തിരുവനന്തപുരം: കുംഭമേളയോടനുബന്ധിച്ച് സക്ഷമ സംഘടിപ്പിക്കുന്ന നേത്രകുംഭയിലൂടെ അഞ്ചു ലക്ഷത്തോളം ഭക്തര്‍ക്ക് സൗജന്യ നേത്ര ചികിത്സ ലഭ്യമാക്കുമെന്ന് നേത്ര കുംഭ കേരള കോഓര്‍ഡിനേറ്റര്‍ പ്രദീപ് എടത്തല അറിയിച്ചു. മൂന്ന് ലക്ഷത്തോളം കണ്ണടകള്‍ അതേ സ്ഥലത്ത് വച്ച് നിര്‍മിച്ച് വിതരണം ചെയ്യും.
ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖ നേത്ര ചികിത്സ ഹോസ്പിറ്റലുകളുമായി സഹകരിച്ച് 50,000 ത്തോളം സൗജന്യ സര്‍ജറികള്‍ നടത്തും. ഹാന്‍സ് ഫൗണ്ടേഷന്, അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, സ്വാമി വിവേകാനന്ദ ഹാര്‍ട്ട് മിഷന്, ശ്രീരജുഭയ്യാ സേവാ ട്രസ്റ്റ്, നാഷണല്‍ മെഡിക്കോസ് ഓര്ഗനൈസേഷന്, സേവാഭാരതി ഉള്‍പ്പെടെയുള്ള മുന്‍നിര സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
ഐഎംഎ മധ്യമേഖല മുന്‍ സെക്രട്ടറിയും സീനിയര്‍ ഒഫ്താല്‍മോളജിസ്റ്റുമായ ഡോ. രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ കേരളത്തിലെ വിവിധ ഹോസ്പിറ്റലുകളില്‍ നിന്നായി പതിനഞ്ചോളം ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന സംഘത്തോടൊപ്പം ഒപ്റ്റോമെട്രിസ്റ്റുകളും സക്ഷമ കേരളത്തിന്റെ സന്നദ്ധ പ്രവര്‍ത്തകരുമടക്കം അമ്പതോളം പേര് നേത്രകുംഭയില്‍ സേവനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: