മുംബൈ: ശരത് പവാര്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന കാലത്ത് ബോംബെ ഭരിച്ചിരുന്നത് അധോലോക നായകനായ ദാവൂദ് ഇബ്രാഹിം ആണെന്ന് ബിജെപി നേതാവ് വിനോദ് താവ്ഡെ. ദാവൂദ് ഇബ്രാഹിമിന്റെ അനുയായികള്‍ക്ക് യാത്ര ചെയ്യാന്‍ ശരത് പവാര്‍ ചോപര്‍ വിമാനങ്ങള്‍ നല്‍കിയിരുന്നുവെന്ന് വിനോദ് താവ്ഡെ. ആരോപിച്ചു.
അമിത് ഷായെ നാടുകടത്തിയ ആഭ്യന്തരമന്ത്രി എന്ന് വിമര്‍ശിച്ച ശരത് പവാറിന് നല്‍കിയ മറുപടിയിലായിരുന്നു വിനോദ് താവ്ഡെയുടെ ഈ വിമര്‍ശനം. മഹാരാഷ്‌ട്രയിലെ ബിജെപിയുടെ അതിഗംഭീര വിജയം 1978ല്‍ ശരത് പവാര്‍ ആരംഭിച്ച ചതിയുടെയും വഞ്ചനയുടെയും രാഷ്‌ട്രീയം അവസാനപ്പിച്ചുവെന്നായിരുന്നു അമിത് ഷാ കഴിഞ്ഞ ദിവസം പ്രസംഗിച്ചത്. 1978ല്‍ വസന്ത് ദാദ പാട്ടീല്‍ മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ് 40 എംഎല്‍എമാരെ ചാക്കിട്ട് പിടിച്ച് ആ മന്ത്രിസഭയെ ശരത് പവാര്‍ അട്ടിമറിച്ചത്. ഈ സംഭവത്തെ ചൂണ്ടിക്കാട്ടിയാണ് ശരത് പവാര്‍ ചതിയുടെ രാഷ്‌ട്രീയം 1978 ല്‍ ആരംഭിച്ചുവെന്ന് അമിത് ഷാ തുറന്നടിച്ചത്.
ശരത് പവാര്‍ കള്ളം പ്രചരിപ്പിക്കുന്നു, സുപ്രീംകോടതിയലക്ഷ്യം പറയുന്നു
ഇതിന് മറുപടിയായാണ് അമിത് ഷായെ ഷൊറാബുദ്ദീന്‍ വധക്കേസില്‍ രണ്ടു വര്‍ഷത്തേക്ക് നാടുകടത്തിയിരുന്നുവെന്ന് ശരത് പവാര്‍ വിമര്‍ശിച്ചത്. ലഷ്കര്‍ ഇ ത്വയിബ എന്ന തീവ്രവാദസംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ആയുധക്കള്ളക്കടത്തുകാരന്‍ കൂടിയായ ഷൊറാബുദ്ദീന്‍ പൊലീസുമായുള്ള ഏറ്റുമുട്ടലിലായിരുന്നു ഗുജറാത്തില്‍ കൊല്ലപ്പെട്ടത്. ഈ കാലഘട്ടത്തില്‍ അമിത് ഷായെ നാടുകടത്തണമെന്ന് ഗുജറാത്ത് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു എന്നാണ് ശരത് പവാര്‍ വിമര്‍ശിച്ചത്. ഗുജറാത്തിലെ ചില എന്‍ജിഒകള്‍ ആണ് വ്യാജ ഏറ്റുമുട്ടലിലാണ് ഷൊറാബുദ്ദീന്‍ ഷെയ്ഖ് എന്ന ആയുധക്കള്ളക്കടത്തുകാരന്‍ കൊല്ലപ്പെട്ടതെന്ന് പ്രചരിപ്പിച്ചത്. പക്ഷെ തെളിവില്ലാത്ത ഈ വിമര്‍ശനങ്ങള്‍ സുപ്രീംകോടതി തള്ളി.
“ഷൊറാബുദ്ദീന്‍ വധക്കേസില്‍ അമിത് ഷാ നിരപരാധിയാണെന്ന് സുപ്രീംകോടതി വിധിച്ചിരുന്നതാണ്. ആ അമിത് ഷായെ ആണ് നാടുകടത്തിയ ആഭ്യന്തരമന്ത്രി എന്ന് ശരത് പവാര്‍ വിളിച്ചത്. അതിനര്‍ത്ഥം ശരത് പവാര്‍ സുപ്രീംകോടതിയെ ധിക്കരിക്കുന്നു എന്നാണ്.”- ശരത് പവാറിനെ വിമര്‍ശിച്ച് വിനോദ് താവ് ഡെ പറഞ്ഞു. ഷായ്‌ക്കെതിരെ ശരത് പവാര്‍ വസ്തുതാ വിരുദ്ധമായ ആരോപണമാണ് ഉയര്‍ത്തുന്നതെന്നും വിനോദ് താവ്ഡെ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക