ന്യൂദല്‍ഹി: അദാനിയ്‌ക്കെതിരെ വ്യാജ ആരോപണം ഉയര്‍ത്തി വിവാദമുണ്ടാക്കിയ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചുമായി തൃണമൂല്‍ നേതാവ് മഹുവ മൊയ്ത്രയ്‌ക്ക് ബന്ധമുണ്ടെന്ന് ആരോപണം. ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചുമായി ബന്ധമുണ്ടെന്ന ആരോപണത്തിന്റെ പേരില്‍ അന്വേഷണം നേരിടുന്ന ആന്‍ഡന്‍ ഫണ്ട്സുമായി മഹുവ മൊയ്ത്രയ്‌ക്കും ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്ന പശ്ചാത്തലത്തിലാണ് മഹുവ സംശയ നിഴലില്‍ ആകുന്നത്.
നേരത്തെ മഹുവ മൊയ്ത്ര അദാനിയ്‌ക്കെതിരെ മാത്രം പാര്‍ലമെന്‍റില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നുവെന്നതിന്റെ പേരില്‍ വിവാദത്തിലായ നേതാവാണ്. അദാനിയ്‌ക്കെതിരെ ചോദ്യങ്ങള്‍ ചോദിക്കന്നതിനായി ഒരു ഇന്ത്യന്‍ ബിസിനസുകാരനില്‍ നിന്നും ദല്‍ഹിയില്‍ താമസിക്കാന്‍ ഒരു ആഡംബര ഫ്ളാറ്റ് അടക്കം പല ആനുകൂല്യങ്ങളും മഹുവ മൊയ്ത്ര നേടിയിരുന്നു.
ഇപ്പോള്‍ വിവാദത്തിലായ ആന്‍സന്‍ ഫണ്ട്സിന്റെ ഉടമയായ മൊയെസ് കാസിമിന്റെ ഭാര്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണത്രെ മഹുവ മൊയ്ത്ര. മെയെസ് കാസിമിന്റെ ഭാര്യ മറീസ സെയ്ഗാള്‍ കസ്സം മഹുവ മൊയ്ത്രയുടെ അടുത്ത സുഹൃത്താണ്. ചില വ്യക്തികളെ ബലിയാടാക്കി ഷോര്‍ട് സെല്ലിംഗ് നടത്താന്‍ ഹിന്‍ഡന്‍ ബര്‍ഗ് റിസര്‍ച്ച് ഉടമ നെയ്റ്റ് ആന്‍ഡേഴ്സൻെ ആന്‍സന്‍ ഫണ്ട്സ് പ്രേരിപ്പിച്ചിരുന്നുവത്രെ. മാര്‍ക്കറ്റ് ഫ്രോഡ്സ് എന്ന വെബ്സൈറ്റ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഉടമ ആന്‍ഡേഴ്സനും ആന്‍സന്‍ ഫണ്ട്സും തമ്മിലുള്ള ഗൂഢബന്ധം പുറത്തുകൊണ്ടുവരുന്ന നിരവധി രേഖകള്‍ പ്രസിദ്ധീകരിച്ചതോടെയാണ് ഈ സ്ഥാപനവും അതിന്റെ ഉടമകളായ മെയെസ് കസമും ഭാര്യ മറീസ സെയ്ഗാള്‍ കസമും വിവാദനായകരായി മാറിയത്. ഇതോടെയാണ് മറീസ സെയ്ഗാള്‍ കസമിന്റെ സുഹൃത്തായ മഹുവ മൊയ്ത്രയും വിവാദത്തില്‍ പെട്ടിരിക്കുന്നത്.
അദാനി നടത്തിയെ അഴിമതിയെക്കുറിച്ച് 88 ചോദ്യങ്ങള്‍ ചോദിച്ച ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ കഴമ്പില്ലെന്ന് അതിനെക്കുറിച്ച് അന്വേഷണം നടത്തിയ ഇന്ത്യന്‍ ഓഹരി വിപണിയുടെ ചുമതലയുള്ള സെബി കണ്ടെത്തിയിരുന്നു. ഇപ്പോള്‍ ട്രംപ് അധികാരത്തില്‍ വന്നയുടന്‍ തങ്ങള്‍ ഹിന്‍ഡന്‍ ബര്‍ഗ് റിസര്‍ച്ച് അടച്ചുപൂട്ടുകയാണെന്ന് നാടകീയമായി ഉടമ നെയ്റ്റ് ആന്‍ഡെഴ്സന്‍ പ്രഖ്യാപിക്കുകയായിരുന്നു. അദാനിയ്‌ക്കെതിരെ കൈക്കൂലി കുറ്റം ചുമത്തിയതിന് യുഎസ് നീതിന്യായവകുപ്പിലെ അറ്റോര്‍ണി ജനറലിനോട് ട്രംപിന്റെ അനുയായിയായ നേതാവ് വിശദീകരണം ചോദിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയായ ഇന്ത്യയിലെ പ്രധാന ബിസിനസുകാരനായ അദാനിയ്‌ക്കെതിരെ കുറ്റാരോപണം നടത്തുന്നത് ട്രംപ് സര്‍ക്കാര്‍ തെറ്റിദ്ധരിക്കപ്പെടുന്നതിന് ഇടവരുത്തുമെന്നും ഈ നേതാവ് അഭിപ്രായപ്പെട്ടിരുന്നു. ഇതോടെ അദാനിയ്‌ക്കെതിരെ നീങ്ങിയ താനും അഴിയെണ്ണേണ്ടി വരുമോ എന്ന ഭയമാണ് പൊടുന്നനെ കമ്പനി പൂട്ടി മുങ്ങാന്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഉടമയായ നെയ്റ്റ് (നഥാന്‍ ) ആന്‍ഡേഴ്സനെ പ്രേരിപ്പിച്ചതെന്ന് കരുതപ്പെടുന്നു.
നെയ്റ്റ് (നഥാന്‍ ) ആന്‍ഡേഴ്സനെതിരെ നിരവധി ചോദ്യങ്ങള്‍ ഉയരുകയാണ്. അദ്ദേഹം വിവിധ രാജ്യങ്ങളിലെ ഓഹരിവിപണി ചൂഷണം ചെയ്തിട്ടുണ്ടെന്നും അതിന് വേണ്ടി ചില കമ്പനികള്‍ക്കെതിരെ ആസൂത്രിതമായി വിവാദ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുകയുമായിരുന്നു എന്നതാണ് ആന്‍ഡേഴ്സനെതിരായ പ്രധാന ആരോപണം. ആന്‍ഡേഴ്സനും ഹിന്‍ഡന്‍ ബര്‍ഗ് റിസര്‍ച്ചിനും എതിരെ ഇന്ത്യന്‍ സര്‍ക്കാരും ട്രംപ് സര്‍ക്കാരും സംയുക്തമായ ഒരു അന്വേഷണം പ്രഖ്യാപിച്ചേക്കുമെന്നും കരുതപ്പെടുന്നുണ്ട്. അങ്ങിനെയെങ്കില്‍ ഇന്ത്യയിലെ ചില കോണ്‍ഗ്രസ് നേതാക്കളും കുടുങ്ങിയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. അക്കൂട്ടത്തില്‍ പ്രതിസ്ഥാനത്തേക്ക് വരുന്ന വലിയൊരു നേതാവായി മാറിയിരിക്കുകയാണ് ഇപ്പോള്‍ മഹുവ മൊയ്ത്ര.
പണ്ട് മഹുവ മൊയ്ത്രയും ആന്‍സന്‍ ഫണ്ട്സിന്റെ മറീസ സെയ്ഗാള്‍ കസമും ജെപി മോര്‍ഗന്‍ എന്ന അമേരിക്കന്‍ ധനകാര്യ സ്ഥാപനത്തില്‍ ഒന്നിച്ച് ജോലി ചെയ്തിരുന്നു. 12 വര്‍ഷത്തോളം ജെപി മോര്‍ഗനില്‍ വൈസ് പ്രസിഡന്‍റായി മഹുവ മൊയ്ത്ര ജോലി ചെയ്തിട്ടുണ്ട്. പിന്നീടാണ് പൊടുന്നനെ അവര്‍ ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ പ്രവേശിക്കുന്നത്. ലണ്ടന്‍, ഹോങ്കോങ്ങ്, ന്യൂയോര്‍ക്ക് എന്നീ വിവിധ നഗരങ്ങളില്‍ ജെപി മോര്‍ഗന്റെ പ്രധാനപദവികളില്‍ ഇരുന്ന ആളാണ് മറീസ സെയ്ഗാള്‍ കസ്സം. അദാനി ഗ്രൂപ്പിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ മഹുവ മൊയ്ത്രയ്‌ക്ക് മറീസ സെയ്ഗാള്‍ കസ്സമിന്റെ സഹായങ്ങള്‍ കിട്ടിയിരുന്നോ എന്ന സംശയം ഉയരുന്നു. ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അദാനിയ്‌ക്കെതിരെ രണ്ട് റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചപ്പോഴും ഇന്ത്യയില്‍ ഏറ്റവുമധികം ബഹളം കൂട്ടിയ വ്യക്തിയാണ് മഹുവ മൊയ്ത്ര. ഇത് ഹിന്‍ഡന്‍ബര്‍ഗിന്റെ നിര്‍ദേശപ്രകാരമോ മറീസ് സെയ്ഗാള്‍ കസ്സമിന്റെ നിര്‍ദേശപ്രകാരമോ ചെയ്തതായിരിക്കാം എന്നാണ് അനുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: