Kerala

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം കേസ് എടുക്കുന്നതില്‍ സുപ്രീംകോടതി വിധി തിങ്കളാഴ്ച

ഹേമ കമ്മിറ്റിക്ക് നല്‍കിയ മൊഴി പ്രകാരം കേസ് എടുക്കുന്നതിരെയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി

Published by

ന്യൂദല്‍ഹി:ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പ്രകാരം കേസ് എടുക്കുന്നതിനെതിരായ ഹര്‍ജിയില്‍ തിങ്കളാഴ്‌ച്ച സുപ്രീംകോടതി അന്തിമ വിധി പറയും.

പരാതിയില്ലാത്തവരുടെ മൊഴിയില്‍ കേസ് എടുത്തത് എന്തിനെന്ന് കേസ് പരിഗണിക്കവെ കോടതി സംസ്ഥാന സര്‍ക്കാരിനോട് ചോദിച്ചു. നടിമാരുടെ ഹര്‍ജിക്ക് പിന്നില്‍ സ്‌പോണ്‍സര്‍മാരുണ്ടോ എന്നും കോടതി ചോദിച്ചു

ഹേമ കമ്മിറ്റിക്ക് നല്‍കിയ മൊഴി പ്രകാരം കേസ് എടുക്കുന്നതിരെയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി എത്തിയത്. അന്വേഷണം റദ്ദാക്കുന്നതിനെ സംസ്ഥാന സര്‍ക്കാരും വനിത കമ്മീഷനും ശക്തമായി എതിര്‍ത്തു.

ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണമെന്നും സിനിമാ രംഗത്തെ സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കാനാണ് നടപടിയെന്നും സര്‍ക്കാര്‍ വാദമുയര്‍ത്തി.സജിമോന്‍ പാറയിലിന്റെ ഹര്‍ജി തള്ളണമെന്നാണ് വനിത കമ്മീഷന്‍ ആവശ്യപ്പെട്ടത്. സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കാനാണ് അന്വേഷണമെന്ന് വനിത കമ്മീഷന്‍ അറിയിച്ചു. കുറ്റകൃത്യം നടന്നെന്ന് വ്യക്തമായാല്‍ പൊലീസിന് കേസ് എടുക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. തെളിവുകള്‍ ഇല്ലെങ്കില്‍ കേസ് എടുക്കാന്‍ നിര്‍ദ്ദേശിക്കുന്ന ഹൈക്കോടതി ഉത്തരവിനെ പിന്തുണയ്‌ക്കില്ലെന്നും പറഞ്ഞു.

എന്തിനാണ് സജിമോന്‍ പാറയില്‍ അന്വേഷണത്തെ എതിര്‍ക്കുന്നതെന്ന് കോടതി ആരാഞ്ഞു. സിനിമാ നിര്‍മ്മാതാവായ തനിക്കെതിരെ പോലും ഈ മൊഴികള്‍ ഉപയോഗിക്കാനാകുമെന്ന് സജിമോന്‍ പാറയിലിന് വേണ്ടി അഭിഭാഷകര്‍ വാദിച്ചു. എന്നാല്‍ സജിമോന് പിന്നില്‍ സിനിമരംഗത്തെ അതികായരാണെന്ന് വുമണ്‍ ഇന്‍ സിനിമാ കളക്ടീവും വാദിച്ചു. പരാതി നല്‍കിയതിന്റെ പേരില്‍ ഭീഷണിയുണ്ടെന്നും ഹേമ കമ്മിറ്റിയുടെ ഇടപെടല്‍ ആത്മവിശ്വാസം നല്‍കുന്നതാണെന്നും മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ അഭിഭാഷക കോടതിയെ അറിയിച്ചു.

എന്നാല്‍ തന്റെ അനുവാദം ഇല്ലാതെയാണ് മൊഴി പ്രകാരം കേസ് എടുത്തതെന്ന് ഹര്‍ജിക്കാരി നടി പറഞ്ഞതോടെ ഇത് അനുവദിക്കാനാകില്ലെന്ന് ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ആളുകളെ ഈ രീതിയില്‍ ഉപദ്രവിക്കാന്‍ പറ്റില്ലെന്ന് കോടതി വ്യക്തമാക്കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക