയും ശരിവെച്ചതിനെ തുടര്‍ന്ന് ഷെറിന്‍ സുപ്രിംകോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.

ഷെറിന്റെ അവിഹിത ബന്ധം കണ്ടെത്തിയതാണ് ഭാസ്‌കര കാരണവരെ കൊലപ്പെടുത്താന്‍ കാരണം. കേസില്‍ ഷെറിന്‍ നല്‍കിയ മൊഴി തന്നെയാണ് വഴിതിരിവായത്.മരണാനന്തരച്ചടങ്ങുകള്‍ക്കുശേഷം നടത്തിയ ചോദ്യം ചെയ്യലില്‍ ഷെറിനില്‍ നിന്ന് ലഭിച്ച മൊഴിയാണ് വഴിത്തിരിവായത്.

വീടിന്റെ മുകള്‍നിലയില്‍ ഒരു സ്ലൈഡിംഗ് ജനാലയുണ്ടെന്നും അതുവഴി പുറത്തുനിന്നൊരാള്‍ക്ക് അകത്തേക്ക് കയറാമെന്നും ഷെറിന്‍ പറഞ്ഞത് പ്രകാരം നടത്തിയ പരിശോധനയില്‍ വീട്ടിലുളള ഒരാളുടെ സഹായമില്ലാതെ ആര്‍ക്കും അകത്ത് ഇതിലൂടെ കടക്കാന്‍ കഴിയില്ലെന്ന് വ്യക്തമായി.

ഷെറിന്റെ ഫോണ്‍ കോള്‍പട്ടിക എടുത്തപ്പോള്‍ ഒരു നമ്പരിലേക്കു 55 കോളുകള്‍ പോയതും കണ്ടെത്തി.രണ്ടാംപ്രതി ബാസിത് അലിയുടെ ഫോണിലേക്കായിരുന്നു ആ ഫോണ്‍ കോളുകള്‍ പോയത്.കൊല്ലപ്പെട്ട ഭാസ്‌കര കാരണവരുടെ കിടപ്പുമുറിയിലെ അലമാരയുടെ പിടിയില്‍ കാണപ്പെട്ട വലതു തള്ളവിരലിന്റെ പാട് ബാസിത് അലിയുടേതാണെന്നും പരിശോധനയില്‍ തെളിഞ്ഞു. ഷെറിനും ബാസിത് അലിയും ഒരുമിച്ച് ജീവിക്കാനുളള ഒരുക്കത്തിലായിരുന്നു.

ഷെറിനെ സ്വത്തില്‍നിന്ന് ഒഴിവാക്കിയതിലുള്ള പ്രതികാരമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു കേസ്. ഷാനുറഷീദ്, നിഥിന്‍ എന്നിവരായിരുന്നു കേസിലെ കൂട്ടുപ്രതികള്‍.

ഇരുപത് വര്‍ഷത്തിലേറെ ജയിലില്‍ കഴിയുന്നവര്‍ ഉളളപ്പോഴാണ് ഷെറിന് ശിക്ഷാ ഇളവ് ലഭിച്ചത്. മാത്രമല്ല ഷെറിന് നിരന്തരം പരോളും ലഭിച്ചിരുന്നു. ജയിലില്‍ പല തവണ പ്രശ്‌നമുണ്ടാക്കിയ ഷെറിനെ പല തവണ ജയില്‍ മാറ്റിയിരുന്നു. തിരുവനന്തപുരം അട്ടക്കുളങ്ങര, തൃശൂരില്‍ വിയ്യൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ തുടങ്ങിയ ഇടങ്ങളില്‍ ഷെറിനെ മാറ്റി പാര്‍പ്പിച്ചിരുന്നു. ഇപ്പോള്‍ കണ്ണൂര്‍ ജയില്‍ ഉപദേശക സമിതിയാണ് ശിക്ഷാ ഇളവ് നല്‍കിയത്.

ഷെറിന് ഭാസ്‌കര കാരണവരുടെ മകനില്‍ ഉളള കുട്ടിക്ക് ഇപ്പോള്‍ ഇരുപത് വയസുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by