Article

ദാവോസിൽ നിന്നും കേരളം പഠിക്കേണ്ടത്…

Published by

ദാവോസിൽ വേൾഡ് എക്കണോമിക് ഫോറം ആയിരുന്നുവല്ലോ.

അമേരിക്കൻ പ്രസിഡന്റ് മുതൽ ലോകത്തെ അനവധി ലോക നേതാക്കൾ, ബിസിനസ്സ് സാമ്രാജ്യത്തിന്റെ അധിപന്മാർ എല്ലാം എത്തിച്ചേരുന്ന ലോകത്തെ ഏറ്റവും പ്രശസ്തമായ മീറ്റിംഗുകളിൽ ഒന്നാണ് WEF.

നൂറ്റി മുപ്പത് രാജ്യങ്ങളിൽ നിന്നായി അമ്പത് രാഷ്‌ട്രത്തലവന്മാർ ഉൾപ്പടെ മൂവായിരം പ്രതിനിധികളാണ് സമ്മേളനത്തിന് ഉണ്ടായിരുന്നത്.  ഈ വർഷം ട്രംപ് പ്രസിഡന്റ് ആയ അന്ന് തന്നെയാണ് ഫോറം തുടങ്ങിയത് എന്നതിനാൽ അദ്ദേഹം ഓൺലൈൻ ആയിട്ടാണ് പങ്കെടുത്തത്. കേരളത്തിൽ നിന്നും വ്യവസായമന്ത്രി  പി. രാജീവിന്റെ നേതൃത്വത്തിൽ ഒരു പ്രതിനിധി സംഘം ഉണ്ടായിരുന്നു.

പതിവ് പോലെ ‘പത്തുകോടിയുടെ ധൂർത്ത്’, ‘മഹാരാഷ്‌ട്രക്ക് ലക്ഷം കോടികളുടെ നിക്ഷേപം ലഭിച്ചപ്പോൾ കേരളത്തിന് ഒന്നും കിട്ടിയില്ല’ തുടങ്ങിയ നെഗറ്റീവ് വർത്തകൾക്കപ്പുറം ദാവോസ് മീറ്റിംഗിനെ പറ്റി വിശദമായ ഒരു റിപ്പോർട്ടും കണ്ടില്ല.

ജനീവയിൽ അനവധി വർഷം ജീവിച്ചതിനാൽ വേൾഡ് എകണോമിക്ക് ഫോറവുമായി ഔദ്യോഗികമായി ഇടപെടാൻ അനവധി അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. ആ സാഹചര്യത്തിൽ WEF, ദാവോസ് മീറ്റിംഗ്, അതിന്റെ സാദ്ധ്യതകൾ, കേരളം എന്ത് ചെയ്യണം എന്നതിനെയെല്ലാം കുറിച്ച് ഏന്റെ അറിവും ചിന്തകളും പങ്കുവെക്കാം.

1. World Economic Forum എന്നത് വർഷാവർഷം ദാവോസിൽ നടക്കുന്ന ഒരു മീറ്റിങ്ങ് മാത്രമല്ല, ഒരു പ്രസ്ഥാനമാണ്.

2. 1971 ൽ ഡോക്ടർ ക്ലൗസ് ഷ്വാബ് ആണ് ഈ പ്രസ്ഥാനം സ്ഥാപിച്ചത്. ഇതിന്റെ ആസ്ഥാനം ജനീവയിൽ ആണ്.

3. അനവധി കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ കേന്ദ്രമായ  ജനീവയിലെ ഏറ്റവും ഡയനാമിക്ക് ആയ സ്ഥാപനങ്ങളിൽ ഒന്നാണ്  WEF. നൂറു കണക്കിനാളുകൾ ഇവിടെ ജോലി ചെയ്യുന്നുണ്ട്.

4. ജനീവയിൽ കൂടാതെ ന്യൂ യോർക്ക്, സാൻഫ്രാൻസിസ്കോ, ബെയ്‌ജിങ്‌, ടോക്കിയോ എന്നിവിടങ്ങളിൽ ഇവർക്ക് ബ്രാഞ്ചുകൾ ഉണ്ട്.

5. എല്ലാ വർഷവും ജനുവരിയിൽ ദാവോസിൽ നടക്കുന്ന വാർഷിക സമ്മേളനം ആണ് ഏറ്റവും പ്രധാനപ്പെട്ട മീറ്റിംഗ്. ഇത് കൂടാതെ മൂന്നോ നാലോ പ്രധാനപ്പെട്ട മീറ്റിങ്ങുകൾ മറ്റു നഗരങ്ങളിൽ നടത്തപ്പെടുന്നുണ്ട്.

6. ദാവോസ് എന്നത് വാസ്തവത്തിൽ സ്വിറ്റസർലണ്ടിലെ ചെറിയ ഒരു ഗ്രാമം ആണ്. വെറും പതിനായിരം ആളുകളാണ് അവിടുത്തെ ജനസംഖ്യ (വെങ്ങോലയുടെ ജനസംഖ്യ 32000 ആണ്!). ഒരു മെയിൻ റോഡിന് അപ്പുറവും ഇപ്പുറവുമായി ഒരു കിലോമീറ്റർ നീളത്തിൽ ഒരു ചെറിയ നഗരം. ഇതാണ് ദാവോസ്. വർഷാവർഷം രാഷ്‌ട്രത്തലവന്മാരും കോർപ്പറേറ്റ് ഭീമന്മാരും ഒക്കെ എത്തുമെങ്കിലും ഇവിടെ ഒരു വിമാനത്താവളം പോലുമില്ല. ജനീവയിലോ സ്യൂറിക്കിലോ ഇറങ്ങി ഹെലികോപ്റ്ററിലോ, ട്രെയിനിലോ, കാറിലോ വേണം ദാവോസിൽ എത്താൻ. ഇത്രയും ചെറിയൊരു ഗ്രാമം ഇതിനായി തിരഞ്ഞെടുത്തതും അവിടെ നിന്നും ഒരു ലോക ബ്രാൻഡ് ഉണ്ടാക്കിയെടുത്തതുമായ മാതൃക കണ്ടു പഠിക്കേണ്ടതാണ്.

7. ദാവോസ് എന്നത് ഒരു ഇൻവെസ്റ്റ്മെന്റ് മേളയോ ഡോണർ മീറ്റിംഗോ ഒന്നുമല്ല. ഭാവിയിലെ ലോകത്തെപ്പറ്റിയുള്ള ചിന്തകളും ആശങ്കകളും പങ്കുവെക്കാൻ ലോകനേതാക്കളും ബിസിനസ്സ് നേതൃത്വവും യു.എൻ. പോലുള്ള ഏജൻസികളും ചിന്തകരും സമ്മേളിക്കുന്ന ഒരു സ്ഥലം.

8. ഇവിടെ നടക്കുന്ന ചർച്ചകളുടെ ഫോർമാറ്റ് നമ്മൾ ശ്രദ്ധിക്കേണ്ടതാണ്. വളരെ പ്രമുഖരായ നാലുമുതൽ ആറ് വരെ പാനൽ അംഗങ്ങളുള്ള ചർച്ചകൾ നയിക്കാൻ ഒരു മോഡറേറ്റർ. നാല്പത് മിനുട്ട് മുതൽ അമ്പത്തി അഞ്ചു മിനുട്ട് വരെയാണ് ചർച്ചകൾക്ക് സമയം. സ്വാഗത പ്രസംഗങ്ങൾ ഇല്ല. രാഷ്‌ട്രത്തലവന്മാർക്ക് പോലും സംസാരിക്കാൻ കിട്ടുന്നത് അഞ്ചുമുതൽ എട്ടു മിനുട്ട് വരെയാണ്. സദസ്സിൽ ഇരിക്കുന്നവരും പൊതുവെ ലോകത്ത് എവിടെ പോയാലും ആളുകൾ ശ്രദ്ധിക്കുന്ന ചിന്തകൾ ഉള്ളവർ ആണ്. അവിടെ നിന്നും മൂന്നോ നാലോ ചോദ്യങ്ങൾ. കഴിഞ്ഞു. കൃത്യസമയത്ത് തുടങ്ങുന്നു, കൃത്യസമയത്ത് അവസാനിക്കുന്നു. ഇപ്പോൾ ലോകം ഈ ഫോർമാറ്റിലേക്ക് ചർച്ചകൾ മാറ്റുകയാണ്. ദാവോസ് സ്റ്റൈൽ എന്നൊരു പ്രയോഗം വരെ ഉണ്ട്. എല്ലാ പാനലിലും സ്ത്രീകൾ ഉണ്ടായിരിക്കും എന്നതും ശ്രദ്ധിക്കേണ്ടതാണ്. എന്നാണ് നമുക്ക് ഇത്തരത്തിൽ കാര്യക്ഷമമായി ചർച്ചകൾ നടത്താൻ കഴിയുന്നത് ?

9. മീറ്റിംഗിന് എത്തുന്ന മൂവായിരം പേർക്കും അപ്പുറം ഓൺലൈൻ ആയി തത്സമയവും പിന്നീട് റെക്കോർഡഡ് ആയും WEF മീറ്റിംഗുകൾ ലോകത്തിന് ലഭ്യമാണ്.

10. ചർച്ചകൾക്കപ്പുറം ദാവോസിൽ എത്തിയിരിക്കുന്ന മിക്ക  പ്രതിനിധികളും സാധാരണഗതിയിൽ ഒരേ സമയത്ത് ഒരേ ഇടത്ത് എത്താൻ സാധ്യതയുള്ളവർ അല്ല. സമയത്തിന് വളരെ വിലയുള്ളവരാണ് താനും. അവരുമായി ഒറ്റക്കോ കൂട്ടമായോ നടത്തുന്ന ചർച്ചയ്‌ക്കുള്ള അവസരം ഓർത്താണ് കൂടുതൽ പ്രതിനിധികളും ദാവോസിൽ എത്തുന്നത്. രാവിലെ ബ്രെക്ഫാസ്റ്റ് മീറ്റിങ്ങ് മുതൽ രാത്രി ഡിന്നർ മീറ്റിംഗ് വരെ, പതിനാലു മണിക്കൂറും മീറ്റിംഗുകളാണ്. വരുന്ന ഓരോ പ്രതിനിധിയും അമ്പതോ അറുപതോ മീറ്റിംഗുകളിൽ പങ്കെടുക്കുകയും ചെയ്യും.

11. ആനുവൽ മീറ്റിംഗിനും റീജിയണൽ മീറ്റിങ്ങിനും അപ്പുറം വേൾഡ് എക്കണോമിക്ക് ഫോറം വിവിധ വിഷയങ്ങളിൽ സ്ഥിരമായി ഗവേഷണങ്ങൾ നടത്തുണ്ട്, പ്രസിദ്ധീകരണങ്ങൾ പുറത്തുകൊണ്ടുവരാറുണ്ട്. വേൾഡ് എക്കണോമിക് ഫോറത്തിന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ ഞാൻ മാതൃകയായി എടുക്കുന്ന ഒന്നാണ്.

12. നിർമ്മിതബുദ്ധിയുടെ വരവിനെ പറ്റി, അതുണ്ടാക്കാൻ പോകുന്ന മാറ്റങ്ങളെ പറ്റി ഒക്കെ ഏറ്റവും ആദ്യം ലോകത്തിന് മുന്നറിയിപ്പ് നല്കിത്തുടങ്ങിയത് WEF ആണ്. നാലാം വ്യവസായ വിപ്ലവം എന്ന വിഷയത്തിൽ പുസ്തകം ഇറക്കിയതും ആ വാക്ക് പ്രശസ്തമാക്കിയതും  ഡോക്ടർ ക്ലൗസ് ഷ്വാബ് ആണ്, 2016 ൽ.   ഈ വർഷത്തെ തീം ‘Collaboration for the Intelligent Age’ എന്നതാണ്. സമ്മേളന നഗരിയിൽ എവിടെയും നിർമ്മിത ബുദ്ധിയുടെ സന്ദേശങ്ങളും പ്രയോഗങ്ങളും ആണ്.

13. എന്റെ ഔദ്യോഗിക കപ്പാസിറ്റിയിൽ ഞാൻ WEF മായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്, പലപ്പോഴും ജനീവയിൽ പോകാറുണ്ട്, ഞങ്ങളുടെ മീറ്റിംഗിൽ അവിടെ നിന്നുള്ളവർ പങ്കെടുക്കാറുമുണ്ട്. ഏറെ ഇന്ത്യക്കാർ അവിടെ ജോലി ചെയ്യുന്നുണ്ട്. അടുത്തയിടക്ക് ഒരു മലയാളി പെൺകുട്ടി അവിടെ ജോലി കിട്ടിയതായി പറഞ്ഞിരുന്നു. ഇന്റർനാഷണൽ പോളിസി രംഗത്ത് ജോലി ചെയ്യാൻ താല്പര്യമുളളവർ തീർച്ചയായും അവരുടെ കരിയർ സൈറ്റ് സന്ദർശിക്കണം.

ഇടക്കൊക്കെ കേരളത്തിൽ നിന്നും മന്ത്രിമാർ WEF ൽ പങ്കെടുക്കാറുണ്ട്. 2006 ൽ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ . ഉമ്മൻ ചാണ്ടി അവിടെ തെന്നി വീണു കാലൊടിഞ്ഞപ്പോഴാണ് നമ്മൾ വെഫിനെ ശ്രദ്ധിക്കാൻ തുടങ്ങിയതെന്ന് തോന്നുന്നു.

ഇതുപോലെ ഇടക്കിടക്ക് വരികയും വേൾഡ് എക്കണോമിക്ക് ഫോറത്തെ ഒരു മീറ്റിങ്ങ് ആയി കാണുകയും ചെയ്യുന്ന രീതി മാറ്റി WEF എന്ന പ്രസ്ഥാനത്തെയും അവരുടെ ഗവേഷണങ്ങളെയും കൂടുതൽ അടുത്തറിയുകയും, അവരുമായി ദീർഘകാല ബന്ധങ്ങൾ സ്ഥാപിക്കുകയും ചെയ്യണം. അവർ മീറ്റിംഗുകൾ നടത്തുന്ന രീതി, ഒരു ചെറിയ ഗ്രാമത്തിൽ ഇത്തരത്തിൽ ഒരു ആഗോള കൂട്ടായ്മ നടത്തി വിജയമാക്കുന്നത്, ഇതിൽ നിന്നൊക്കെ നമുക്ക് പഠിക്കാനുണ്ട്. എന്റെ പ്രത്യേക നിർദ്ദേശങ്ങൾ ഇനി ഉള്ളവ ആണ്.

1. ഇനി വരുന്ന എല്ലാ വർഷവും വെഫിൽ പങ്കെടുക്കും എന്ന് നയപരമായി തന്നെ തീരുമാനിക്കുക. പറ്റിയാൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ. ചെറുപ്പക്കാരായ (ചെറുപ്പക്കാരികൾ ഉൾപ്പടെ) നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും ഒരു സംഘം (അതിപ്പോൾ പത്തോ പതിനഞ്ചോ ആയാലും) കൂടെ ഉണ്ടാകണം. ഇത്തരത്തിൽ ഉണ്ടാക്കിയെടുക്കുന്ന ബന്ധങ്ങൾക്ക് ദീർഘകാല പ്രയോജനം ഉണ്ട്, അതിന് നടത്തുന്ന ഇൻവെസ്റ്റ്മെന്റ് ഒരിക്കലും നഷ്ടമല്ല.

2. ആനുവൽ മീറ്റിങ്ങിൽ മാത്രമല്ല വെഫ് എന്ന പ്രസ്ഥാനവുമായിക്കൂടിയും ദീർഘകാല ബന്ധങ്ങൾ സ്ഥാപിച്ചെടുക്കുക. സാധിക്കുമെങ്കിൽ ഒരു വെഫ് സമ്മേളനം കേരളത്തിൽ സംഘടിപ്പിക്കുക. നമ്മുടെ ഉദ്യോഗസ്ഥരെയും യൂണിവേഴ്സിറ്റികളിലെ ഗവേഷകരെയും ഹൃസ്വകാലത്തേക്ക് WEF ൽ പോസ്റ്റ് ചെയ്യാൻ ശ്രമിക്കുക.

3. വെഫ് മാതൃകയിൽ ഒരു ഇന്ത്യ എക്കണോമിക് ഫോറം കേരളത്തിൽ സ്ഥാപിക്കുന്നതിനെ പറ്റി ചിന്തിക്കുക. ഇന്ത്യയിൽ ഭാവിയുടെ ചിന്തകൾക്ക് നേതൃത്വം നൽകുന്ന ചർച്ചകൾ നടത്തുന്ന ഒരു സ്ഥലമായി അടുത്ത പത്തു വർഷത്തിനകം ഇത് മാറ്റിയെടുക്കാനുള്ള ഒരു വിഷൻ നമുക്ക് വേണം. ഇന്ത്യയിൽ എവിടെനിന്നുമുള്ള രാഷ്‌ട്രീയ നേതൃത്വം, ബിസിനസ്സ് നേതൃത്വം, അക്കാദമിക് നേതൃത്വം, യുവ നേതൃത്വം, ഒക്കെ വരുന്ന ഒരു സ്ഥലമാക്കി ഇതിനെ മാറ്റണം.  അതിന് പറ്റിയ ഒരു വിഷനറി ആയ ഒരാളെ ഇക്കാര്യം ഏൽപ്പിക്കുക (ഒരാളുടെ പേര് ഞാൻ വേണമെങ്കിൽ പറയാം!).

4. ഇത്തരത്തിൽ ഒരു സ്ഥാപനവുമായി വെഫിനെ ബന്ധിപ്പിച്ചാൽ ലോകമാതൃകയുമായി നമുക്ക് അടുത്ത് ബന്ധപ്പെടാനാകും. നമ്മുടെ ചർച്ചകളും ചിന്തകളും ലോക നിലവാരവുമായി വർഷാവർഷം ബന്ധിപ്പിക്കാനും സാധിക്കും.

5. മുൻപ് പറഞ്ഞത് പോലെ കേരളത്തിൽ നടക്കുന്ന ചർച്ചകളിൽ ദാവോസ് സ്റ്റൈൽ പാനൽ നടപ്പിലാക്കാൻ ശ്രമിക്കുക. സമയത്തിന് മീറ്റിംഗുകൾ തുടങ്ങുന്നതും അവസാനിക്കുന്നതും, തുടങ്ങി രാഷ്‌ട്രീയ നേതൃത്വം ഉൾപ്പെട്ട (എന്നാൽ ഒരാൾക്കും കൂടുതൽ പ്രാധാന്യം നൽകാത്ത) പാനലുകൾ,  കൃത്യമായ സ്ത്രീ സാന്നിധ്യം, ഒരു മണിക്കൂർ മാത്രം നീളുന്ന ചർച്ചകൾ, പത്തു മിനുട്ടിൽ കൂടാത്ത പ്രഭാഷണം, ചോദ്യോത്തര സെഷൻ, മുപ്പത് സെക്കൻഡിനുള്ളിൽ പ്രഭാഷകരെ പരിചയപ്പെടുത്തുന്നതും നന്ദി പറയുന്നതും, വരെ നാം ശീലിക്കണം.

വെഫിൽ നമ്മൾ പങ്കെടുക്കുന്നത് ഓരോ വർഷവും വിവാദമാക്കുന്നതും വെഫിനെ എത്ര നിക്ഷേപം കിട്ടി എന്ന തരത്തിൽ അളന്നു നോക്കുന്നതും നമ്മുടെ അറിവും പക്വതയും ഇല്ലായ്മയാണ് കാണിക്കുന്നത്. കേരളം മാറുകയാണ്, ലോകം അത് ശ്രദ്ധിക്കുന്നുണ്ട്. കേരളത്തെ പറ്റി കേരളത്തിൽ ഉള്ളവർക്ക്, പ്രത്യേകിച്ചും ഇവിടെ പൊതുബോധം സൃഷ്ടിക്കുന്നവർക്ക് കുറച്ചുകൂടി പോസിറ്റീവ് ചിന്തകൾ ആകാം.

മുരളി തുമ്മാരുകുടി 

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by