കണ്ണൂര്‍ : തനിക്ക് ബിനാമി സ്വത്തുക്കളുണ്ടെന്നും ഭര്‍ത്താവിന്റെയും ബിനാമികളുടെയും പേരില്‍ സ്ഥലങ്ങള്‍ വാങ്ങിക്കൂട്ടിയെന്നും ആരോപണമുന്നയിച്ച കെ എസ് യു നേതാവ് മുഹമ്മദ് ഷമ്മാസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കണ്ണൂര്‍ ജില്ലാ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ.ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ദിവ്യയുടെ പ്രതികരണം. കഴിഞ്ഞ മൂന്ന് മാസമായി കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തനിക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ നടത്തുകയാണെന്നും ദിവ്യ കുറ്റപ്പെടുത്തി.
തനിക്കെതിരെ നടത്തുന്ന വ്യാജ പ്രചാരണങ്ങളില്‍ ഒന്ന് പാലക്കയം തട്ടില്‍ 14 ഏക്കര്‍ ഭൂമിയും, റിസോര്‍ട്ടും, സ്വന്തമായുണ്ട് എന്നൊക്കെയാണ്. ഇതൊക്കെ മുഹമ്മദ് ഷമ്മാസ് തെളിയിക്കണമെന്ന് പി പി ദിവ്യ പറഞ്ഞു.ഭര്‍ത്താവിന്റെ പേരില്‍ ബിനാമി പെട്രോള്‍ പമ്പ് ഉണ്ടെന്ന് പറഞ്ഞതും തെളിയിക്കണം. ഇല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ കരാറുകള്‍ ബിനാമി കമ്പനിക്ക് നല്‍കി. കമ്പനി ഉടമയായ ആസിഫിന്റെയും ദിവ്യയുടെ ഭര്‍ത്താവിന്റേയും പേരില്‍ സ്ഥലങ്ങള്‍ വാങ്ങിക്കൂട്ടിയെന്നും ഷമ്മാസ് ആരോപിച്ചിരുന്നു.
അതേസമയം സാമൂഹ്യ മാധ്യമത്തില്‍ അശ്ലീല പരാമര്‍ശം നടത്തിയ ആള്‍ക്കെതിരെ പി പി ദിവ്യ പരാതി നല്‍കി. ഹണി റോസിന് കിട്ടിയ നീതി എല്ലാ പെണ്ണുങ്ങള്‍ക്കും കിട്ടട്ടെ എന്ന് കുറിച്ച് കൊണ്ടാണ് കമന്റിട്ടയാളുടെ വിവരങ്ങളും സ്‌ക്രീന്‍ ഷോട്ടുകളും ദിവ്യ പങ്കുവച്ചത്.
എല്ലാ മേഖലയിലും സ്ത്രീകളുടെ കടന്നു വരവ് അവളുടെ സ്വാതന്ത്ര്യ പ്രഖ്യാപനമാണ്. അതില്‍ അസ്വസ്ഥമാവുന്ന ഒരു വലിയ വിഭാഗം ഉണ്ട്. ചിലര്‍ക്ക് എന്ത് അശ്ലീലവും വിളിച്ചു പറയാന്‍ ഒരിടം. അത്തരം ആളുകളുടെ മുഖം പലപ്പോഴും അദൃശ്യമാണ്. അമ്മയോടും പെങ്ങളോടും, ഭാര്യയോടും ഉള്ള സമീപനം എന്താണോ അതു തന്നെയാണ് ഇത്തരക്കാര്‍ സമൂഹ മാധ്യമങ്ങളില്‍ ചെയ്യുന്നതെന്നും ദിവ്യ ഫേസ്ബുക്കില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക