Entertainment

ബോളിവുഡ് താരങ്ങള്‍ക്ക് പാകിസ്ഥാനില്‍ നിന്നും വധഭീഷണി!

Published by

ബോളിവുഡ് താരങ്ങള്‍ക്ക് പാകിസ്ഥാനില്‍ നിന്നും വധഭീഷണി. നടനും അവതാരകനുമായ കപില്‍ ശര്‍മ്മ, നടന്‍ രാജ്പാല്‍ യാദവ്, നടിയും ഗായികയുമായ സുഗന്ധ മിശ്ര, കോറിയോഗ്രാഫര്‍ റെമോ ഡിസൂസ എന്നിവര്‍ക്കാണ് വധഭീഷണികള്‍ ലഭിച്ചിരിക്കുന്നത്. പാകിസ്ഥാനില്‍ നിന്നുമാണ് ഭീഷണി നിറഞ്ഞ ഇ-മെയിലുകള്‍ താരങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്.

വിഷയം വളരെയധികം ഗൗരവത്തോടെ കാണണമെന്നും രഹസ്യമാക്കി വെക്കണമെന്നും കപില്‍ ശര്‍മയ്‌ക്ക് ലഭിച്ച ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നുണ്ട്. നിങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനോ പ്രശസ്തി നേടുന്നതിനോ വേണ്ടിയല്ല ഇത് അയക്കുന്നത്. അടുത്തിടെയുള്ള നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. സുപ്രധാനമായ ഒരുകാര്യം നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് ഈ സന്ദേശം എന്നാണ് ബിഷ്ണു എന്ന് അവകാശപ്പെടുന്നയാള്‍ മുന്നറിയിപ്പ് നല്‍കുന്നത്.

എട്ട് മണിക്കൂറിനുള്ളില്‍ പ്രതികരിക്കാത്തപക്ഷം വ്യക്തിപരമായും തൊഴില്‍പരമായും ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണ് കപില്‍ ശര്‍മയ്‌ക്ക് ലഭിച്ച ഇ-മെയിലിലെ ഭീഷണി എന്നാണ് പൊലീസ് പറയുന്നത്. എന്‍സിപി നേതാവ് ബാബ സിദ്ദിഖി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ബോളിവുഡ് താരങ്ങള്‍ക്കെതിരായ ഭീഷണി സന്ദേശങ്ങള്‍ പൊലീസ് അതീവ ഗൗരവമായാണ് കാണുന്നത്.

സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവവും വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിച്ചിട്ടുണ്ട്. ആറ് തവണ കുത്തേറ്റ സൈഫിന് ഗുരുതരമായ പരിക്കുകളുണ്ടായിരുന്നു. ലീലാവതി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ അദ്ദേഹം കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ട് വീട്ടിലെത്തിയത്. പിന്നാലെയാണ് കപില്‍ മിശ്രയ്‌ക്കടക്കം വധഭീഷണികള്‍ എടുത്തത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by