ന്യൂദെൽഹി:26 വർഷത്തെ ഇടവേളയ്ക്ക് ശേഷം ദെൽഹി സംസ്ഥാനത്ത് അധികാരം പിടിച്ചെടുക്കാൻ മൈക്രോ മാനേജ്മെന്റ് തലത്തിലുള്ള തിരഞ്ഞെടുപ്പ് തന്ത്രങ്ങളുമായി ബിജെപി. ഓരോ മണ്ഡലത്തിലെയും എല്ലാ ബൂത്തുകളിലും 50 ശതമാനത്തിലധികം വോട്ടുകൾ പാർട്ടി സ്ഥാനാർഥികൾക്ക് ഉറപ്പാക്കാനുള്ള പദ്ധതികളാണ് ബിജെപി നടപ്പിലാക്കുന്നത്. എല്ലാ മണ്ഡലങ്ങളിലും ഇതുവഴി ഇരുപതിനായിരത്തോളം വോട്ട് വർദ്ധന ലക്ഷ്യമിട്ട് പാർട്ടി മുന്നോട്ടു പോകുന്നു. ബൂത്ത് തലത്തിൽ വോട്ടർമാരെ ബിജെപി പക്ഷത്തേക്ക് കൊണ്ടുവരാൻ കഴിയുന്ന വ്യക്തികളുടെ ഗ്രൂപ്പുകൾ ഉണ്ടാക്കി ശക്തമായ തിരഞ്ഞെടുപ്പ് പ്രവർത്തനമാണ് പാർട്ടി നടത്തുന്നത്.
ഇനിയുള്ള ദിവസങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മാത്രമല്ല അമിത് ഷായും ജെപി നദ്ദയും ഡസൻ കണക്കിന് കേന്ദ്ര മന്ത്രിമാരും പാർട്ടി ദേശീയ ഭാരവാഹികളും പാർട്ടിയുടെ ഏഴിലധികം സംസ്ഥാന മുഖ്യമന്ത്രിമാരും ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ദെൽഹിയിലെ 70 മണ്ഡലങ്ങളിലും പ്രചരണത്തിനായെത്തും. കോവിഡ് 19 പാൻഡമിക് കാലത്തടക്കം ദെൽഹിയിൽ നിന്ന് വിട്ടുപോയ ഇവിടെ വോട്ടുള്ള ആളുകളെ തിരികെ എത്തിക്കാൻ ആസൂത്രിതമായ പദ്ധതികളും പാർട്ടി നടപ്പിലാക്കിയിട്ടുണ്ട്. ദേശീയ തലസ്ഥാനത്ത് തൊഴിൽ തേടിയെത്തിയവരും സർക്കാർ സർവീസിലുള്ളവരും ഉൾപ്പെടെ വോട്ടർമാരായ ആളുകളെ സ്വാധീനിക്കാൻ വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖ നേതാക്കളെയും പ്രചാരണത്തിനായി ദെൽഹിയിൽ എത്തിക്കുന്നു. ഉത്തർപ്രദേശ്, ബീഹാർ, ജാർഖണ്ഡ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ള വോട്ടർമാരെ സ്വാധീനിക്കാൻ പ്രുഖ നേതാക്കളുടെ ഒരു കോർ കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ട്. അതുപോലെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് വോട്ടർമാരെ പാർട്ടിയോടൊപ്പം ചേർക്കാൻ വേണ്ടി ബിജെപിയുടെയും ടിഡിപി ഉൾപ്പെടെയുള്ള സഖ്യകക്ഷികളുടെയും നേതാക്കളെയും രംഗത്തിറക്കിയിട്ടുണ്ട്. കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾക്ക് രണ്ട് അസംബ്ലി മണ്ഡലങ്ങളുടെ ചുമതലകൾ നൽകി പ്രവർത്തനം ഏകോപിപ്പിക്കുന്നു. ഇതിനായുള്ള കോർ ഗ്രൂപ്പുകൾ ദിവസവും യോഗം ചേരും. അതുപോലെ ദെൽഹിയിലെ വിവിധ പ്രദേശങ്ങളിലായി പ്രത്യേക ക്ലസ്റ്ററുകൾ ഉണ്ടാക്കി അതിനും പ്രമുഖ നേതാക്കളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നഗരത്തിലെ ചേരികൾ, അനധികൃത കോളനികൾ, വഴിയോര കച്ചവടക്കാർ തുടങ്ങിയ ക്ലസ്റ്ററുകളുടെ ചുമതലയാണ് പ്രമുഖ നേതാക്കൾക്ക് നൽകിയത്. ഇതിനെല്ലാം ഉപരിയായി ആർഎസ്എസ് കേഡർമാരുടെ സഹായവും ബിജെപിക്ക് ലഭിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: