ന്യൂദെൽഹി:അഹിംസ എന്ന ആശയം സംരക്ഷിക്കാൻ ചില പ്രത്യേക ഘട്ടങ്ങളിൽ ഹിംസ അനിവാര്യമാണെന്ന് രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ മുതിർന്ന പ്രചാരകൻ ഭയ്യാജി ജോഷി പറഞ്ഞു. ഗുജറാത്ത് യൂണിവേഴ്സിറ്റി ഗ്രൗണ്ടിൽ ഹിന്ദു ആധ്യാത്മിക സേവാ മേളയായ ഹിന്ദു സ്പിരിച്വൽ ആൻഡ് സർവീസ് ഫെയറിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ എല്ലാവരെയും സമാധാനത്തിന്റെ പാതയിലേക്ക് കൊണ്ടുപോകുന്ന രാഷ്‌ട്രമാണ്. എന്നാൽ ഹിന്ദുക്കൾ അവരുടെ മതം സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണ്. നമ്മുടെ ധർമ്മം സംരക്ഷിക്കാൻ മറ്റുള്ളവർ അധർമ്മമെന്ന് വിളിക്കുന്ന ചില കാര്യങ്ങൾ പോലും നമുക്ക് ചെയ്യേണ്ടിവരും. അത്തരം കാര്യങ്ങൾ നമ്മുടെ പൂർവികർ നമുക്ക് കാണിച്ചുതന്നതാണ്. മഹാഭാരതയുദ്ധത്തെ ഉദ്ധരിച്ച അദ്ദേഹം പറഞ്ഞു. ഹിന്ദുമതത്തിൽ അഹിംസ എന്ന കാര്യം നിഷേധിക്കാനാവില്ല. എന്നാൽ അഹിംസ എന്ന ആശയം സംരക്ഷിക്കാൻ ചിലപ്പോൾ നമുക്ക് ഹിംസയെ തന്നെ അവലംബിക്കേണ്ടി വരും. അല്ലെങ്കിൽ അഹിംസ എന്ന ആശയം ഒരിക്കലും നിലനിൽക്കില്ല. നാം സുരക്ഷിതരായിരിക്കാനാണ് നമ്മുടെ പൂർവികർ ആ സന്ദേശം നമുക്ക് നൽകിയത്. എന്നാൽ എല്ലാവരെയും കൂടെ കൊണ്ടുപോകാൻ കഴിയുന്ന സംസ്കാരം നമ്മുടേതാണ്. ഒരു മതം മറ്റുള്ളവരെ അവരുടെ വിശ്വാസങ്ങൾ പിന്തുടരാൻ അനുവദിച്ചില്ലെങ്കിൽ ഒരിക്കലും സമാധാനം ഉണ്ടാകില്ല. മറ്റെല്ലാ രാജ്യങ്ങളെയും ഒപ്പം കൊണ്ടുപോകാൻ കഴിയുന്ന ഒരു രാജ്യം ഇന്ത്യയെ പോലെ മറ്റൊന്നില്ല. വസുധൈവ കുടുംബകം എന്ന ആത്മീയതയാണ് നമ്മുടെ ആശയം. ലോകത്തെ മുഴുവൻ ഒരു കുടുംബമായി കണക്കാക്കിയാൽ ഒരിക്കലും സംഘർഷം ഉണ്ടാകില്ല. അദ്ദേഹം ചൂണ്ടിക്കാട്ടി ഇന്ത്യ കൂടുതൽ ശക്തമാകണമെന്ന് നാം പറയുമ്പോൾ ശക്തമായ ഹിന്ദു സമൂഹം ആവശ്യമാണ്. കാരണം ദുർബലരെയും അധ:സ്ഥിതരെയും നമുക്ക് സംരക്ഷിക്കേണ്ടതുണ്ട്. ഹിന്ദു സംസ്കാരമാണ് ലോകത്തോട് ചേർന്ന് നിൽക്കുന്ന പ്രത്യയശാസ്ത്രം. നമ്മുടെ ക്ഷേത്രങ്ങളിലും ഗുരുദ്വാരകളിലും ദിവസേന ഒരു കോടിയിലധികം ആളുകൾക്ക് ഭക്ഷണം നൽകുന്ന വളരെ പുരാതനമായ പാരമ്പര്യം നമുക്കുണ്ട്. ഹിന്ദുമത സംഘടനകൾ ആചാരങ്ങൾ അനുഷ്ഠിക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. അവർ സ്കൂളുകളും ഗുരുകുലങ്ങളും ആശുപത്രികളും നടത്തുന്നു. ഹിന്ദുമതത്തിന്റെ കേന്ദ്രബിന്ദു മാനവികതയാണ്. അതിൽ നമ്മുടെ കടമകളായ സഹകരണം, സത്യം, നീതി എന്നിവ ഉൾപ്പെടുന്നു, ഭയ്യാജി ജോഷി പറഞ്ഞു. നേരത്തെ സമ്മേളനം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക