ന്യൂദെൽഹി:ജമ്മു കാശ്മീരിൽ അജ്ഞാതമായ രോഗം പടർന്ന് ഇതുവരെ 17 പേർ മരിച്ചു. രാജൗരി ജില്ലയിലാണ് ഇതുവരെ കാരണം കണ്ടെത്താനാകാത്ത അജ്ഞാത രോഗം മൂലം ആളുകൾ മരിക്കുന്നത്. കഴിഞ്ഞവർഷം ഡിസംബർ 7 മുതൽ കണ്ടുവന്ന ഈ രോഗം മൂലം ബദാൽ ഗ്രാമത്തിൽ അഞ്ചുപേർ മരിച്ചു. മരണത്തെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്രആഭ്യന്തര മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് മന്ത്രാലയം ഒരു 11 അംഗ ഇൻ്റർ മിനിസ്റ്റീരിയൽ ടീമിനെ നിയോഗിച്ചു. ഉന്നതലസംഘം കഴിഞ്ഞ ഞായറാഴ്ച രജൗരി ജില്ലയിൽ എത്തിയ സമയത്ത് ജമ്മുവിലെ സർക്കാർ മെഡിക്കൽ കോളേജിന്റെ അനുബന്ധ ആശുപത്രിയായ എസ്എംജിഎസ് ആശുപത്രിയിൽ ഒരു പെൺകുട്ടി കൂടി രോഗത്തിന് കീഴടങ്ങിയതോടെ മരണസംഖ്യ 17 ആയി ഉയർന്നു. ജമ്മു കാശ്മീർ മുഖ്യമന്ത്രി സുരീന്ദർ ചൗധരിയും ശനിയാഴ്‌ച്ച ബാദൽ ഗ്രാമത്തിലെത്തി. അജ്ഞാത രോഗം ബാധിച്ച കുടുംബാംഗങ്ങളെ കാണുകയും അവരുമായി സംസാരിക്കുകയും ചെയ്തു. രോഗകാരണം ഉടൻ കണ്ടെത്തുമെന്ന് അദ്ദേഹം ജനങ്ങൾക്ക് ഉറപ്പുനൽകി. ബാദൽ ഗ്രാമത്തിലെ ഒരു നീരുറവയിൽ നിന്ന് എടുത്ത സാമ്പിളുകളിൽ കീടനാശിനികളുടെ അംശം കണ്ടെത്തിയതായി ജൽശക്തി ഡിവിഷൻ അറിയിച്ചു. തുടർന്ന് ഈ പ്രദേശം സീൽ ചെയ്തു. പൂനയിലെ ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് വൈറോളജി, പിജിഐ ചാണ്ഡിഗഡ്, എയിംസ് ദെൽഹി എന്നിവയിലെ വിദഗ്ധർ ഇതിനകം രജപുരി സന്ദർശിച്ചു സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. പനിയും വിയർപ്പുമാണ് രോഗത്തിന്റെ ലക്ഷണങ്ങൾ. ഇതുവരെ വൈറസ്, ബാക്ടീരിയ എന്നിവ മൂലമുള്ള അണുബാധ കണ്ടെത്താനായിട്ടില്ല. എന്നാൽ ചില രോഗികളിൽ ന്യൂറോ ടോക്സിനുകൾ കണ്ടെത്തിയിട്ടുണ്ട്. തലച്ചോറിന്റെയും നാഡീവ്യൂഹത്തിന്റെയും പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന രാസവസ്തുക്കളാണ് ഇതിൽ അടങ്ങിയിട്ടുള്ളത്. മരണകാരണങ്ങളെ കുറിച്ച് ജമ്മു കാശ്മീർ പോലീസിന്റെ പ്രത്യേകാന്വേഷണ സംഘവും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക