കോട്ടയം: സ്‌കൂളുകളില്‍ കൗണ്‍സലിങ്ങിനുള്ള സൗകര്യങ്ങള്‍ ഉറപ്പുവരുത്തണമെന്ന് ബാലാവകാശ കമ്മിഷന്‍. കൗണ്‍സലര്‍മാരില്ലാത്ത സ്‌കൂളുകള്‍ ജില്ലാ ഗവേഷണ കേന്ദ്രവുമായി ബന്ധപ്പെട്ടോ ജില്ലാ ആശുപത്രികളുമായി ബന്ധപ്പെട്ടോ സേവനം ഉറപ്പുവരുത്തണം. കൗണ്‍സലിങ്ങിന് വിധേയരായ കുട്ടികളോട് കൗണ്‍സലര്‍ എന്തൊക്കെയാണ് ചോദിച്ചതെന്നതടക്കമുള്ള കാര്യങ്ങള്‍ അധ്യാപകര്‍ ആരായുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു.
പതിനെട്ടു വയസിനു താഴെ പ്രായമുള്ള ഒരു കുട്ടിപോലും പഠനം നിര്‍ത്തി മറ്റു ജോലിക്കു പോകുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ബാലനീതി, വിദ്യാഭ്യാസത്തിനുള്ള അവകാശം,പോക്‌സോ എന്നീ നിയമങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ജില്ലയിലെ കര്‍ത്തവ്യവാഹകരുടെ അവലോകനയോഗത്തിലാണ് കമ്മീഷന്‍ അംഗങ്ങളായ അംഗങ്ങളായ ഡോ.എഫ്. വില്‍സണ്‍, അഡ്വ. ജലജാ ചന്ദ്രന്‍ എന്നിവര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
സ്‌കൂള്‍ വാഹനങ്ങളിലെ ജീവനക്കാര്‍ കുട്ടികളോട് മാന്യമായാണോ പെരുമാറുന്നതെന്നും പരിശോധിക്കണം.
ബാലസൗഹൃദമല്ലാത്ത പ്രീ പ്രൈമറി സ്‌കൂളുകള്‍ കണ്ടെത്തി ആവശ്യമായ നടപടികളെടുക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പിനോടാവശ്യപ്പെട്ടു. അധ്യാപകര്‍ തമ്മിലുള്ള പ്രശ്‌നങ്ങളുടെ പേരില്‍ കുട്ടികളെവെച്ച് വിലപേശുന്ന പ്രവണത കൂടിവരുന്നതായി കമ്മിഷന്‍ കുറ്റപ്പെടുത്തി. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ഇടപെട്ട് തടയണം. ഉന്നതാധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: