Kerala

സമരത്തില്‍ നിന്ന് റേഷന്‍ വ്യാപാരികള്‍ പിന്മാറണമെന്ന് മന്ത്രി ജി ആര്‍ അനില്‍, ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള സമരങ്ങള്‍ക്ക് സര്‍ക്കാര്‍ എതിരല്ല

ഒരു മാസത്തെ കുടിശിക ചൂണ്ടിക്കാട്ടി എന്നെന്നേക്കുമായി റേഷന്‍ കട അടച്ചിടുന്നത് ശരിയല്ലെന്നും മന്ത്രി

Published by

തിരുവനന്തപുരം:ജനങ്ങളുടെ അന്നം മുട്ടിക്കുന്ന സമരരീതികളില്‍ നിന്ന് റേഷന്‍ വ്യാപാരികള്‍ പിന്മാറണമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍.ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള സമരങ്ങള്‍ക്ക് സര്‍ക്കാര്‍ എതിരല്ലെന്നും മന്ത്രി പറഞ്ഞു. റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

റേഷന്‍ വ്യാപാരികള്‍ ഉന്നയിച്ച നാല് ആവശ്യങ്ങളില്‍ രണ്ടെണ്ണം കേന്ദ്രമാണ് പരിഗണിക്കേണ്ടത്. വ്യാപാരികളുടെ ന്യായമായ ആവശ്യങ്ങള്‍ ധനമന്ത്രിയുടെ കൂടി സമയം പരിഗണിച്ച് ചര്‍ച്ച ചെയ്യാന്‍ തയാറാണ്.ഒരു മാസത്തെ റേഷന്‍ വിതരണത്തിന് 33.5 കോടി രൂപ കമ്മീഷന്‍ ഇനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ചെലവിടുന്നുണ്ട്.റേഷന്‍ വ്യാപാരികളുടെ വേതനം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യത്തോട് അനുഭാവപൂര്‍വമായ സമീപനമാണ് സര്‍ക്കാരിനുളളതെന്നും എന്നാല്‍ നിലവിലെ സാമ്പത്തിക സ്ഥിതി കൂടി കണക്കിലെടുക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

ക്ഷേമനിധി ആക്ട് കാലോചിതമായി ഭേദഗതി ചെയ്യാന്‍ കഴിഞ്ഞു. സമരക്കാരോട് ഒരു ശത്രുതയുമില്ല. ഒരു മാസത്തെ കുടിശിക ചൂണ്ടിക്കാട്ടി എന്നെന്നേക്കുമായി റേഷന്‍ കട അടച്ചിടുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.അത്തരം സമര രീതികളോട് യോജിപ്പില്ല.

സംസ്ഥാനത്ത് 14248 റേഷന്‍ കടകളാണ് ഉളളത്. ഈമാസം 27 മുതല്‍ അനിശ്ചിതകാല കടയടപ്പ് സമരം നടത്തുമെന്നാണ് റേഷന്‍ വ്യാപാരികള്‍ പ്രഖ്യാപിച്ചിട്ടുളളത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by