ധാക്ക: മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിന്റെ പ്രധാന ഉപദേഷ്ടാവ് ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിനെ ഭാവി തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കുമെന്ന് പ്രഖ്യാപിച്ചതോടെ ബംഗ്ലാദേശിലെ രാഷ്‌ട്രീയ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്ന് റിപ്പോർട്ട്. ബംഗ്ലാദേശ് അനുകൂല ഗ്രൂപ്പുകൾക്കിടയിൽ മാത്രമേ തെരഞ്ഞെടുപ്പ് നടക്കൂ എന്ന് വിവേചന വിരുദ്ധ പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവായ മഹ്ഫുസ് ആലം, ചന്ദ്പൂർ ജില്ലയിലെ ഒരു റാലിയിൽ പ്രഖ്യാപിച്ചിരുന്നു. ഇതാണ് ഇപ്പോൾ അവാമി ലീഗിനെ കുഴപ്പത്തിലാക്കുന്നത്.
കഴിഞ്ഞ വർഷം ഓഗസ്റ്റ് 5 ന് ഹസീനയുടെ സർക്കാരിനെ അട്ടിമറിക്കുകയും അവരെ നാടുകടത്തുകയും ചെയ്ത പ്രക്ഷോഭത്തിൽ പ്രധാന പങ്കുവഹിച്ച ആലം, ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി), ജമാഅത്ത്-ഇ-ഇസ്ലാമി, മറ്റ് “ബംഗ്ലാദേശ് അനുകൂല” ഗ്രൂപ്പുകൾ എന്നിവ മാത്രമേ രാജ്യത്ത് രാഷ്‌ട്രീയ പ്രവർത്തനങ്ങൾ തുടരുകയുള്ളൂവെന്ന് കൂട്ടിച്ചേർത്തു. ഇവയിൽ ഏതെങ്കിലും ഒന്ന് ന്യായമായ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ ഭാവി ഭരണം സ്ഥാപിക്കും. എന്നാൽ അവാമി ലീഗിന്റെ പുനരധിവാസം ഈ രാജ്യത്ത് അനുവദിക്കില്ലെന്നുമാണ് ആലം പരസ്യമായി പ്രഖ്യാപിച്ചത്.
യൂനുസിന്റെ ഇടക്കാല സർക്കാരിൽ മന്ത്രിയായി സേവനമനുഷ്ഠിച്ച ആലം നിരവധി പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കുകയും ഹസീന സർക്കാർ നശിപ്പിച്ചതായി ആരോപിക്കപ്പെടുന്ന സ്ഥാപനങ്ങൾ പുനർനിർമ്മിക്കുകയും ചെയ്യുന്നതുവരെ തിരഞ്ഞെടുപ്പ് നടക്കില്ലെന്നും ഊന്നിപ്പറഞ്ഞു. ഒരുകാലത്ത് പ്രബല ശക്തിയായിരുന്ന അവാമി ലീഗിനെ ബംഗ്ലാദേശിന്റെ രാഷ്‌ട്രീയ മേഖലയിൽ നിന്ന് ഒഴിവാക്കുന്നതിന് പ്രധാന ചുക്കാൻ പിടിക്കുന്നത് ആലം തന്നെയാണ്. യൂനുസിന്റെ ഇടക്കാല സർക്കാരിൽ ഒരു പ്രത്യേക സഹായിയായിരുന്ന ആലമിനെ പിന്നീട് ഇടക്കാല മന്ത്രിസഭയിൽ ഒരു ഉപദേശക റോളിലേക്ക് സ്ഥാനക്കയറ്റവും നൽകിയിട്ടുണ്ട്. കൂടാതെ അവാമി ലീഗിനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ആസൂത്രണം ചെയ്ത വിദ്യാർത്ഥി നേതൃത്വത്തിലുള്ള പ്രതിഷേധ പ്രസ്ഥാനത്തിന് പിന്നിലെ പ്രധാന തലച്ചോറ് ആയി മഹ്ഫുസ് ആലമിനെ ഏവരും വിലയിരുത്തിയിരുന്നു.
അതേ സമയം 2024 ഓഗസ്റ്റ് 5 ലെ സംഭവങ്ങളെത്തുടർന്ന് അവാമി ലീഗ് ബംഗ്ലാദേശിന്റെ രാഷ്‌ട്രീയ രംഗത്ത് നിന്ന് മിക്കവാറും അപ്രത്യക്ഷമായിക്കഴിഞ്ഞു. കൊലപാതകം, അഴിമതി തുടങ്ങിയ കുറ്റങ്ങൾക്ക് അതിന്റെ പല നേതാക്കളും ജയിൽവാസം അനുഭവിക്കുകയാണ്. ബാക്കിയുള്ളവർ ജീവഭയത്താൽ പൊതുരംഗം അവസാനിപ്പിക്കുകയും ചെയ്തു.
എന്നിരുന്നാലും പാർട്ടിയെ നിരോധിക്കുന്നതിനെ എതിർത്തു ബിഎൻപി രംഗത്ത് എത്തിയിട്ടുണ്ട് . പരിഷ്കാരങ്ങൾക്ക് ശേഷം ഉടനടി തിരഞ്ഞെടുപ്പുകൾ നടത്തണമെന്ന് അവർ ആവശ്യപ്പെട്ടു. പരിഷ്കാരങ്ങൾ നീട്ടുന്നതിനെതിരെ ബിഎൻപി സെക്രട്ടറി ജനറൽ മിർസ ഫഖ്രുൽ ഇസ്ലാം ആലംഗീർ ഇടക്കാല സർക്കാരിന് മുന്നറിയിപ്പ് നൽകി. തിരഞ്ഞെടുക്കപ്പെടാത്ത ഒരു സർക്കാർ കൂടുതൽ കാലം തുടരരുത്” എന്ന് അദ്ദേഹം ആവർത്തിച്ച് പറഞ്ഞു. അതേ സമയം അടുത്ത പൊതുതെരഞ്ഞെടുപ്പ് 2025 അവസാനമോ 2026 ആദ്യമോ നടത്താമെന്ന് കഴിഞ്ഞ മാസം മുഹമ്മദ് യൂനുസ് പ്രസ്താവിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: