കണ്ണൂര്‍: എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തെ തുടര്‍ന്ന് രാജിവെച്ച മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അധികാരത്തിലിരിക്കെ ബിനാമി ഇടപാടുകളിലൂടെ ഭൂമി വാങ്ങിക്കൂട്ടിയതായി ആരോപണം. ഭര്‍ത്താവിന്റെയും ബിനാമികളുടെയും പേരില്‍ സ്ഥലങ്ങള്‍ വാങ്ങിക്കൂട്ടിയതിന്റെ രേഖകളും പുറത്തുവന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ കരാറുകള്‍ ബിനാമി കമ്പനിക്ക് നല്‍കി. കമ്പനി ഉടമയായ ആസിഫിന്റേയും ഭര്‍ത്താവിന്റേയും പേരില്‍ സ്ഥലങ്ങള്‍ വാങ്ങിക്കൂട്ടിയെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ കോടിക്കണക്കിനു രൂപയുടെ ചില കരാറുകള്‍ നല്‍കിയതു സ്വന്തം ബിനാമിക്കമ്പനിക്കാണെന്ന് പറയുന്നു. ആരോപണവുമായി ബന്ധപ്പെട്ട രേഖകള്‍ കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹദ് ഷമ്മാസ് പുറത്തുവിട്ടു. കാര്‍ട്ടന്‍ ഇന്ത്യ അലയന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് കമ്പനിയുടെ പേര്. ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ ശേഷം 2021 ജൂലൈ 20 നാണ് കമ്പനി രൂപീകരിച്ചത്. ദിവ്യയുടെ അടുത്ത സുഹൃത്തും നാട്ടുകാരനുമായ മുഹമ്മദ് ആസിഫാണ് എംഡി. ആസിഫിന്റെയും ദിവ്യയുടെ ഭര്‍ത്താവ് വി.പി. അജിത്തിന്റെയും പേരില്‍ കണ്ണൂരിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ പാലക്കയം തട്ടില്‍ വാങ്ങിയത് നാലേക്കറോളം ഭൂമിയാണ്. ഇരുവരുടെയും പേരില്‍ സ്ഥലം രജിസ്റ്റര്‍ ചെയ്ത രേഖകളും ഷമ്മാസ് പുറത്തുവിട്ടു.
അനധികൃതമായി സ്വന്തം ബിനാമിക്കമ്പനിക്ക് ജില്ലാ പഞ്ചായത്ത് പദ്ധതികളുടെ കോടിക്കണക്കിന് രൂപയുടെ കരാര്‍ ദിവ്യ നല്‍കിയെന്ന് ആരോപിച്ച ഷമ്മാസ് അതുമായി ബന്ധപ്പെട്ട രേഖകളും പുറത്തുവിട്ടിട്ടുണ്ട്. 11 കോടിയോളം രൂപയാണ് രണ്ട് വര്‍ഷത്തിനിടയില്‍ പ്രീഫാബ്രിക്കേറ്റ് ടോയ്ലറ്റ് നിര്‍മാണങ്ങള്‍ക്ക് മാത്രമായി കാര്‍ട്ടന്‍ ഇന്ത്യ അലയന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് നല്‍കിയത്. ഇതിന് പുറമെ പടിയൂര്‍ എബിസി കേന്ദ്രത്തിന്റെ 76 ലക്ഷം രൂപയുടെ നിര്‍മാണ കരാറും ഈ കമ്പനിക്ക് നല്‍കി.
മൂന്ന് വര്‍ഷത്തിനിടെ 12 കോടിയിലധികം രൂപയുടെ പ്രവൃത്തികള്‍ കമ്പനിക്കു നല്‍കി. ഒരു കരാറും മറ്റാര്‍ക്കും ലഭിച്ചില്ല. ദിവ്യയുടെ ഉറ്റ സുഹൃത്തും കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ പി.പി. ഷാജിറിനും ഈ ബിനാമി ഇടപാടുകളില്‍ പങ്കുണ്ട്. ബ്ലോക്ക് പഞ്ചായത്തിന്റെ നിര്‍മാണ പ്രവൃത്തികളുടെ കരാറുകളും ഈ കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. ദിവ്യയുടെ അഴിമതികളുടെയും ബിനാമി കൂട്ടുകെട്ടുകളുടെയും അനധികൃത സ്വത്ത് സമ്പാദനത്തിന്റെയും കൂടുതല്‍ വിവരങ്ങള്‍ വരുംദിവസങ്ങളില്‍ പുറത്തുവരുമെന്നും ഷമ്മാസ് പറഞ്ഞു. ബിനാമി ഭൂമി ഇടപാടുണ്ടെന്നത് വ്യാജ ആരോപണമാണെന്നും ഷമ്മാസിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും പി.പി. ദിവ്യ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക