Vicharam

കൊടുംക്രൂരതയ്‌ക്ക് കൊലക്കയര്‍

അതിവിദഗ്ധമായാണ് ഗ്രീഷ്മ യുവാവിനെ കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഷാരോണിന്റെ വീട്ടില്‍വച്ചും പള്ളിയില്‍ വച്ചും താലികെട്ടിയശേഷം യുവാവിനൊപ്പം ഇറങ്ങിച്ചെല്ലാമെന്ന് വിശ്വസിപ്പിച്ചാണ് യുവതി നീചകൃത്യം ചെയ്തത്‌.

Published by

കാമുകനെ കഷായത്തില്‍ വിഷം കലര്‍ത്തി കുടിപ്പിച്ച് കൊലപ്പെടുത്തിയ പാറശ്ശാല സ്വദേശി ഗ്രീഷ്മയ്‌ക്ക് വിചാരണക്കോടതി വധശിക്ഷ വിധിച്ചത് അധികമായെന്ന് സാമാന്യബോധമുള്ളവരും സന്മാര്‍ഗ ചിന്തയുള്ളവരും വിചാരിക്കില്ല. തന്നെക്കാള്‍ ഒരു വയസ്സ് കുറവുള്ള ഷാരോണ്‍ രാജ് എന്ന കോളജ് വിദ്യാര്‍ത്ഥിയെ വര്‍ഷങ്ങളോളം പ്രണയിച്ചശേഷമാണ് യുവതി ആസൂത്രിതമായി കൊന്നുകളഞ്ഞത്. സൈനികനായ മറ്റൊരാളുമായി വിവാഹാലോചന വന്നപ്പോഴായിരുന്നു സ്നേഹത്തോടെ വീട്ടിലേക്ക് വിളിച്ചുവരുത്തി കളനാശിനി കലര്‍ത്തിയ കഷായം നല്‍കിയത്. വിഷം അകത്തു ചെന്ന യുവാവ് പതിനൊന്ന് ദിവസം ആശുപത്രിയില്‍ കിടന്ന് ആന്തരികാവയവങ്ങള്‍ ദ്രവിച്ചാണ് മരണത്തിന് കീഴടങ്ങിയത്. ജ്യൂസ് ചലഞ്ച് എന്ന പേരില്‍ ശീതളപാനീയത്തില്‍ പാരസെറ്റമോള്‍ ഗുളികകള്‍ പൊടിച്ചിട്ട് യുവാവിനെ കുടിപ്പിച്ച് അപായപ്പെടുത്താന്‍ യുവതി നേരത്തെ ശ്രമിച്ചിരുന്നു. എന്നാല്‍ വല്ലാത്ത കയ്‌പ്പുതോന്നി യുവാവ് അത് തുപ്പിക്കളയുകയായിരുന്നു. ഈ ശ്രമം പരാജയപ്പെട്ടപ്പോഴാണ് പ്രലോഭിപ്പിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷം നല്‍കിയത്. ഇതിനുശേഷവും യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നു. എന്താണ് കഷായത്തിനൊപ്പം കലര്‍ത്തിയതെന്ന് പറഞ്ഞാല്‍ മതിയായിരുന്നു. അതിനുപോലും തയ്യാറാവാതെ, പ്രാണനുതുല്യം തന്നെ സ്നേഹിച്ചവനെ കൊലയ്‌ക്കു കൊടുക്കുകയായിരുന്നു. ആശുപത്രിയില്‍ മരണത്തോട് മല്ലടിക്കുമ്പോഴും താന്‍ സ്നേഹിച്ചവളെ കുറ്റപ്പെടുത്താന്‍ ഈ യുവാവ് തയ്യാറായതുമില്ല.

അതിവിദഗ്ധമായാണ് ഗ്രീഷ്മ യുവാവിനെ കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഷാരോണിന്റെ വീട്ടില്‍വച്ചും പള്ളിയില്‍ വച്ചും താലികെട്ടിയശേഷം യുവാവിനൊപ്പം ഇറങ്ങിച്ചെല്ലാമെന്ന് വിശ്വസിപ്പിച്ചാണ് യുവതി നീചകൃത്യം ചെയ്തത്. ഗ്രീഷ്മ നല്‍കിയ കഷായമാണ് താന്‍ കുടിച്ചതെന്ന് ഷാരോണ്‍ മജിസ്ട്രേറ്റിനു മുന്നില്‍ നല്‍കിയ മരണമൊഴിയാണ് കേസില്‍ നിര്‍ണായകമായത്. കീടനാശിനി കലര്‍ത്തിയ കഷായം കുടിച്ചതാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തിലും തെളിഞ്ഞിരുന്നു. പെട്ടെന്നുള്ള പ്രകോപനങ്ങള്‍കൊണ്ട് ചില മനുഷ്യര്‍ കൊലപാതകം ഉള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ ചെയ്തെന്നിരിക്കും. എന്നാല്‍ ഗ്രീഷ്മയുടെ കാര്യത്തില്‍ സംഭവിച്ചത് അതല്ല. അത്യന്തം വിഷലിപ്തമായ മനസ്സോടെ ഒരു യുവാവിന്റെ ജീവന്‍ അപഹരിക്കുകയായിരുന്നു. പ്രകോപനമൊന്നുമില്ലാതെയാണ് കൊലപാതകം നടത്തിയതെന്ന് കോടതിവിധിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അവസാന നിമിഷംവരെ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ച ഗ്രീഷ്മയുടെ കൗശലം വിജയിച്ചില്ലെന്നും, സ്നേഹിക്കുന്ന ഒരാളെയും വിശ്വസിക്കാന്‍ കൊള്ളില്ലെന്ന സന്ദേശമാണ് ഈ കേസ് നല്‍കുന്നതെന്നും കോടതി പറയുകയുണ്ടായി. സ്നേഹബന്ധം തുടരുമ്പോഴും ഷാരോണിനെ കൊലപ്പെടുത്താന്‍ ഗ്രീഷ്മ ശ്രമിച്ച കാര്യം കോടതിവിധിയില്‍ എടുത്തു പറയുന്നുണ്ട്.

ഇത്ര ചെറുപ്രായത്തില്‍ കേരളത്തില്‍ വധശിക്ഷ ലഭിക്കുന്ന ആദ്യ സ്ത്രീയാണ് ഗ്രീഷ്മ. പ്രായം കുറവായതിനാല്‍ പ്രതിക്ക് വധശിക്ഷ ലഭിക്കില്ലെന്ന ധാരണ ചിലര്‍ക്കുണ്ടായിരുന്നു. തനിക്ക് പരമാവധി ലഭിക്കുന്നത് ജീവപര്യന്തമായിരിക്കുമെന്നും, അതു കഴിഞ്ഞു താന്‍ ജീവിക്കുമെന്നും ഗ്രീഷ്മ പറഞ്ഞതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ കേസിന്റെ അതിക്രൂരമായ സ്വഭാവം പരിഗണിച്ച കോടതി ചിന്തിച്ചത് മറ്റൊരു വഴിക്കാണ്. പ്രതിയുടെ പ്രായം കോടതിക്ക് കണക്കിലെടുക്കാനാവില്ലെന്നും, പ്രതിയെ മാത്രം കണ്ടാല്‍ പോരെന്നും കോടതി നിരീക്ഷിച്ചു. പ്രതി നേരത്തെ മറ്റു കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിട്ടില്ല എന്ന വാദവും കണക്കിലെടുക്കാന്‍ കഴിയില്ല. ഗ്രീഷ്മ നേരത്തെയും ഒരു വധശ്രമം നടത്തി. വീണ്ടും വീണ്ടും കുറ്റകൃത്യം ചെയ്തുവെന്നും, തനിക്ക് എതിരായ തെളിവുകള്‍ ഗ്രീഷ്മ സ്വയം ചുമന്നു നടക്കുകയായിരുന്നുവെന്നും കോടതി പറയുകയുണ്ടായി. ജയിലില്‍വച്ച് അണുനാശിനി കുടിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചതുപോലും കോടതിയുടെ അനുഭാവം പിടിച്ചുപറ്റി കുറഞ്ഞശിക്ഷ ലഭിക്കാനുള്ള അടവായിരിക്കാം. ഏതു സാഹചര്യത്തിലും വധശിക്ഷ ഒഴിവാക്കണമെന്നു വാദിക്കുന്ന ഒരു വിഭാഗം, സമൂഹത്തില്‍ വളരെ സജീവമാണ്. കരുതിക്കൂട്ടി നിരപരാധികളെ കൂട്ടക്കൊല ചെയ്യുന്ന ഭീകരര്‍ക്കുപോലും വധശിക്ഷ നല്‍കരുതെന്നാണല്ലോ സിപിഎമ്മിനെപ്പോലുള്ള രാഷ്‌ട്രീയ പാര്‍ട്ടികളുടെ നിലപാട്. മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്മല്‍ കസബിനും, പാര്‍ലമെന്റാക്രമണ കേസിലെ പ്രതി അഫ്സല്‍ ഗുരുവിനും വധശിക്ഷ നല്‍കരുതെന്ന് വാദിക്കാനും ആളുകളുണ്ടായി. ഇക്കൂട്ടര്‍ക്ക് വീണ്ടുവിചാരം ഉണ്ടാവേണ്ടിയിരിക്കുന്നു. കൊടുംകുറ്റവാളികളെ ജയിലിലടച്ച് മാനസാന്തരപ്പെടുത്താന്‍ കഴിയില്ല. ഈ കേസില്‍ പ്രതിക്ക് ലഭിച്ച വധശിക്ഷ മാതൃകാപരമാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by