ക്ഷേത്രോത്സവങ്ങളിലെ ആനയെഴുന്നള്ളിപ്പിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ കേരള ഹൈക്കോടതി വിധിയുടെ സ്റ്റേ തുടരുമെന്ന സുപ്രീം കോടതി ഉത്തരവ് സ്വാഗതാര്‍ഹവും സമയോചിതവുമാണ്. ഹൈക്കോടതി വിധിക്കെതിരായ സ്റ്റേ നീക്കണമെന്ന മൃഗസ്‌നേഹി സംഘടനയുടെ ഹര്‍ജി ഉടന്‍ കേള്‍ക്കണമെന്ന ആവശ്യവും ജസ്റ്റിസ് ബി.വി. നാഗരത്‌ന അധ്യക്ഷനായ ബെഞ്ച് നിരാകരിക്കുകയായിരുന്നു. ഹര്‍ജിക്കാരന് എന്തുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചുകൂടാ എന്നു ചോദിച്ചാണ് സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവ്. ക്ഷേത്രോത്സവങ്ങളിലെ ആനയെഴുന്നള്ളിപ്പിന് മാര്‍ഗനിര്‍ദേശങ്ങളും നിയന്ത്രണങ്ങളും നിര്‍ദ്ദേശിച്ച ഹൈക്കോടതി ഉത്തരവ് അപ്രായോഗികമാണെന്ന് വിമര്‍ശിച്ചാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ടുള്ള തിരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങളുടെ ഹര്‍ജി പരിഗണിക്കുന്നതിനൊപ്പം തങ്ങളെക്കൂടി കേള്‍ക്കണമെന്ന മൃഗസ്‌നേഹി സംഘടനയുടെ ആവശ്യവും സുപ്രീംകോടതി അംഗീകരിച്ചില്ല. കോടതി ലിസ്റ്റ് ചെയ്യുന്ന മുറയ്‌ക്കേ കേസ് പരിഗണിക്കൂവെന്നും, മറ്റു വിഷയങ്ങള്‍ ഹൈക്കോടതിയാണ് പരിഗണിക്കേണ്ടതെന്നും സുപ്രീംകോടതി പറഞ്ഞത് ആന എഴുന്നള്ളിപ്പ് അടിയന്തരമായി തടയണമെന്നു വാശിപിടിക്കുന്നവര്‍ക്ക് തിരിച്ചടിയാണ്. ആന എഴുന്നള്ളിപ്പിന് നിയന്ത്രണ മേര്‍പ്പെടുത്തിയ ഹൈക്കോടതി വിധി എങ്ങനെയെങ്കിലും പുന:സ്ഥാപിക്കണം എന്ന ചിലരുടെ താല്‍പര്യമാണ് തല്‍ക്കാലത്തേക്കെങ്കിലും നടപ്പാവാതെ പോയിരിക്കുന്നത്.
കേരളത്തിലെ ക്ഷേത്രോത്സവങ്ങള്‍ തടസ്സപ്പെടുത്താന്‍ സംഘടിത ശ്രമം നടക്കുന്നതായി തിരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങള്‍ക്കായി സുപ്രീംകോടതിയില്‍ ഹാജരായ അഡ്വ. എം. ആര്‍. അഭിലാഷ് വാദിച്ചു. ശിവരാത്രി ഉത്സവങ്ങള്‍ നടക്കാനിരിക്കെ കേരളത്തിലെ ക്ഷേത്രോത്സവങ്ങള്‍ തടസ്സപ്പെടുത്തുകയെന്നതാണ് മൃഗസ്‌നേഹി സംഘടനയുടെ ഹര്‍ജി ലക്ഷ്യമിടുന്നതെന്നും രണ്ട് ദേവസ്വങ്ങളുടെയും അഭിഭാഷകന്‍ കോടതിയെ ധരിപ്പിച്ചു. കോടതി ഇത് അംഗീകരിക്കുകയായിരുന്നു. മൃഗങ്ങളുടെ അവകാശങ്ങളുടെ പേരില്‍ ആചാരങ്ങള്‍ നിയന്ത്രിക്കുന്നതിനേയും ഇക്കഴിഞ്ഞ ഡിസംബറില്‍ നിശിതമായി വിമര്‍ശിച്ചാണ് സുപ്രീംകോടതി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തത്. കേരളത്തിലെ ക്ഷേത്രങ്ങളിലെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് നിലവിലെ നിയമങ്ങള്‍ക്ക് വിരുദ്ധമായാണ് ഹൈക്കോടതി ഉത്തരവെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത് പ്രസക്തമാണ്. നാട്ടാന പരിപാലന ചട്ടത്തില്‍ വ്യവസ്ഥ ചെയ്യാത്ത ഹൈക്കോടതി നിയന്ത്രണങ്ങളെയും സുപ്രീംകോടതി വിമര്‍ശിക്കുകയുണ്ടായി. ഇതിന്റെ തുടര്‍ച്ചയാണ് ഫലത്തില്‍ എഴുന്നള്ളിപ്പുതന്നെ വിലക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിക്ക് എതിരായ സുപ്രീംകോടതിയുടെ ഇപ്പോഴത്തെ ഉത്തരവ്. ഇത് ക്ഷേത്രം നടത്തിപ്പുകാര്‍ക്കും ഭക്തജനങ്ങള്‍ക്കും വലിയ ആശ്വാസം പകരുന്നതാണ്. പരമോന്നത നീതിപീഠത്തിന്റെ തീരുമാനം ഭക്തര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ല. സമൂഹത്തിലെ സ്വാധീന ശക്തികള്‍ നിയമവ്യവസ്ഥകള്‍ ദുരുപയോഗം ചെയ്ത് ക്ഷേത്ര വിശ്വാസികളെയും സംസ്‌കാര പ്രേമികളെയും കുരുക്കിലാക്കുന്നത് അംഗീകരിക്കാനാവില്ല.
ക്ഷേത്രോത്സവങ്ങളുമായി ബന്ധപ്പെട്ട ആന എഴുന്നള്ളിപ്പില്‍ കാലോചിതമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നതിനെ ആരും എതിര്‍ക്കുമെന്ന് തോന്നുന്നില്ല. ഉത്സവം നടത്തിപ്പുതന്നെ അവതാളത്തിലാക്കുന്ന രീതിയില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനെയാണ് എതിര്‍ക്കുന്നത്. തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ എഴുന്നള്ളിപ്പിന് ആനകളെ അണിനിരത്തിയത് നിയന്ത്രണങ്ങളുടെ ലംഘനമാണെന്ന് പറഞ്ഞ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായ നടപടികള്‍ ഭക്തരെ വിഷമത്തിലാക്കുകയുണ്ടായി. മഴ കാരണമാണ് ഇങ്ങനെ വേണ്ടി വന്നതെന്ന വിശദീകരണം കോടതി സ്വീകരിച്ചില്ല. തൃശ്ശൂര്‍പൂരം കേരളത്തിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഉത്സവമാണ്. ആനയെഴുന്നള്ളിപ്പിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ ലോകപ്രസിദ്ധമായ കുടമാറ്റം പോലും നടത്താന്‍ കഴിയാതെ വരും. മൃഗസ്‌നേഹത്തിന്റെ പേരില്‍ ആചാര ങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതിനെ അംഗീകരിക്കാനാവില്ലെന്ന് സു സുപ്രീംകോടതി പറയുന്നത് കണക്കിലെടുക്കേണ്ടതുണ്ട്. തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ടിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്നീട് നീക്കുകയുണ്ടായല്ലോ. ക്ഷേത്രാചാരത്തിന്റെ ഭാഗമായ ആനയെ ഴുന്നള്ളിപ്പ് തടയാനുള്ള ശ്രമം കേവലം മൃഗസ്‌നേഹത്തിന്റെ ഭാഗമാണെന്ന് കരുതാനാവില്ല. മൃഗസ്‌നേഹം ഒരു മറയാണ്. വിദേശ ഫണ്ടുകള്‍ കൈപ്പറ്റുന്ന ചില സന്നദ്ധ സംഘടനകള്‍ ഇതിനുപിന്നില്‍ സ്ഥാപിത താല്പര്യത്തോടെ പ്രവര്‍ത്തിക്കുന്നതായി വേണം മനസ്സിലാക്കാന്‍. ഇക്കൂട്ടരുടെ ലക്ഷ്യം മൃഗസംരക്ഷണമല്ല, ഭാരതീയവും ഹൈന്ദവവുമായ സംസ്‌കാരത്തിന്റെ സജീവത ഇല്ലാതാക്കുകയാണ്. നിഷ്‌കളങ്കരായ ചില വ്യക്തികളെ മുന്നില്‍ നിര്‍ത്തി വൈദേശികമായ അജണ്ട നടപ്പിലാക്കുന്ന ഇക്കൂട്ടരെ തുറന്നുകാണിക്കേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: