പാലക്കാട്: നെന്മാറയിൽ കൊലക്കേസ് പ്രതി ജാമ്യത്തിലിറങ്ങി അമ്മയേയും മകനേയും വെട്ടികൊന്നു. പോത്തുണ്ടി ബോയന്‍ കോളനിയില്‍ ഇന്ന് രാവിലെ 10 മണിക്കാണ് സംഭവം. അമ്മ മീനാക്ഷി, മകന്‍ സുധാകരന്‍ എന്നിവരാണ് വെട്ടേറ്റു മരിച്ചത്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പറയപ്പെടുന്നു. അയല്‍വാസിയായ ചെന്താമരയാണ് ആക്രമണം നടത്തിയത്.
ഒളിവിൽ പോയ പ്രതിക്കായി വനാതിർത്തിയിൽ ഉൾപ്പെടെ പോലീസ് തെരച്ചിൽ നടത്തുകയാണ്. സംഭവത്തിൽ പോലീസിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ഉയരുകയാണ്. പ്രതി ചെന്താമരയ്‌ക്കെതിരെ നേരത്തെ പോലീസിൽ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. പ്രതിയെ പിടികൂടിയില്ലെങ്കിൽ വീട്ടിൽ നിന്നും മൃതദേഹം വിട്ടുനൽകില്ലെന്ന് നാട്ടുകാർ പറയുന്നു.
ചെന്താമരക്കെതിരെ പരാതിപ്പെട്ടിട്ടും പോലീസ് ഗൗനിച്ചില്ലെന്നും മകൾ ആരോപിക്കുന്നു. കഴിഞ്ഞമാസം 29ന് തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി നെന്മാറ പോലീസിന് പരാതി നൽകിയിരുന്നതായി മകൾ അഖില പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പ്രതിയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച ശേഷം വിട്ടയച്ചു. പൊലീസിന്റെ അനാസ്ഥയാണ് അച്ഛന്റെയും അച്ഛമ്മയുടെയും ജീവനെടുത്തതെന്ന് അഖില പറഞ്ഞു.
മരിച്ച സുധാകരന്റെ ഭാര്യ സജിതയെ, പ്രതിയായ ചെന്താമര നേരത്തെ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. 2019 ല്‍ നടന്ന കേസില്‍ ചെന്താമര ജയിലിലായിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയപ്പോഴാണ് ഇപ്പോള്‍ സുധാകരനെയും അമ്മയെയും കൊലപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: