Kerala

പാറപ്രത്ത് മുസ്ലിം പള്ളി തകര്‍ത്തത് പിണറായിയുടെ സഹോദരനെന്ന് കെ.എം. ഷാജി; പരസ്യ പ്രതികരണത്തില്‍ ഉത്തരം മുട്ടി സിപിഎം നേതൃത്വം

Published by

കണ്ണൂര്‍: തലശ്ശേരി കലാപസമയത്ത് പിണറായി പാറപ്രത്ത് മുസ്ലിം പള്ളി തകര്‍ത്തത് മുഖ്യമന്ത്രി പിണറായി വിജയന്റെ സഹോദരനാണെന്ന ലീഗ് നേതാവ് കെ.എം. ഷാജിയുടെ പരസ്യ പ്രതികരണത്തില്‍ ഉത്തരം മുട്ടി സിപിഎം നേതൃത്വം. പിണറായിയുടെ സഹോദരന്‍ കുമാരനാണ് പാറപ്രത്തെ പള്ളിപൊളിച്ചതെന്ന് പയ്യന്നൂരിലെ പൊതു യോഗത്തിലാണ് ഷാജി പറഞ്ഞത്. തലശ്ശേരി കലാപവും പാറപ്രത്തെ പള്ളിപൊളിച്ച കേസിന്റെ രേഖകളും പരിശോധിച്ചാല്‍ ഇത് വസ്തുതയാണെന്ന് വ്യക്തമാവും. 1971ലെ കലാപത്തോടനുബന്ധിച്ച് തലശ്ശേരിയിലും പരിസരപ്രദേശങ്ങളിലുമായി നിരവധി ആരാധനാലയങ്ങള്‍ക്കുനേരെ വ്യാപകമായ അക്രമമുണ്ടായെങ്കിലും പാറപ്രം പള്ളി മാത്രമാണ് മുച്ചൂടും നശിപ്പിക്കപ്പെട്ടത്.

1971 ഡിസംബര്‍ 29, 30 തീയതികളിലാണ് പാറപ്രം പള്ളിക്കുനേരെ അക്രമം നടന്നത്. 29ന് അര്‍ധരാത്രിയാണ് പള്ളിക്ക് നേരെ ആദ്യ അക്രമം നടന്നത്. ആദ്യദിവസം ഭാഗികമായി തകര്‍ത്ത പള്ളി 30ന് രാത്രി പൂര്‍ണമായും തകര്‍ക്കപ്പെട്ടു. പള്ളിയുടെ നിലവറ തകര്‍ത്ത അക്രമികള്‍ അവിടെ സൂക്ഷിച്ച നിലവിളക്കുകളും ഓട്ടുപാത്രങ്ങളും മോഷ്ടിച്ചു. ചിലത് സമീപത്തുള്ള കിണറ്റില്‍ നിക്ഷേപിച്ചു. പള്ളിയിലെ ഭണ്ഡാരം വെട്ടിപ്പൊളിച്ച അക്രമികള്‍ അതിലെ സ്വര്‍ണവും പണവും മോഷ്ടിച്ചു.
ജില്ലയില്‍ ആദ്യമായി സ്‌ഫോടക വസ്തു ഉപയോഗിച്ച് നടത്തിയ അക്രമം എന്ന പ്രത്യേകതയും പാറപ്രം അക്രമത്തിനുണ്ട്. പള്ളി അടിച്ച് തകര്‍ത്ത സിപിഎം സംഘം ആര്‍എസ്എസുകാര്‍ പള്ളി തകര്‍ത്തുവെന്ന് വ്യാപകമായ പ്രചാരണമഴിച്ച് വിട്ടു. എന്നാല്‍ കതിരൂര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളുടെ ലിസ്റ്റ് പരിശോധിച്ചാല്‍ അക്രമത്തിന് പിന്നിലെ യഥാര്‍ത്ഥ വസ്തുത നമുക്ക് മനസിലാകും.

സിപിഎമ്മുകാരായ പിണറായി കുമാരന്‍, തോണിയത്ത് കുഞ്ഞിരാമന്‍, സിപിഐക്കാരനായ ആര്‍. പുരുഷു, കോണ്‍ഗ്രസുകാരനായ കോമത്ത് പുരുഷു തുടങ്ങി മുന്നൂറോളം പേരായിരുന്നു കേസിലെ പ്രതികള്‍. പ്രദേശത്തെ അബ്ദുറഹ്മാന്‍ എന്നയാള്‍ ധര്‍മ്മടം സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ ക്രൈം നമ്പര്‍ 23/72 പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളെ വ്യക്തമായ തെളിവില്ലെന്ന കാരണത്താല്‍ കോടതി പിന്നീട് വെറുതെവിടുകയായിരുന്നു.

പിണറായി ടൗണില്‍ ബേക്കറി നടത്തിയിരുന്ന കുമാരന്‍ സൈക്കിളില്‍ മറ്റ് കടകളിലേക്ക് പലഹാരമെത്തിച്ചിരുന്നു. പിണറായി വിജയനെപോലെ തന്നെ അന്ന് പ്രദേശത്തെ പ്രധാന സിപിഎം പ്രവര്‍ത്തകനായിരുന്നു പിണറായി കുമാരനും. പിണറായി കുമാരന് വേണ്ടി പള്ളി തകര്‍ത്ത കേസ് വാദിച്ചത് കണ്ണൂര്‍ ബാറിലെ അഭിഭാഷകനായിരുന്ന അഡ്വ. രാജനായിരുന്നു. പിണറായി വിജയന്റെ സഹപാഠിയും സന്തതസഹചാരിയുമായിരുന്നു അഡ്വ. രാജന്‍.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക