Kerala

ഒയാസിസ് കമ്പനിക്ക് വെള്ളം നല്കില്ലെന്ന് വാട്ടര്‍ അതോറിറ്റി; മദ്യ നിര്‍മാണ കമ്പനി വാട്ടര്‍ അതോറിറ്റിയെയും തെറ്റിദ്ധരിപ്പിച്ചു

പാലക്കാട്: എലപ്പുള്ളിയില്‍ വരുന്ന മദ്യനിര്‍മാണ കമ്പനിക്കു വെള്ളം നല്കില്ലെന്നു വാട്ടര്‍ അതോറിറ്റി. മദ്യ നിര്‍മാണ കമ്പനി വാട്ടര്‍ അതോറിറ്റിയെയും തെറ്റിദ്ധരിപ്പിച്ചു. മദ്യനിര്‍മാണത്തിനാണെന്ന് അപേക്ഷയില്‍ പറഞ്ഞിരുന്നില്ലെന്ന് വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിങ് എന്‍ജിനീയര്‍ ഇ.എന്‍. സുരേന്ദ്രന്‍.

പെട്രോളിയം കമ്പനികള്‍ക്കുള്ള എഥനോള്‍ നിര്‍മാണത്തിനാവശ്യമായ ടെണ്ടറിനെന്നു പറഞ്ഞാണ് വാട്ടര്‍ അതോറിറ്റിയെ 2023ല്‍ ഒയാസിസ് സമീപിച്ചത്. കിന്‍ഫ്രയിലേക്കെന്നായിരുന്നു അപേക്ഷയില്‍. കിന്‍ഫ്രയ്‌ക്കായി സജ്ജീകരിക്കുന്ന പദ്ധതി വരുന്നുണ്ടെന്നും അവര്‍ സമ്മതിക്കുകയാണെങ്കില്‍ അതില്‍ നിന്നു വെള്ളമെടുക്കാമെന്നുമാണ് ഒയാസിനെ അറിയിച്ചത്. വ്യാവസായിക ആവശ്യത്തിനു കിന്‍ഫ്ര മുതല്‍ മുടക്കിയ പ്രതിദിനം 10 ലക്ഷം ലിറ്റര്‍ വെള്ളമെത്തിക്കുന്ന പദ്ധതിയുണ്ട്. ഇതിന്റെ പൈപ്പ്ലൈന്‍ പൂര്‍ത്തിയായില്ല. ആ പദ്ധതിയില്‍ നിന്നു വെള്ളം ‘സ്‌പെയര്‍’ ചെയ്യാവുന്നതാണെന്നു മാത്രമാണ് 2023 ജൂണില്‍ കമ്പനിയുടെ ടെണ്ടറിനു നല്കിയ കത്തിനു മറുപടിയായി അന്നത്തെ ചീഫ് എന്‍ജിനീയര്‍ വ്യക്തമാക്കിയത്.

എഥനോള്‍ നിര്‍മാണ കമ്പനിക്കു ടെണ്ടറില്‍ പങ്കെടുക്കാനുള്ള അവസരത്തിനുള്ള റിപ്പോര്‍ട്ട് എന്നതിലുപരി മദ്യനിര്‍മാണ കമ്പനിയാണെന്നോ മലമ്പുഴയില്‍ നിന്നുള്ള വെള്ളം സംബന്ധിച്ചോ ചര്‍ച്ചയൊന്നും കമ്പനിയുമായി നടത്തിയില്ലെന്നും സൂപ്രണ്ടിങ് എന്‍ജിനീയര്‍ പറഞ്ഞു. കിന്‍ഫ്ര സ്വന്തം മുതല്‍ മുടക്കിലൊരുക്കുന്ന പദ്ധതിയുടെ കാര്യം ജല അതോറിറ്റിക്കു മാത്രം തീരുമാനിക്കാനാകില്ല. കിന്‍ഫ്രയുടെ സമ്മതം കൂടി ആവശ്യമാണ്. കൂടാതെ പദ്ധതിയുടെ പൈപ്പ്ലൈന്‍ പൂര്‍ത്തിയാകാത്തതിനാല്‍ അത് പൂര്‍ത്തിയാകുന്ന മുറയ്‌ക്കു പരിഗണിക്കാമെന്നു മാത്രമേ സൂചിപ്പിച്ചിരുന്നുള്ളൂവെന്നും അദ്ദേഹം അറിയിച്ചു. മദ്യനിര്‍മാണത്തിനാണെന്നത് അറിഞ്ഞത് ഇപ്പോള്‍ മാത്രമാണെന്നും വാട്ടര്‍ അതോറിറ്റി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. വ്യാവസായിക ആവശ്യത്തിനു വെള്ളം നല്കാനാകില്ലെന്ന് വാട്ടര്‍ അതോറിറ്റി സര്‍ക്കാരിനെ അറിയിച്ചു.

വെള്ളം കൊടുക്കണോയെന്നതില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണ്. കുടിവെള്ളത്തില്‍ നിന്നുള്ള വിഹിതം കൊടുക്കാനാകില്ല. പാലക്കാട് ജില്ലയില്‍ കുടിവെള്ളം തന്നെ കൊടുക്കാനില്ലാത്ത സ്ഥിതിയാണെന്നും അധികൃതര്‍ പറഞ്ഞു.

അതേ സമയം, മലമ്പുഴ ഡാമില്‍ ചെളിയും എക്കലുമടിയുന്നതിനാല്‍ കൃഷിക്കും കുടിക്കാനുമല്ലാതെ വ്യാവസായികാവശ്യത്തിനു വെള്ളം നല്കാനാകില്ലെന്ന് 2017ല്‍ അന്നത്തെ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ജില്ലാ കളക്ടര്‍ക്കു കൊടുത്ത റിപ്പോര്‍ട്ടില്‍ പറയുന്നു. ഓരോ വര്‍ഷവും ചെളിയും എക്കലുമടിയുന്നതു മൂലം 28.26 ദശലക്ഷം ഘനമീറ്റര്‍ സംഭരണ ശേഷിയാണു ഡാമില്‍ കുറയുന്നത്.

197 ദശലക്ഷം ഘനമീറ്റര്‍ സംഭരണ ശേഷിയുള്ള ഡാമില്‍ നിന്നു രണ്ടാംവിള കൃഷിക്ക് 188.328, കുടിവെള്ളത്തിന് 21.96, എന്നിങ്ങനെ ദശലക്ഷം ഘനമീറ്റര്‍ വെള്ളം നല്കിയാല്‍ വ്യാവസായികാവശ്യത്തിനു വെള്ളം കൊടുക്കാനാകില്ലെന്നും വാട്ടര്‍ അതോറിറ്റി ഡാമില്‍ നിന്നെടുക്കുന്ന വെള്ളത്തിന് കണക്കൊന്നുമില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. അതായത് 10 എംഎല്‍ഡി വെള്ളം കിന്‍ഫ്രയ്‌ക്കു നല്കുന്നതില്‍ നിന്ന് ഒയാസിസിനെടുക്കാമെന്നു സര്‍ക്കാര്‍ പറയുമ്പോഴും വെള്ളത്തിന്റെ കാര്യത്തില്‍ പോലും വാട്ടര്‍ അതോറിറ്റിക്കു കൃത്യമായ കണക്കില്ലെന്നു സാരം.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക