Kerala

സംസ്ഥാനത്ത് റേഷൻ വിതരണം പ്രതിസന്ധിയിൽ; വാതിൽപ്പടി സേവനം മുടങ്ങിയിട്ട് മുന്നാഴ്ച പിന്നിടുന്നു, കരാറുകാർക്ക് നൽകാനുള്ളത് ലക്ഷങ്ങൾ

ഭീമമായ കുടിശിക തീര്‍ക്കണം എന്നാവശ്യപ്പെട്ടാണ് ജനുവരി ഒന്ന് മുതല്‍ കരാറുകാര്‍ സമരം പ്രഖ്യാപിച്ചത്. ഈ പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ മുന്‍ഗണന വിഭാഗത്തിനുള്ള അരിവിതരണം കൂടെ മുടങ്ങുമെന്ന് റേഷന്‍ വ്യാപാരികള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഈ മാസം 27 മുതല്‍ റേഷന്‍ വ്യാപാരികള്‍ കൂടി അനിശ്ചിതകാല കടയടപ്പ് സമരം പ്രഖ്യാപിച്ചിട്ടുണ്ട്.

Published by

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കടകൾ വഴിയുള്ള അരി വിതരണം പ്രതിസന്ധിയിൽ. വാതിൽപ്പടി സേവനം മുടങ്ങിയിട്ട് മുന്നാഴ്ച പിന്നിടുന്നു. കടകളിൽ നിലവിലുള്ള സ്റ്റോക്ക് ഉടൻ തീരും. പ്രശ്‌ന പരിഹാരം ആയില്ലെങ്കിൽ റേഷൻ കടകൾ അടച്ചിടേണ്ടി വരുമെന്നും റേഷൻ വ്യാപാരികൾ പറയുന്നു. ഒന്നിടവിട്ട മാസങ്ങളിൽ റേഷൻ വ്യാപാരികളും വാതിൽപ്പടി സേവനം നൽകുന്ന കരാറുകാരും സമരം ചെയ്യേണ്ട ഗതികേടിലാണ്.

രണ്ടു വർഷത്തിനിടെ കരാറുകാർ ബിൽ കുടിശികയ്‌ക്കായി നടത്തുന്ന നാലാമത്തെ സമരമാണിത്. മൂന്നര മാസത്തെ കുടിശികയായി ലക്ഷങ്ങളാണ് കരാറുകാർക്ക് നൽകാനുള്ളത്. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള ബിൽ തുക കുടിശിക പൂർണമായും സെപ്റ്റംബറിലെ കുടിശിക ഭാഗികമായും നൽകാനുണ്ട്.

സംസ്ഥാനത്തെ ഒട്ടുമിക്ക റേഷന്‍ കടകളിലും ഏതാനും ചാക്ക് അരി മാത്രമാണ് നിലവില്‍ സ്റ്റോക്കുള്ളത് . കഴിഞ്ഞ മൂന്നാഴ്ചയും വിതരണം ചെയ്തത് നേരത്തെയുള്ള സ്റ്റോക്കില്‍ നിന്നുള്ള അരിയാണ്. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എഫ്‌സിഐ) ഗോഡൗണുകളിൽ നിന്ന് സപ്ലൈക്കോയുടെ എൻഎഫ്എസ്എ ഗോഡൗണുകളിലേക്കും അവിടെ നിന്ന് റേഷൻ കടകളിലേക്കും അരി എത്തിക്കുന്ന വിതരണ കരാറുകാരുടെ പണിമുടക്കാണ് പ്രതിസന്ധി സൃഷ്ടിച്ചത്.

നേരത്തെയുള്ള ഭീമമായ കുടിശിക തീര്‍ക്കണം എന്നാവശ്യപ്പെട്ടാണ് ജനുവരി ഒന്ന് മുതല്‍ കരാറുകാര്‍ സമരം പ്രഖ്യാപിച്ചത്. ഈ പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ മുന്‍ഗണന വിഭാഗത്തിനുള്ള അരിവിതരണം കൂടെ മുടങ്ങുമെന്ന് റേഷന്‍ വ്യാപാരികള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഈ മാസം 27 മുതല്‍ റേഷന്‍ വ്യാപാരികള്‍ കൂടി അനിശ്ചിതകാല കടയടപ്പ് സമരം പ്രഖ്യാപിച്ചിട്ടുണ്ട്. വേതന പരിഷ്കരണം അടക്കം ആവശ്യപ്പെട്ടാണ് റേഷന്‍ വ്യാപാരികള്‍ സമരം പ്രഖ്യാപിച്ചത്. ഇതും റേഷന്‍ ഗുണഭോക്താക്കള്‍ക്ക് പ്രതിസന്ധിയാകും.

റേഷന്‍ വിഹിതം മാത്രം ആശ്രയിച്ച് കഴിയുന്ന മനുഷ്യരെയാണ് നിലവിലെ പ്രതിസന്ധി സാരമായി ബാധിക്കുന്നത്. റേഷൻ കടകളിലെ ഇ-പോസ് യന്ത്രങ്ങളുടെ പരിപാലനം നടത്തുന്ന കമ്പനി ഈ മാസം 31ന് സേവനം നിർത്തുമെന്നു പ്രഖ്യാപിച്ചിട്ടുള്ളതും ഭക്ഷ്യപൊതുവിതരണ വകുപ്പിനു തിരിച്ചടിയാണ്. സേവന ഫീസ് ഇനത്തിൽ കോടിക്കണക്കിനു രൂപയുടെ കുടിശിക നൽകാനും വാർഷിക പരിപാലന കരാർ പുതുക്കാനും സർക്കാർ തയാറാകാത്തതിനാലാണ് കമ്പനിയുടെ പിന്മാറ്റം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by