ഛത്തീസ്ഗഡിലെ കോർബയിൽ ആദിവാസി പെൺകുട്ടിയെ കൂട്ടബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ അഞ്ച് പേർക്ക് കോടതി വധശിക്ഷ വിധിച്ചു. മറ്റൊരു പ്രതിയെ ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. സെക്ഷൻ 302, 376 (2 )ജി (2 )വകുപ്പുകൾ പ്രകാരം സന്ത്രം മജ് വാർ (49), അബ്ദുൽ ജബ്ബാർ(34), അനിൽകുമാർ സാർത്തി (24), പരദേശിറാം (39), ആനന്ദ് റാം പണിക (29) എന്നിവരെയാണ് അഡീഷണൽ സെഷൻസ് ജഡ്ജി മമ്ത ഭോജ് വാനി ശിക്ഷിച്ചത്. മറ്റൊരു പ്രതിയായ ഉമാശങ്കർ യാദവിനെ (29) കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പ്രായപൂർത്തിയാകാത പെൺകുട്ടിയെ പിതാവിന്റെ മുൻപിൽ വെച്ച് കൂട്ട ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തുകയും പിതാവിനെയും ഒപ്പമുണ്ടായിരുന്ന മൂന്ന് വയസ്സുള്ള പിഞ്ചുകുഞ്ഞിനെയും അടിച്ചും കല്ലെറിഞ്ഞും കൊല്ലുകയും ചെയ്തു. 2021 ലാണ് സംഭവം നടന്നത്. പിതാവും മക്കളും ബസ് കാത്തു നിൽക്കുമ്പോൾ പ്രതികളായ ആറ് പേരും മോട്ടോർ ബൈക്കിൽ അതുവഴി എത്തുകയും ഇവർക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്യുകയുമായിരുന്നു. തുടർന്ന് ഇവരെ ഒഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പെൺകുട്ടിയെ പിതാവിന്റെ മുമ്പിൽ വച്ച് കൂട്ട ബലാൽസംഗം ചെയ്തു. ഈ കുറ്റകൃത്യം തടയാൻ ശ്രമിച്ച പിതാവിനെയും പിഞ്ചുകുഞ്ഞിനെയും അക്രമി സംഘം എറിഞ്ഞും തല്ലിയും കൊല്ലുകയായിരുന്നുവെന്ന് പബ്ലിക് പ്രോസക്യൂട്ടർ സുനിൽകുമാർ മിശ്ര പറഞ്ഞു. പ്രായപൂർത്തിയാകാത പെൺകുട്ടിയെ ദിവസങ്ങൾക്ക് ശേഷം അബോധാവസ്ഥയിൽ ഗ്രാമവാസികൾ വയലിൽ കണ്ടെത്തിയെങ്കിലും ആശുപത്രിയിലേക്കുള്ള വഴിയെ മരിക്കുകയായിരുന്നു. മരിച്ചയാളുടെ മകൻ ഇവരെ കാണാതായതിനെ തുടർന്ന് കുറച്ചു ദിവസങ്ങൾക്കുശേഷം പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. കന്നുകാലികളെ മേയ്‌ക്കുന്ന തൊഴിൽ ചെയ്യുന്ന പഹാഡി കോർവ ആദിവാസി വിഭാഗത്തിൽപ്പെട്ട കുടുംബത്തിലെ 16 കാരിയായ പെൺകുട്ടിയെ തന്റെ രണ്ടാം ഭാര്യയായി ജീവിക്കാൻ മുഖ്യപ്രതി മാജ്വാർ നിർബന്ധിച്ചെങ്കിലും അതിന് തയ്യാറാകാത്തതിനെ തുടർന്നാണ് ഈ ക്രൂരകൃത്യം നടത്തിയതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. പ്രതികളുടെത് മനുഷ്യത്വരഹിതമായ അങ്ങേയറ്റം ഹീനമായ പ്രവർത്തിയാണെന്ന് കോടതി വിധി ന്യായത്തിൽ പറഞ്ഞു. തങ്ങളുടെ കാമദാഹം തീർക്കാൻ മൂന്നു നിരപരാധികളെ കൊന്നത് സമൂഹത്തിന്റെ മുഴുവൻ മനസ്സാക്ഷിയെയും ഞെട്ടിച്ച സംഭവമാണെന്ന് വിധിയിൽ പറയുന്നു. ഇവർ സമൂഹത്തിൽ ജീവിക്കുന്നത് വലിയ ഭീഷണിയാണെന്നും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചാൽ ജയിൽ സമൂഹത്തിന്റെ ഭാഗമായതുകൊണ്ട് അത് അനുവദിക്കാൻ ആകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക