ഇക്കഴിഞ്ഞ പന്ത്രണ്ടാം തീയതി എറണാകുളത്ത് എളമക്കരയിലെ ‘ഭാസ്‌കരീയ’ത്തില്‍ കേരളത്തിലെ രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ ജീവനാഡിയായി അരനൂറ്റാണ്ടിലേറെക്കാലം സന്നിധാനം ചെയ്ത ഭാസ്‌കര്‍ റാവു എന്ന ഭാസ്‌കര്‍ ശിവറാം കളംബിയുടെ ഓര്‍മയ്‌ക്കായി ചേര്‍ന്ന ചടങ്ങില്‍ പങ്കെടുക്കാനവസരമുണ്ടായി. മുതിര്‍ന്ന അഭിഭാഷകനും ഭാരതീയ മസ്ദീര്‍ സംഘത്തിന്റെ കേരളത്തിലെ നേതൃപ്രമുഖനുമായ കെ. രാംകുമാറും, ഭാസ്‌കര്‍ റാവുവിന്റെ പരിലാളനമേല്‍ക്കാന്‍ ഏറെ ഭാഗ്യം സിദ്ധിച്ച എം.മോഹന്‍ എന്ന മാനേജ്‌മെന്റ് വിദഗ്‌ദ്ധനും ജീവിതയാത്രയുടെ അന്തിമഘട്ടത്തിലെത്തി നില്‍ക്കുന്ന ഈയുള്ളവനുമായിരുന്നു വേദിയില്‍. ചടങ്ങിന്റെ അവസാനത്തില്‍ ‘കുരുക്ഷേത്ര’ പ്രകാശന്‍ പുറത്തിറക്കിയ ‘മലയാളി കാണാത്ത മാര്‍ക്‌സിന്റെ മുഖങ്ങള്‍’ എന്ന മുരളി പാറപ്പുറത്തിന്റെ പുതിയ പുസ്തകം എനിക്കു നല്‍കപ്പെട്ടു. ജന്മഭൂമിയിലൂടെ എഴുത്തുകാരനായിത്തീര്‍ന്ന ആളാണ് മുരളിയെന്നു ഞാന്‍ ഉള്ളില്‍ പലപ്പോഴും കരുതാറുണ്ട്.
ജന്മഭൂമിയില്‍ കഴിഞ്ഞ കാലത്ത് എനിക്ക് വളരെക്കാലം ഇടവിട്ട് ആസ്പത്രിയില്‍ കഴിയേണ്ടി വന്നിരുന്നു. അതിനിടയില്‍ അപ്പു എന്ന് അറിയപ്പെട്ടിരുന്ന മോഹന്‍ ആണ് പത്രത്തിന്റെ നടത്തിപ്പ് നോക്കിയത്. കുമ്മനം രാജശേഖരനും എഡിറ്റോറിയല്‍ വശം നോക്കി വന്നു. അങ്ങനെയിരിക്കെ പത്രത്തില്‍ ആശയപരമായി തെളിമയുള്ള വിവരണങ്ങള്‍ കാണാനിടയായി. മാത്രമല്ല മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഔപചാരിക ജിഹ്വയെന്നു കരുതാവുന്ന ചിന്ത വാരികയും ആഫീസില്‍ വരുമായിരുന്നു. അതില്‍ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ വിശേഷാല്‍ പംക്തിയുമുണ്ടായിരുന്നു. പ്രത്യയശാസ്ത്രപരമായ സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടി വിശദമായി നല്‍കി വന്നു. പില്‍ക്കാലത്തു ഇഎംഎസിന്റെ കൃതികളെല്ലാം കൂടി 100 വാല്യങ്ങളായി സാക്ഷാല്‍ പി. ഗോവിന്ദപ്പിള്ള തന്നെ തയ്യാറാക്കിയിട്ടുമുണ്ട്.
ചിന്തയില്‍ വന്ന ചോദ്യോത്തര പംക്തിയിലെ മുരളി പാറപ്പുറത്തിന്റെ സംശയങ്ങളില്‍ മാര്‍ക്‌സിസ്റ്റ് പദാവലികള്‍ ധാരാളം ഉണ്ടായിരുന്നതും, പാറപ്പുറം എന്ന സ്ഥലപ്പേരും എന്നെ ആശയക്കുഴപ്പത്തിലാക്കി. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ യോഗം, രൂപീകരണയോഗം എന്നുതന്നെ പറയാം പിണറായിയിലെ പാറപ്പുറത്ത് എന്ന വീട്ടിലായിരുന്നു. അതുകൊണ്ട് ഞാന്‍ വിചാരിച്ചത് മുരളിയും ആ പാറപ്പുറത്തുകാരനായിരിക്കുമെന്നാണ്. തന്റെ പാറപ്പുറം കാലടിക്കടുത്താണെന്നു അദ്ദേഹം പറഞ്ഞപ്പോള്‍ പിന്നെ സംശയത്തിനവകാശമില്ലല്ലോ.
പക്ഷേ സംഘത്തിനും പിണറായിയും പാറപ്പുറവുമായി ബന്ധമുണ്ട്. കണ്ണൂര്‍ നഗരമധ്യത്തില്‍ ഉയര്‍ന്നുനില്‍ക്കുന്ന ബിജെപി ജില്ലാ കാര്യാലയത്തില്‍ ആതിഥേയത്വമുള്ള ഗിരിധരന്‍ പാറപ്പുറത്തുകാരനാണ്. മുഖ്യമന്ത്രി വിജയന്റെ അയല്‍ക്കാരനുമാണ്. സംഘത്തിന്റെ തൃതീയ വര്‍ഷ ശിക്ഷണം നേടിയ ആളുമാണ് ഗിരിധരന്‍.
കതിരൂര്‍ എന്ന സ്ഥലം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കരുത്തുറ്റ തട്ടകമാണല്ലോ ഒരാറു പതിറ്റാണ്ടിലേറെയായി. അവിടത്തെ ഒരു വിദ്യാര്‍ത്ഥി തലശ്ശേരി കോളജില്‍ നമ്മുടെ സ്വയംസേവകരുടെ സുഹൃത്തായി. കതിരൂരില്‍ സംഘപ്രവര്‍ത്തനമാരംഭിക്കാന്‍ അയാള്‍ താല്‍പ്പര്യം കാണിച്ചു. അയാളുടെ അച്ഛന്റെ തുണിക്കടയില്‍ ചെന്നു പരിചയപ്പെട്ടു. അവിടെ തുന്നല്‍ക്കാരനായിരുന്ന മന്ദന്‍ മേസ്തിരി ഞാന്‍ പ്രചാരകനാണെന്നറിഞ്ഞപ്പോള്‍ മാധവജിയെപ്പറ്റി അന്വേഷിച്ചു. 1947-48 കാലത്തു മാധവജി പിണറായിയില്‍ തന്റെ വീട്ടില്‍ വരാറുണ്ടായിരുന്നെന്ന് പറഞ്ഞു. മാത്രമല്ല കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരള ഘടകത്തിന്റെ രൂപീകരണത്തിന് ചേര്‍ന്ന യോഗവും തന്റെ തറവാടുവീട്ടിലെ തട്ടിന്‍പുറത്തായിരുന്നുവത്രേ. എന്‍.ഇ. ബാലറാം മാരാര്‍ ആയിരുന്നു അതിന്റെ സംഘാടകനത്രേ. ബാലറാം ആര്യസമാജക്കാരനും സംസ്‌കൃത പണ്ഡിതനുമായിരുന്നു. രാമകൃഷ്ണമിഷനിലും പ്രവര്‍ത്തിച്ചു. ആഗമാനന്ദ സ്വാമികളെ കൊണ്ടുവന്നതും, അവിടെ ആശ്രമം സ്ഥാപിച്ചതും അദ്ദേഹമായിരുന്നത്രേ.
കേരള സംസ്ഥാന രൂപീകരണശേഷം മദിരാശിയില്‍നിന്ന് ഒരു പ്രത്യേക തീയതിയിലാണ് മലബാറിന്റെ സര്‍ക്കാര്‍ രേഖകളും ജീവനക്കാരും തിരുവനന്തപുരത്തേക്കു വന്നത്. അക്കൂട്ടത്തില്‍ ഏതാനും മുതിര്‍ന്ന സ്വയംസേവകരുമുണ്ടായിരുന്നു. അവര്‍ അവിടത്തെ സംഘപ്രവര്‍ത്തനത്തിലും സജീവമായി. ലേബര്‍ ഡിപ്പാര്‍ട്ടുമെന്റിലുണ്ടായിരുന്ന എന്‍. വിജയന്‍ അക്കൂട്ടത്തില്‍ അവിസ്മരണീയനാണ്. അടുത്തൂണ്‍ പറ്റിയശേഷം അദ്ദേഹം വിദ്യാഭാരതിയുടെ നേതൃത്വമേറ്റെടുത്തു. ഭാസ്‌കര്‍ജിയുടെയും ഭാസ്‌കര്‍റാവുവിന്റെയും നിര്‍ദ്ദേശങ്ങള്‍ ചെവിക്കൊള്ളാതിരിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. തലശ്ശേരിയിലെ ഞാലിക്കരയെന്ന വീട്ടിലേക്കു മടങ്ങിയെത്തണമെന്ന മോഹം അദ്ദേഹം ഉപേക്ഷിച്ചു. തകഴിയുടെ ഏണിപ്പടികള്‍ പോലെയല്ല അദ്ദേഹം സ്വജീവിതം നയിച്ചത്. കേരളത്തിലുടനീളം ദേശീയതയുടെ വെളിച്ചം വീശുന്ന വിളക്കു തെളിക്കാനായിരുന്നു. പാലക്കാട്ടുനിന്നും തിരിച്ചെത്തിയശേഷം അദ്ദേഹം പരമേശ്വര്‍ജിയുടെ നിര്‍ദ്ദേശപ്രകാരം ഭാരതീയ വിചാരകേന്ദ്രം ഗ്രന്ഥാലയത്തിന്റെ അഴിച്ചുപണിയില്‍ ഏര്‍പ്പെട്ടു. ഒരു ദിവസം തിരുവനന്തപുരത്ത് അദ്ദേഹം നിര്‍മ്മിച്ച വീട്ടില്‍ ചെന്ന് അവരുടെയൊപ്പമിരുന്ന് ഭക്ഷണം കഴിക്കാന്‍ ഭാഗ്യമുണ്ടായി. വിജയന്റെ വീടും പിണറായിയിലെ പാറപ്പുറത്താണ്. (പാറപ്പുറത്തെപ്പറ്റിപ്പറഞ്ഞാണ് വാധ്യാര്‍ജി പറഞ്ഞതുപോലെ, അപ്പൂപ്പന്‍താടിയായി സഞ്ചരിച്ചത്.
ജന്മഭൂമിയില്‍ പത്രപ്രവര്‍ത്തകനാകുന്നതു ജോലിയായിട്ടല്ല ദൗത്യമായി കരുതിയാകണം എന്നതു ആരും ആരോടും നിര്‍ദ്ദേശിക്കുന്നില്ല. സംഘത്തിലൂടെ കടന്നുവന്ന അവര്‍ക്കൊക്കെ അതു സ്വാഭാവികമായ ഉറവപൊട്ടിവരികയാണ്. അഞ്ച് വര്‍ഷക്കാലം പ്രചാരകനായി പ്രവര്‍ത്തിച്ച മുരളി അതൊരു ദൗത്യമായിത്തന്നെയാണ് അനുഭവിക്കുന്നതെന്ന് അദ്ദേഹത്തിന്റെ രചനകളില്‍ വ്യക്തമായും ധ്വനിക്കുന്നു. തുടക്കം മുതല്‍, ജീവനക്കാരുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടാന്‍ ഞാന്‍ ശ്രമിച്ചുവന്നു. ജന്മഭൂമിയാണ് ഓഫ്‌സെറ്റ് അച്ചടിയും ഫോട്ടോ കമ്പോസിങ്ങും പോലുള്ള ആധുനിക സങ്കേതങ്ങള്‍ മലയാളത്തില്‍ തുടക്കത്തില്‍ തന്നെ ഉപയോഗിച്ചു തുടങ്ങിയത്. അതില്‍ പരിശീലനം നേടാനായി നടത്തിപ്പു സംബന്ധമായ ചുമതലകള്‍ വഹിച്ചുവന്ന സുന്ദരവും മോഹനനും വളരെ പ്രയാസപ്പെട്ടിട്ടുണ്ട്. മലയാളത്തിലെ ലിപി വിന്യാസ രീതി പരിഷ്‌കരിക്കാനായി, പത്രരംഗത്തും ഭാഷാസാഹിത്യ രംഗത്തും മേല്‍ത്തട്ടിലുള്ളവരും കേരള പ്രസ് അക്കാദമിയും സംയുക്തമായി ഒട്ടേറെ പ്രയത്‌നങ്ങള്‍ നടത്തി. ആ സംക്രമണകാലത്താണ് മുരളിയെപ്പോലുള്ളവര്‍ എഴുതിത്തുടങ്ങിയത്. പഴമക്കാര്‍ക്കു ജന്മഭൂമി വായിക്കാന്‍ കുറച്ചു വിഷമമായിരുന്നു. മുരളിക്ക് പുതിയ രീതി സ്വാഭാവികമായി കൈവന്നു.
മാര്‍ക്‌സിസത്തെയും അതിന്റെ അന്തസ്സത്തയെയും തുറന്നുകാട്ടുന്ന മുരളിയുടെ സാഹസം, പല വിഗ്രഹങ്ങളെയും ഉടച്ചുകളയുന്നു. പാശ്ചാത്യ വീക്ഷണത്തില്‍ മാര്‍ക്‌സിനെയും മറ്റും വിശകലനം ചെയ്യുന്ന പരമ്പരാഗത രീതിയില്‍നിന്നു വ്യത്യസ്തമായി, സനാതന ഭാരതീയ ദൃഷ്ടിയിലൂടെ കാണുന്നതില്‍ മുരളി വിജയിച്ചുവെന്നു പറയാം. സ്വകാര്യസ്വത്തിനെപ്പറ്റിയുള്ള ഭാരതീയ സങ്കല്‍പനം ഭാഗവതത്തില്‍ നിന്നുള്ള ഒരു ശ്ലോകമുദ്ധരിച്ചുകൊണ്ട് കോഴിക്കോട്ട് 1966 ല്‍ നടന്ന പ്രാന്തീയ ശിബിരത്തില്‍ ഗുരുജി വിശദീകരിക്കുകയുണ്ടായി.
യാവദ് ബ്രിയതേ ജഠരം
താവദ് സ്വത്വം ഹി ദേഹിനഃ
അഥവാപുനരായാതം
സഃ സ്‌തേനോ ദണ്ഡമര്‍ഹതി
അതിനെ അക്കിത്തം ഇങ്ങനെ മലയാളത്തിലാക്കി.
ഉദരംഭരണത്തിന്നു
വേണ്ടതേയുള്ളൂതന്റെയായ്
ശിഷ്ടവും സ്വന്തമെന്നോര്‍പ്പോന്‍
കള്ളനര്‍ഹിപ്പൂ ദണ്ഡനം
ഭാരതത്തിന് തനതായുള്ള വിജ്ഞാനസപര്യയെ സ്വീകരിക്കുന്നതിനുള്ള പ്രയത്‌നം മുരളിയുടെ എഴുത്തുകളില്‍ ഉണ്ടെന്നത് ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക