ന്യൂദെൽഹി:ദെൽഹി കലാപ കേസിലെ പ്രതിയും എ ഐ എംഐഎം സ്ഥാനാർത്ഥിയുമായ താഹിർ ഹുസൈൻ സമർപ്പിച്ച ഇടക്കാല ജാമ്യ അപേക്ഷ സുപ്രീംകോടതിയുടെ മൂന്നംഗ ബഞ്ച് പരിഗണിക്കും. ഇടക്കാല ജാമ്യ അപേക്ഷ തള്ളിയ ദെൽഹി ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതി രണ്ടംഗ ബെഞ്ചിൽ ഭിന്ന വിധി ഉണ്ടായതിനെ തുടർന്നാണ് ചീഫ് ജസ്റ്റിസിന് ഹർജി റഫർ ചെയ്തത്. വിഷയം മൂന്നംഗ ബെഞ്ചാവും ഇനി പരിഗണിക്കുക. അതുവരെ താഹിർ ഹുസൈൻ ജയിലിൽ തന്നെ തുടരും.
രാഷ്ട്രീയത്തിലെ ക്രിമിനൽക്കരണം അവസാനിപ്പിക്കണമെന്നും നല്ല പ്രതിച്ഛായയും മുൻകാല അനുഭവങ്ങളുമുള്ള സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കാൻ ജനങ്ങൾക്ക് അവസരം നൽകണമെന്നും താഹിർ ഹുസൈന്റെ ഇടക്കാല ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ജസ്റ്റിസ് പങ്കജ് മിത്തൽ പറഞ്ഞു. എന്നാൽ ജസ്റ്റിസ് മിത്തലിന്റെ അഭിപ്രായത്തോട് വിയോജിച്ച് ഭിന്ന വിധി പുറപ്പെടുവിച്ച ജസ്റ്റിസ് അമാനുള്ള ഇടക്കാല ജാമ്യം അനുവദിക്കാമെന്ന് വ്യക്തമാക്കി. താഹിർ ഹുസൈന് എതിരായി ആരോപിക്കപ്പെട്ട കുറ്റകൃത്യത്തിന് വ്യാപ്തിയും ഗൗരവവും ജാമ്യം നിഷേധിക്കാനുള്ള അടിസ്ഥാനം അല്ലെന്ന് ചൂണ്ടിക്കാട്ടി ഭരണഘടനയുടെ ആർട്ടിക്കിൾ 14 21 പ്രകാരമുള്ള ഹർജിക്കാരന്റെ അവകാശങ്ങൾ അവഗണിക്കാൻ കഴിയില്ലെന്നും ഇന്നുവരെ ഒരു കോടതിയും ഹർജിക്കാരനെ ശിക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം വിധിയിൽ പറഞ്ഞു. എന്നാൽ ഹർജിക്കാരന് എതിരെയുള്ള ആരോപണങ്ങൾ ദെൽഹി കലാപവുമായി ബന്ധപ്പെട്ട 11 കേസുകൾ മാത്രമല്ലന്നും ആഭ്യന്തരമന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ടത് കൂടിയാണെന്നും ജസ്റ്റിസ് പങ്കജ് മിത്തൽ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഹുസൈൻ ജാമ്യത്തിലിറങ്ങി സാക്ഷികളെ സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്താൽ അത് വിചാരണയെ ബാധിക്കും. ജയിലിൽ കിടന്നുകൊണ്ട് മുൻകാലങ്ങളിൽ ധാരാളം ആളുകൾ തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്. അവർ പ്രചരണത്തിനായി പുറത്തിറങ്ങാതെ തന്നെ വിജയിച്ചിട്ടുണ്ടെന്നും ജസ്റ്റിസ് പങ്കജ് മിത്തൽചൂണ്ടിക്കാട്ടി. കസ്റ്റഡിയിൽ കഴിഞ്ഞ കാലയളവും മറ്റു കേസുകളിലെ ജാമ്യവും കണക്കിലെടുക്കുമ്പോൾ ഉചിതമായ വ്യവസ്ഥകൾ നൽകി ഹർജിക്കാരന് പരിമിതമായ കാലയളവിലേക്ക് ഇടക്കാല ജാമ്യം അനുവദിക്കാമെന്ന് താൻ കരുതുന്നതായി അമാനുള്ളയും വ്യക്തമാക്കി. ഇത്തരത്തിൽ ഹർജിയിൽ ഭിന്നവിധി ഉണ്ടായതിനെ തുടർന്ന് ഹർജി ചീഫ് ജസ്റ്റിസിന് റഫർ ചെയ്യുകയായിരുന്നു. മുസ്തഫാബാദ് മണ്ഡലത്തിൽ മത്സരിക്കുന്ന താഹിർ ഹുസൈന് നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ ജനുവരി 14ന് ദെൽഹി ഹൈക്കോടതി കസ്റ്റഡി പരോള് അനുവദിച്ചിരുന്നു. എന്നാൽ 14 മുതൽ ഫെബ്രുവരി 9 വരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ഹുസൈന്റെ അപേക്ഷ ഹൈക്കോടതി നിരസിക്കുകയായിരുന്നു. തുടർന്നാണ് ഹുസൈൻ സുപ്രീംകോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: