കല്‍പ്പറ്റ: വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം. വിജയനും മകനും ആത്മഹത്യ ചെയ്ത കേസിലെ ഒന്നാം പ്രതി ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ അറസ്റ്റില്‍. കോടതി ഉത്തരവുള്ളതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയശേഷം എംഎല്‍എയെ ജാമ്യത്തില്‍ വിട്ടയച്ചു.
കഴിഞ്ഞ രണ്ട് ദിവസം ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ എംഎല്‍എയെ ചോദ്യം ചെയ്തിരുന്നു. മൂന്ന് ദിവസം കസ്‌റ്റഡിയിൽ ചോദ്യം ചെയ്യാനായിരുന്നു കോടതി ഉത്തരവ്. വ്യാഴാഴ്‌ച എംഎൽഎയെ ആറ് മണിക്കൂറോളം ചോദ്യം ചെയ്‌തു. ഇന്നലെ രാവിലെ പത്തോടെ കൽപ്പറ്റ പുത്തൂർവയലിലെ പോലീസ് ക്യാമ്പിലെത്തിയ ബാലകൃഷ്‌ണനെ കസ്‌റ്റഡയിൽ എടുത്ത് പകൽ ഒന്നുവരെ ചോദ്യം ചെയ്‌തിരുന്നു. എംഎല്‍എയുടെ വീട്ടിലും കഴിഞ്ഞ ദിവസം പോലീസ് റെയ്ഡ് നടത്തിയിരുന്നു.
കേസില്‍ ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍, മുന്‍ ട്രഷറര്‍ കെ.കെ. ഗോപിനാഥന്‍ എന്നിവരെ ബുധനാഴ്ച അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. രണ്ടുദിവസത്തെ ചോദ്യംചെയ്യലിനു ശേഷമാണ് ഇവരെയും അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തത്. എൻ.എം വിജയന്റെ മകനെ ബത്തേരി അർബൻ ബാങ്കിലെ പാർട് ടൈം സ്വീപ്പർ തസ്‌തികയിൽനിന്ന് പിരിച്ചുവിട്ട് മറ്റൊരാളെ നിയമിച്ചതിലെ പങ്ക് കഴിഞ്ഞദിവസത്തെ ചോദ്യം ചെയ്യലിൽ എംഎൽഎ സമ്മതിച്ചിട്ടുണ്ട്. ഇതിന് എംഎൽഎ പണം വാങ്ങിയെന്ന് വിജയന്റെ ആത്മഹത്യാക്കുറിപ്പിൽ ഉണ്ടായിരുന്നു.
കടബാധ്യതയുമായി ബന്ധപ്പെട്ട് ഡിസിസി പ്രസിഡന്റും ഐ സി ബാലകൃഷ്‌ണൻ എംഎൽഎയുമായി വിജയൻ നടത്തിയ ഫോൺ സംഭാഷണങ്ങൾ അന്വേഷകസംഘത്തിന് ലഭിച്ചിരുന്നു. ഇത് സംബന്ധിച്ച ചോദ്യങ്ങൾക്ക് എംഎൽഎ ഉത്തരം നൽകിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: