ന്യൂഡൽഹി : ഇന്ത്യയിൽ ഏറെ പ്രചാരണത്തിലുള്ള ഹെയർ ഓയിലാണ് പാരച്യൂട്ട് വെളിച്ചെണ്ണ. 25 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മൾട്ടി നാഷണൽ കമ്പനിയായ മാരികോ കമ്പനിയുടെ ബ്രാൻഡാണ് പാരച്യൂട്ട്. 1992 മുതൽ മാരികോ പാരച്യൂട്ട് വെളിച്ചെണ്ണ പുറത്തിറക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ പാരച്യൂട്ട് വെളിച്ചെണ്ണയുമായി ബന്ധപ്പെട്ടാണ് പുതിയ പ്രചാരണം.പാരച്യൂട്ടിന്റെ വെളിച്ചെണ്ണ ഹലാൽ സർട്ടിഫൈഡ് ആണെന്നാണ് പ്രചാരണം.
പാരച്യൂട്ട് വെളിച്ചെണ്ണയുടെ ഹലാൽ സെർട്ടിഫൈഡ് എന്ന ലേബൽ പതിപ്പിച്ച 100 മില്ലി ലിറ്റർ കുപ്പിയുടെ ചിത്രം ചേർത്താണ് പ്രചാരണം. എന്നാൽ പാരച്ച്യൂട്ട് കമ്പനി വെളിച്ചണ്ണ കുപ്പികളിൽ ഹലാൽ ലേബൽ പതിപ്പിക്കുന്നില്ല. സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത ലേബൽ അടങ്ങിയ ചിത്രമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
ഇസ്‌ലാം മതവിശ്വാസികൾക്ക് മത നിബന്ധന പ്രകാരം അനുവദിനീയമായത് എന്നാണ് ഹലാൽ എന്ന വാക്കിനർഥം. ഭക്ഷ്യവസ്തുക്കൾ, ജീവിതരീതി, പണമിടപാട് തുടങ്ങിയവയിൽ മതം നിഷ്കർഷിക്കുന്നതാണ് ഹലാൽ. മതം നിഷിദ്ധമാക്കുന്നതിന് ഹറാം എന്നും പറയുന്നു.
പ്രചാരണത്തിലുള്ള നീല നിറത്തിലുള്ള കുപ്പിയിൽ ലോഗോ, 100 ശതമാനം പരിശുദ്ധ വെളിച്ചെണ്ണ എന്ന ടാഗ്‍ലൈൻ എന്നിവയാണ് മുൻവശത്ത്. വലതുവശത്തായി വെജിറ്റേറിയൻ ലേബൽ നൽകിയിട്ടുണ്ട്. പിൻവശത്ത് ചേരുവകളും കമ്പനി വിവരങ്ങൾ ഉൾപ്പടെ മറ്റു വിവരങ്ങളും ചേർത്തിട്ടുണ്ട്. ഇതിൽ എവിടെയും ഹലാൽ സർട്ടിഫിക്കേഷൻ കണ്ടെത്താനായില്ല.
മാത്രമല്ല തേങ്ങയിൽ നിന്ന് എടുക്കുന്ന വെളിച്ചെണ്ണ പോലുള്ള ഉത്പന്നങ്ങൾക്ക് ഇസ്‌ലാം മതം നിഷിദ്ധമാക്കുന്ന ഘടകങ്ങൾ ഇല്ലാത്തതിനാൽ ഹലാൽ എന്ന സാക്ഷ്യപ്പെടുത്തൽ ആവശ്യമില്ലെന്നാണ് മതപണ്ഡിതന്മാർ പറയുന്നത്.വെളിച്ചെണ്ണ പോലുള്ള ഉത്പന്നങ്ങൾക്ക് ഹലാൽ ലേബലിങ് നിർബന്ധമല്ലെന്നും പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണെന്നും കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: