500 വര്‍ഷത്തിനു ശേഷം രാമന്‍ അയോദ്ധ്യയില്‍ എല്ലാ പ്രൗഢികളിലൂടെയും തിരിച്ചുവന്ന സുദിനമാണ് 2024 ജനുവരി 22. രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠയ്‌ക്കു ശേഷം ഒരു വര്‍ഷം പിന്നിടുന്ന മറ്റൊരു സുദിനമാണ് 2025 ജനുവരി 22. ലോകത്തിലെ മുഴുവന്‍ ഹിന്ദുവിന്റെയും ആത്മാഭിമാനം വാനോളം ഉയര്‍ന്ന സുദിനം. അയോദ്ധ്യയിലെ രാമജന്മഭ്രൂമി
സ്വതന്ത്രമാക്കാന്‍ കാലാകാലങ്ങളില്‍ നടന്ന, വിവിധങ്ങളായ സമരമുഖങ്ങളില്‍ ജീവന്‍ ത്വജിച്ച നിരവധി രാമഭക്തരെ ഓര്‍ക്കുകയും, അവര്‍ക്ക് അശ്രു പൂക്കള്‍ സമര്‍പ്പിച്ച ദിവസം.
വൈദേശിക ആക്രമണകാരിയായ ബാബര്‍ ഏല്‍പ്പിച്ച കളങ്കത്തിന് ശാശ്വതമായ പരിഹാരം കണ്ടെത്തിയ സുദിനം. ലോകം മുഴുവന്‍ അറിയുന്ന രീതിയില്‍ അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രൗഢിയും പ്രതാപവും ലോകം കണ്ടറിഞ്ഞ ദിവസം, രാമക്ഷേത്രം ഉയരാതെ ‘തലപ്പാവ്’ ധരിക്കില്ല എന്ന സൂര്യവംശികളുടെ 500 വര്‍ഷത്തെ പ്രതിജ്ഞ സാക്ഷാത്കരിച്ച സുദിനം. എന്തുകൊണ്ടും സന്തോഷ അശ്രുക്കളാല്‍ കണ്ണുകള്‍ ഈറന്‍ അണിഞ്ഞ് അയോദ്ധ്യയിലെ രാംലല്ലയെ മതിയാവോളം കണ്‍കുളിര്‍ക്കെ കണ്ട് ആനന്ദിച്ച സുദിനം.
ചരിത്രത്തിലൂടെ ഒരു എത്തിനോട്ടം
# 1528 ല്‍ മുഗള്‍ വംശ സ്ഥാപകനായ ബാബര്‍ അയോദ്ധ്യയില്‍ മീര്‍ബാഖി എന്ന ശില്പിയെക്കൊണ്ട് പള്ളി പണിയിച്ചു.
# സന്യാസിമാരുടെ സംഘടന നിര്‍മ്മോഹി അഖാഡ തര്‍ക്ക കെട്ടിടത്തിന് മേല്‍ അവകാശവാദം ഉന്നയിച്ചു.
# തുടര്‍ന്ന് 1859 ല്‍ ബ്രിട്ടീഷ് ഭരണകൂടം ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും പ്രത്ര്യകം ആരാധന നടത്താന്‍ അനുവാദം നല്‍കി.
# 1883ല്‍ പ്രദേശത്ത് ക്ഷേത്ര നിര്‍മ്മാണത്തിനായി ആദ്യത്തെ നീക്കം ഉണ്ടായി.
# 1885 ല്‍ മഹന്ത് രഘുബീര്‍ദാസ് ക്ഷേത്ര നിര്‍മ്മാണത്തിനായി കോടതിയെ സമീപിച്ചു.
# വിഭജിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രത്തിന്റെ ഭാഗമായി രാമക്ഷേത്രം പൊളിച്ചാണ് പള്ളി ആക്കിയതെന്ന് ബ്രിട്ടീഷ് ഓഫീസര്‍ എച്ച്.ആര്‍.നെവീന്‍ റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കി. തുടര്‍ന്ന് 1934 ലെ ലഹളയില്‍ തര്‍ക്ക മന്ദിരത്തിന് കേടുപാടുകള്‍ സംഭവിച്ചു.
# 1949 ല്‍ തര്‍ക്ക മന്ദിരത്തില്‍ ശ്രീരാമ വിഗ്രഹം സ്ഥാപിച്ചു. ഈ കാലഘട്ടത്തില്‍ മലയാളിയായ ആലപ്പുഴ കൈനകരിക്കാരന്‍ കെ.കെ. നായര്‍ ആയിരുന്നു ഫൈസാബാദിന്റെ ഡെപ്യൂട്ടി കമ്മീഷണറും ജില്ലാ മജിസ്‌ട്രേറ്റും. പില്‍ക്കാലത്ത് 1952 അദ്ദേഹത്തിന്റെ ഭാര്യ ശകുന്തള നായര്‍ ഹിന്ദു മഹാസഭയിലേക്കും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് സര്‍വ്വീസില്‍ നിന്നും രാജിവെച്ച കെ.കെ.നായര്‍ 1962 ല്‍ ജനസംഘം ടിക്കറ്റില്‍ നിയമസഭയിലേക്കും, 1967 ല്‍ ലോകസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.
# 1970 ല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ തര്‍ക്ക സ്ഥലത്ത് പരിശോധന തുടങ്ങി. 1976 ല്‍ മലയാളിയായ കെ.കെ. മുഹമ്മദ് സര്‍വ്വേയുടെ ഭാഗമായി, അദ്ദേഹത്തിന്റെ സംഘമാണ് ക്ഷേത്രത്തിന്റെ അവശിഷ്ഠങ്ങള്‍ ആദ്യമായി കണ്ടെത്തിയത്.
# 1980 മുതല്‍ വിഎച്ച്പിയും, ബിജെപിയും രാമക്ഷേത്രത്തിനായി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചു. 1983 ലെ ഏകാത്മകതായജ്ഞം ചരിത്ര സംഭവം ആയിരുന്നു.
# 1984 ല്‍ രാമജന്മഭൂമി മുക്തിയജ്ഞസമിതി രൂപീകരിച്ചു. ഒക്‌ടോബറില്‍ അയോദ്ധ്യയിലേക്ക് രഥയാത്രക്ക് തുടക്കം കുറിച്ചു.
# ശാബാനു കേസിലെ മുസ്ലീം പ്രീണന നിലപാട്, 1986 ല്‍ തര്‍ക്ക മന്ദിരത്തിലെ രാമവിഗ്രഹ പൂജക്കായി തുറന്ന് കൊടുത്തു. ഇതേ കാലയളവിലാണ് ദൂരദര്‍ശനില്‍ രാമായണം സീരിയല്‍ തുടങ്ങിയത്.
# വിഎച്ച്പി ക്ഷേത്ര നിര്‍മ്മാണത്തിനുള്ള ശിലാന്യാസപൂജ രാജ്യമൊട്ടുക്ക് തുടങ്ങി. 1990 ല്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് വിഎച്ച്പി ആഹ്വാനം ചെയ്തു. സോമനാഥില്‍ നിന്ന് അയോദ്ധ്യയിലേക്ക് എല്‍.കെ. അദ്വാനിയുടെ നേതൃത്വത്തില്‍ രഥയാത്രക്ക് തുടക്കം കുറിച്ചു.
# 1990 ഒക്‌ടോബര്‍ 30-ന് കര്‍സേവകര്‍ ബാബരി മസ്ജിദിലേക്ക് മാര്‍ച്ച് ചെയ്തു. വി.പി.സിംഗ് സര്‍ക്കാരിന് ഭരണം നഷ്ടമായി. യുപി സംസ്ഥാന സര്‍ക്കാര്‍, മുഖ്യമന്ത്രി മുലായാംസിംഗിന്റെ നേതൃത്വത്തില്‍ കര്‍സേവകരെ നേരിട്ടു.
# വെടിവെപ്പില്‍ ഏകദേശം 17 കര്‍സേവകര്‍, ബംഗാളിലെ കോത്താരി സഹോദരന്മാര്‍ ഉള്‍പ്പെടെ പോലീസ് വെടിവെപ്പില്‍ ബലിദാനികളായി.
# 1991 ലെ തിരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റയ്‌ക്ക് 120 സീറ്റുകള്‍ ലോകസഭയില്‍ നേടി. യുപിയില്‍ കല്യാണ്‍ സിംഗ് മുഖ്യമന്ത്രിയായി.
# 1992 ഡിസംബറില്‍ വീണ്ടും കര്‍സേവ നടത്താന്‍ വിഎച്ച്പിയും ബിജെപിയും തീരുമാനിച്ചു. 1992 ഡിസംബര്‍ ആറിന് പതിനായിരക്കണക്കിന് കര്‍സേവകര്‍ തര്‍ക്ക മന്ദിരത്തിലേക്ക് ഇരച്ച് കയറി, തര്‍ക്ക മന്ദിരം തകര്‍ത്തു. തുടര്‍ന്ന് സംഘത്തിന് മേല്‍ നിരോധനം ഏര്‍പ്പെടുത്തി.
# തുടര്‍ന്ന് രാജ്യത്ത് വര്‍ഗ്ഗീയ കലാപം ഉണ്ടായി. ഏകദേശം 2000 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.
# തുടര്‍ന്ന് വന്ന അന്വേഷണ കമ്മീഷനുകളുടെ റിപ്പോര്‍ട്ടും സുപ്രീംകോടതിയുടെ ഇടപെടലും, 2010 ല്‍ ഹൈക്കോടതി വിധിപ്രകാരം ഭൂമി ഹിന്ദുക്കള്‍ക്കും, മുസ്ലംങ്ങള്‍ക്കും ആയി വിഭജിച്ചു എങ്കിലും രണ്ട് കൂട്ടരും അപ്പീല്‍ നല്‍കി. തുടര്‍ന്ന് 2019 ല്‍ സുപ്രീംകോടതി ഹിന്ദുക്കള്‍ക്ക് മാത്രമായി വിധി നല്‍കി.
രാമക്ഷേത്രം യാഥാര്‍ത്ഥ്യമായി
ചരിത്ര പോരാട്ടങ്ങള്‍ക്കും നിയമ പോരാട്ടങ്ങള്‍ക്കും ഒടുവില്‍ 2020 ആഗസ്റ്റ് 5-ന് ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റിന്റെ കീഴില്‍ പുതിയ രാമക്ഷേത്രത്തിന് തുറക്കല്‍ ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വ്വഹിച്ചു.
ക്ഷേത്രത്തിന്റെ നിര്‍മ്മാണ ചുമതല ഏല്‍പ്പിച്ച ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ഏകദേശം 1,800 കോടി രൂപ (217 മില്യണ്‍, ഏകദേശം.) ചെലവും, 2500 കോടി വരവ് പ്രതീക്ഷിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.
54,700 ചതുരശ്ര അടിയില്‍ പരന്നുകിടക്കുന്ന അയോധ്യ രാമക്ഷേത്രം ഏകദേശം 2.7 ഏക്കര്‍ ഉള്‍ക്കൊള്ളുന്നു. ഏകദേശം 70 ഏക്കറോളം വ്യാപിച്ചുകിടക്കുന്ന രാമമന്ദിര്‍ കോംപ്ലക്സിനുള്ളില്‍, സൂക്ഷ്മമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഇടം ഏകദേശം ഒരു ദശലക്ഷം ഭക്തരെ ഒരേസമയം ഉള്‍ക്കൊള്ളാന്‍ പ്രാപ്തമാണ്. ഗംഭീരവും നന്നായി ആസൂത്രണം ചെയ്തതുമായ ഈ സമുച്ചയം സന്ദര്‍ശകര്‍ക്കും ആരാധകര്‍ക്കും ഒരുപോലെ ശാന്തവും ആത്മീയമായി സമ്പന്നവുമായ അനുഭവം ഉറപ്പാക്കുന്നു.
രാമമന്ദിറിന്റെ ഉയരം
ക്ഷേത്രത്തിന് 360 അടി നീളവും 235 അടി വീതിയും 161 അടി ഉയരവുമുണ്ട്. പഴയ നഗരത്തില്‍ നിലവിലുള്ള ഘടനകളുടെ മൂന്നിരട്ടി ഉയരമുണ്ട്. ഈ ഘടനയില്‍ അഞ്ച് താഴികക്കുടങ്ങളും രാമലല്ലയുടെ വിഗ്രഹത്തില്‍ സൂര്യപ്രകാശം പതിക്കാന്‍ അനുവദിക്കുന്നഗര്‍ഭഗൃഹം (സങ്കേതം) ഉള്ള ഒരു ഗോപുരവും ഉള്‍പ്പെടുന്നു.
പരമ്പരാഗത നാഗര ശൈലിയില്‍ നിര്‍മ്മിച്ച ഗംഭീരമായ രാമജന്മഭൂമി മന്ദിര്‍ 380 അടി (കിഴക്ക്-പടിഞ്ഞാറ് നീളം), 250 അടി (വീതി), 161 അടി (ഉയരം) എന്നിങ്ങനെയാണ്. 392 തൂണുകള്‍ താങ്ങി 44 വാതിലുകളാല്‍ അലങ്കരിച്ചിരിക്കുന്ന ഈ ക്ഷേത്രം അതിന്റെ തൂണുകളിലും ചുവരുകളിലും ഹൈന്ദവ ദേവതകളുടെ സങ്കീര്‍ണ്ണമായ ചിത്രീകരണങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
പുതിയ രാമക്ഷേത്രത്തില്‍ 2024 ജനുവരി 22-ന് നടത്തിയ പ്രാണ പ്രതിഷ്ഠ ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ ‘റാംലല്ലയുടെ വിഗ്രഹം നിര്‍മ്മിച്ചത് അരുണ്‍ യോഗിരാജ് എന്ന കര്‍ണ്ണാടകക്കാരനാണ്. അദ്ദേഹത്തിന്റെ കൈവിരുതുകള്‍ പ്രശംസനീയമാണ്, പ്രേരണ ദായകമാണ്, ഭക്തിനിര്‍ഭരമാണ്.
പ്രാണപ്രതിഷ്ഠ ദിവസം 3.17 കോടിയുടെ വഴിപാടുകള്‍ നടന്നു. രണ്ടാം ദിവസം 4 മുതല്‍ 5 ലക്ഷത്തിലധികം ഭക്തര്‍ സന്ദര്‍ശിച്ചിരുന്നു. പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷം 2024 ജനുവരി 22 മുതല്‍ ഡിസംബര്‍ വരെ അയോദ്ധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിച്ചവരുടെ എണ്ണം 18 കോടി 10 ലക്ഷം ആണ്.
പ്രാണപ്രതിഷ്ഠയുടെ തയ്യാറെടുപ്പുകള്‍
രാമക്ഷേത്രത്തിന്റെ മുന്നോടിയായി ഭാരതത്തില്‍ മാത്രമല്ല രാമഭക്തരുള്ള മിക്ക രാജ്യങ്ങളിലും ആഘോഷത്തിന്റെ തയ്യാറെടുപ്പുകള്‍ നടന്നിരുന്നു.
2024 ജനുവരി 1 മുതല്‍ 15 വരെ കേരളത്തില്‍ വലിയ രീതിയില്‍ ഗ്രഹസമ്പര്‍ക്കം നടന്നിരുന്നു. കേരളത്തിലെ 37 സംഘ ജില്ലകളില്‍ എത്തിക്കാനുള്ള പൂജിച്ച അക്ഷതം എറണാകുളം പാവക്കുളം, മഹാദേവ ക്ഷേത്രത്തില്‍ വച്ച് ജില്ലകള്‍ക്ക് കൈമാറി.
അക്ഷതം എന്നത് ക്ഷതമില്ലാത്തത്, നാശമില്ലാത്തത് എന്നാണ്. ഇത് ദേവതാ പൂജയ്‌ക്ക് അത്യാവശ്യമാണ്. ഈ പൊടിയാത്ത ഉണക്കലരി അല്ലെങ്കില്‍ അരിയാണ് ചിലയിടത്ത് മഞ്ഞളുമായി കലര്‍ത്തി ഉപയോഗിച്ചത്. നെല്ലിനെ സ്വര്‍ണ്ണമായും. അരിയെ വെള്ളിയായും സങ്കല്‍പ്പിക്കുന്നു. പ്രാണ പ്രതിഷ്ഠയ്‌ക്ക് മുമ്പായി ഭാരതത്തില്‍ ഉടനീളം വീടുകള്‍ സമ്പര്‍ക്കം ചെയ്താണ് രാമഭക്തര്‍ അക്ഷതം എത്തിച്ചത്.
കേരളത്തിലെ 50 ലക്ഷം വീടുകളിലാണ് അക്ഷതവും ലഘുലേഖയും എത്തിച്ചത്. പ്രാണ പ്രതിഷ്ഠ നടന്ന 2024 ജനുവരി 22-ന് ഭാരതത്തില്‍ മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വസിക്കുന്ന രാമഭക്തര്‍ പൊതു സ്ഥലങ്ങളിലും ക്ഷേത്ര സങ്കേതങ്ങളിലും ഒരുമിച്ചുകൂടി പ്രാര്‍ത്ഥനയും ഭജനയും നടത്തി പ്രാണപ്രതിഷ്ഠയുടെ ഭാഗമായി പ്രവര്‍ത്തിച്ചു. പല കേന്ദ്രങ്ങളിലും സമൂഹ അന്നദാനവും പ്രസാദ വിതരണവും നടന്നിരുന്നു. അന്നേ ദിവസം സന്ധ്യക്ക് അയോദ്ധ്യ ഉള്‍പ്പെടെ ഭാരതമൊട്ടുക്ക് ദീപാലംകൃതമായി രാമനെ എതിരേറ്റു. തുടര്‍ന്ന് പ്രസാദവിതരണം നടത്തി ഭക്തര്‍ രാമനെ നെഞ്ചിലേറ്റി.
കേരളത്തിലെ നിരവധി ആശ്രമങ്ങള്‍, മഠാധിപതിമാര്‍, സാമുദായിക നേതാക്കള്‍, പൗര പ്രമുഖര്‍ ഉള്‍പ്പെടെ നിരവധിപേര്‍ പ്രാണപ്രതിഷ്ഠയുടെ ഭാഗമായി. കേരളത്തില്‍ നിന്ന് സ്വാമിചിന്ദാനന്തപുരി, സ്വാമി അമൃത സ്വരൂപാനന്ദ ഉള്‍പ്പെടെ 24 സംന്യാസിമാര്‍ പ്രാണപ്രതിഷ്ഠയില്‍ പങ്കെടുത്തു. വിഎച്ച്പി സംസ്ഥാന അദ്ധ്യക്ഷന്‍ വിജിതമ്പി ഉള്‍പ്പെടെ നിരവധി മേഖലകളിലെ 19 പ്രമുഖര്‍ പങ്കെടുത്തു. സംഘത്തിന്റെ നിര്‍ദ്ദേശപ്രകാരം കേരളത്തിന്റെ പ്രാണ പ്രതിഷ്ഠാ പ്രമുഖായി 2024 ജനുവരി 16 മുതല്‍ 24 വരെ സേവന പ്രവര്‍ത്തനങ്ങള്‍ക്കായി രാമന്റെ പവിത്രമണ്ണായ അയോദ്ധ്യയില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചു. കര്‍സേവയില്‍ പങ്കെടുത്ത കര്‍സേവകന്‍ എന്ന നിലയില്‍ ഇതിന്റെ ഭാഗമാക്കാന്‍ സാധിച്ചത് ഈ ലേഖകന്‍ പുണ്യമായി കരുതുന്നു.
സംഘത്തിന്റെ അ.ഭാ സമ്പര്‍ക്ക പ്രമുഖ് രാംലാല്‍ജി, വിഎച്ച്പി സംഘടനാ സെക്രട്ടറി മിലിന്ദ് പരാണ്ഡെ, രാമജന്മഭ്രൂമി തീര്‍ത്ഥ ട്രസ്റ്റ് സെക്രട്ടറി ചമ്പത്ത് റായ് ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ സാധിച്ചു എന്നത് ഒരു ഈശ്വരീയ ഇച്ഛയായി കരുതുന്നു. കര്‍സേവ പുരത്തെ ടെന്റുകളില്‍ താമസിച്ച 7 ദിവസക്കാലം രാമനുവേണ്ടി സേവനം നടത്താന്‍ സാധിച്ചു. പ്രാണ പ്രതിഷ്ഠ ദിവസം എനിക്ക് നിശ്ചയിച്ചത് സുഗ്രീവ് ഖിലയില്‍ മുന്‍വശത്തെ ഒന്നാമത്തെ ഗേറ്റില്‍ ആയിരുന്നു. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്ന നിരവധി മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരെ സ്വീകരിക്കാനും, അവര്‍ക്ക് വേണ്ട സേവനങ്ങള്‍ ചെയ്യാനും സാധിച്ചു എന്നത് വലിയ സുകൃതമായി കാണുന്നു. അങ്ങനെ ഏഴ് ദിവസം രാമന്റെ അയോദ്ധ്യയില്‍ തങ്ങി സേവനം ചെയ്ത് കാശി വിശ്വനാഥിനെയും ഗംഗാദേവിയേയും വണങ്ങി 2024 ജനുവരി 24-ന് അയോദ്ധ്യയില്‍ നിന്ന് പത്മനാഭന്റെ മണ്ണില്‍ തിരിച്ചെത്തി. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കിട്ടുന്ന ഈ സൗഭാഗ്യത്തിന്റെ ഓര്‍മ്മകള്‍ ഇന്നും കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ പ്രേരണ നല്‍കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക