തൃശൂർ: മാളയിൽ നടക്കുന്ന കാലിക്കറ്റ് ഡി സോൺ കലോത്സവത്തിൽ എസ്എഫ്ഐ-കെഎസ്യു പ്രവർത്തകർ തമ്മിൽ വൻ സംഘർഷം. നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ആക്രമണത്തിൽ പരിക്കേറ്റ കേരളവർമ്മ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ആഷിശിന്റെ നില ഗുരുതരമാണ്. സംഘർഷത്തെത്തുടർന്ന് കലോത്സവം നിർത്തിവച്ചു.
സ്കിറ്റ് മത്സരത്തെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിന് കാരണം. ഫലം പറയുന്നതിൽ ജഡ്ജ്സും മത്സരാർത്ഥികളും തമ്മിലുണ്ടായ വാക്കേറ്റം പിന്നീട് വിദ്യാർത്ഥി സംഘടനകൾ ഏറ്റെടുക്കുകയായിരുന്നു. കെഎസ്യു ജില്ലാ അദ്ധ്യക്ഷൻ ഗോകുൽ ഗുരുവായൂരിന്റെ നേതൃത്വത്തിലുള്ള സംഘം അതിക്രമമുണ്ടാക്കുകയായിരുന്നുവെന്നാണ് എസ്എഫ്ഐയുടെ ആരോപണം. എന്നാൽ എസ്എഫ്ഐ ആണ് ആക്രമണത്തിന് പിന്നിലെന്ന് കെഎസ്യു ആരോപിച്ചു.
പോലീസെത്തി ലാത്തി വീശിയതോടെയാണ് സംഘർഷത്തിന് അയവുണ്ടായത്. തുടർന്ന് കലോത്സവം നിർത്തിവയ്ക്കുകയായിരുന്നു. കെഎസ് യു ജില്ലാ അധ്യക്ഷൻ ഗോകുൽ അടക്കം പത്തോളം പേർ സഞ്ചരിച്ചിരുന്ന ആംബുലൻസിന് നേരെയും ആക്രമണം നടന്നു. ഡിവൈഎഫ്ഐ-എസ്എഫ്ഐ പ്രവർത്തകരാണ് ആംബുലൻസിന് നേരെ ആക്രമണം നടത്തിയതെന്നാണ് കെഎസ്യു ആരോപണം.
ജനുവരി 24നാണ് കലോത്സവം ആരംഭിച്ചത്. ഇന്നായിരുന്നു സമാപനം നടക്കേണ്ടിയിരുന്നത്. കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ചലച്ചിത്രതാരം സലിംകുമാർ ആണ് നിർവഹിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: