തിരുവനന്തപുരം: ഭരണിക്കാവ് ഭഗവതിക്ഷേത്ര പൂജാരിയുടെ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി രക്ഷപ്പെട്ട സ്കൂട്ടർ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടെത്തി. പ്രതിയെക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടെ വൈകുന്നേരത്തോടെയാണ് ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനില്‍ ടിക്കറ്റ് കൗണ്ടറിനു സമീപത്ത് നിന്നും അന്വേഷണ സംഘം സ്‌കൂട്ടര്‍ കണ്ടെത്തിയത്.
കൊലയ്‌ക്ക് ശേഷം വീട്ടിലുണ്ടായിരുന്ന സ്‌കൂട്ടറുമായിട്ടാണ് പ്രതി രക്ഷപ്പെട്ടത്. പ്രതി ട്രെയിനില്‍ രക്ഷപ്പെട്ടെന്നാണ് പോലീസ് നിഗമനം. സ്റ്റേഷനിലെത്തിച്ച സ്‌കൂട്ടര്‍ ഇന്ന് പോലീസ് വിശദമായി പരിശോധിക്കും. പെരുമാതുറയില്‍ ഇയാള്‍ താമസിച്ചിരുന്ന വീടും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ വീട് വാടകയ്‌ക്കെടുത്തിട്ട് കുറച്ചു ദിവസങ്ങളേ ആയിട്ടുള്ളു. ഈ വീടും പോലീസ് ഇന്ന് തുറന്നു പരിശോധിക്കും.
ക്ഷേത്ര പൂജാരി രാജീവിന്റെ ഭാര്യ വെഞ്ഞാറമൂട് ആലിയാട് പ്ലാവിള വീട്ടില്‍ ആതിര (30) നെയാണ് കഴുത്തറുത്ത് കൊല ചെയ്ത നിലയില്‍ വീട്ടില്‍ കണ്ടെത്തിയത്. സംഭവത്തില്‍ യുവതി ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടുവെന്ന് കരുതുന്ന എറണാകുളം സ്വദേശിയായ യുവാവിനായി പോലീസ് തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. വടക്കേവിള പാടിക്കവിളാകം ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിന് സമീപമാണ് സംഭവം.
രാജീവ് ക്ഷേത്രത്തിലെ പൂജ കഴിഞ്ഞ് 11.30 മണിയോടെ വീട്ടിലെത്തുമ്പോഴാണ് ഭാര്യ ആതിരയെ കൊല ചെയ്ത നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ കത്തി കുത്തിയിറക്കി ആഴത്തില്‍ കഴുത്ത് മുറിച്ച നിലയിലാണ് മൃതദേഹം കണ്ടത്. രാജീവ് ക്ഷേത്ര ഭാരവാഹികളെയും കഠിനംകുളം പോലീസിനെയും വിവരം അറിയിച്ചു. കഴക്കൂട്ടത്ത് സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്ന ആറ് വയസുള്ള മകന്‍ ഗോവിന്ദിനെ 8.30 മണിയോടെ സ്‌കൂള്‍ ബസില്‍ കയറ്റി അയയ്‌ക്കുന്നത് അയല്‍വാസികള്‍ കണ്ടിരുന്നു. അതിനു ശേഷമാണ് ആതിര കൊല്ലപ്പെട്ടത്.
കൊലപാതകി സംഭവശേഷം ആതിരയുടെ സ്‌കൂട്ടറില്‍ തന്നെ രക്ഷപ്പെട്ടു. 24 വര്‍ഷമായി കായംകുളം സ്വദേശിയായ രാജീവ് ഭരണിക്കാവ് ഭഗവതിക്ഷേത്രത്തിലെ പൂജാരിയാണ്. എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വെഞ്ഞാറമുട് ആലിയാട് സ്വദേശിയായ കുട്ടപ്പന്റെയും അമ്പിളിയുടെയും മകള്‍ ആതിരയെ വിവാഹം കഴിച്ചത്. ക്ഷേത്ര ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്.
ആരതിയാണ് ആതിരയുടെ സഹോദരി. കൊലപാതകി എന്ന് സംശയിക്കുന്നയാള്‍ മതില്‍ ചാടിക്കടന്ന് തൊട്ടടുത്ത വീടിന്റെ ടെറസില്‍ കയറിയ ശേഷം ആതിര താമസിക്കുന്ന വീട്ടിലേക്ക് ചാടിയിറങ്ങിയതായി പോലീസ് സംശയിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക