ന്യൂഡൽഹി : പഞ്ചാബിലെ അമൃത്സറിൽ ഡോ. ബി.ആർ. അംബേദ്കറുടെ പ്രതിമ വികൃതമാക്കിയതിനെ രൂക്ഷമായി വിമർശിച്ച് ഡൽഹി ബിജെപി പ്രസിഡന്റ് വീരേന്ദ്ര സച്ച്ദേവ. പഞ്ചാബ് സർക്കാർ ഈ പ്രവൃത്തിയിൽ പങ്കാളിയാണെന്ന് അദ്ദേഹം ആരോപിച്ചു, സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ ഇത്തരമൊരു ഹീനകൃത്യം നടക്കില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
“സർക്കാരിന്റെ അനുമതിയില്ലാതെ, അരവിന്ദ് കെജ്‌രിവാളിന്റെ അനുമതിയില്ലാതെ, ഇത്തരമൊരു ഹീനകൃത്യം നടക്കില്ല. അവർ ദലിതരെ, മുഴുവൻ ഇന്ത്യയെയും, അപമാനിച്ചു. ഭഗവന്ത് മാൻ രാജിവയ്‌ക്കണം, അവരെല്ലാം ഉടൻ മാപ്പ് പറയണം,”- അദ്ദേഹം പറഞ്ഞു.
അതേ സമയം സംഭവം പഞ്ചാബിന്റെ ക്രമസമാധാന നിലയെ തുറന്നുകാട്ടിയെന്ന് ബിജെപി ജനറൽ സെക്രട്ടറി തരുൺ ചുഗ് പറഞ്ഞു. “റിപ്പബ്ലിക് ദിനത്തിന്റെ പുണ്യദിനത്തിൽ, പഞ്ചാബിന്റെ എല്ലാ മുക്കിലും മൂലയിലും പോലീസിനെ വിന്യസിക്കുമ്പോൾ, അമൃത്സറിൽ നടന്ന നിർഭാഗ്യകരമായ സംഭവം ക്രമസമാധാന നിലയെ തുറന്നുകാട്ടുന്നു. ആം ആദ്മി പാർട്ടിയും ഭഗവന്ത് മാൻ സർക്കാരും എല്ലാ മേഖലകളിലും പൂർണ്ണമായും പരാജയപ്പെട്ടു,”- ചുഗ് പറഞ്ഞു.
ഡോ. ബി.ആർ. അംബേദ്കറുടെ പ്രതിമയെ അപമാനിച്ചതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച വൈകുന്നേരം 5 മണി വരെ ദലിത് സമൂഹം അമൃത്സർ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. അതേ സമയം സംഭവത്തിലെ പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും യഥാർത്ഥ ഗൂഢാലോചനക്കാരനെ പിടികൂടാൻ പോലീസ് അന്വേഷണം നടത്തുന്നുണ്ടെന്നും പഞ്ചാബ് മന്ത്രി ഹർഭജൻ സിംഗ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: