India

സിമൻ്റിലും കമ്പിയിലും ഹലാൽ സർട്ടിഫിക്കേഷൻ; ഞെട്ടിയെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയിൽ

കോടികൾ ഈടാക്കുന്നു

Published by

ന്യൂദൽഹി: നാം ഉപയോഗിക്കുന്ന സിമന്റിലും കമ്പികളിലും പോലും ഹലാൽ സർട്ടിഫിക്കറ്റ് നടപ്പിലാക്കുന്നതറിഞ്ഞ് താൻ ഞെട്ടിപ്പോയെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയിൽ വ്യക്തമാക്കി.

ഇതുവരെ മാംസത്തിന്റെ കാര്യത്തിലും മറ്റുമായിരുന്നു നാം ഹലാൽ സർട്ടിഫിക്കേഷൻ കണ്ടിരുന്നത്. അതിൽ ആർക്കും എതിർപ്പുണ്ടാകില്ല. പക്ഷേ ഞാൻ ഞെട്ടിയത് പോലെ ഈ കോടതിയും ഞെട്ടിപ്പോകും, കാരണം നാം ഉപയോഗിക്കുന്ന സിമന്റിലും കമ്പികളിലും കുപ്പി വെള്ളത്തിലുമൊക്കെ ഹലാൽ സർട്ടിഫിക്കറ്റ് നടപ്പിലാക്കുകയാണ്. ഹലാൽ സർട്ടിഫിക്കേഷൻ ഭക്ഷ്യവസ്തുക്കളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ലെന്നും എല്ലാത്തരം ഉൽപ്പന്നങ്ങൾക്കുമാണ് ഹലാൽ സർട്ടിഫിക്കേഷന്‍ നൽകുന്നതെന്നും അറിഞ്ഞപ്പോൾ ശരിക്കും ഞെട്ടിപ്പോയി. ജസ്റ്റിസ് ബി ആർ ഗവായി, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെ അദ്ദേഹം വ്യക്തമാക്കി.

ഈ ഹലാൽ സർട്ടിഫിക്കറ്റ് നൽകുന്നതിലൂടെ ലക്ഷക്കണക്കിന് കോടി രൂപയാണ് പിരിച്ചെടുക്കുന്നത്. കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. നമുക്ക് ലഭിക്കുന്ന വാട്ടർ ബോട്ടിലുകളിൽ വരെ ഹലാൽ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. ഈ സർട്ടിഫിക്കേഷനിലൂടെ ചിലർ കോടികളാണ് ശേഖരിക്കുന്നത്.

എന്നാൽ ജമാഅത്ത് ഉലമ ഇ ഹിന്ദ്, ഹലാൽ ട്രസ്റ്റ് തുടങ്ങിയ വിവിധ ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എം ആർ ഷംഷാദ് തുഷാർ മേത്തയുടെ വാദത്തെ എതിർത്തു. കേന്ദ്രസർക്കാർ ഹലാൽ എന്ന ആശയം നന്നായി വിശദീകരിച്ചിട്ടുണ്ടെന്നും ഇത് ജീവിതശൈലിയുടെ കാര്യമാണെന്നും അദ്ദേഹം ബെഞ്ചിന് മുമ്പാകെ വ്യക്തമാക്കി.

എല്ലാം സ്വമേധയാ ആണ് ആളുകൾ വാങ്ങുന്നതെന്നും ഹലാൽ സാക്ഷ്യപ്പെടുത്തിയ ഉൽപ്പന്നങ്ങൾ വാങ്ങാൻ ആരെയും നിർബന്ധിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ഹലാൽ സർട്ടിഫിക്കേഷന്‍ മൂലം ഉൽപ്പന്നങ്ങളുടെ വില വർധിക്കുകയും അത് ഉപഭോക്താക്കളെ ബാധിക്കുകയും ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി വിഷയം സുപ്രീം കോടതിയിൽ തീർപ്പാക്കേണ്ടതുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ വാദിച്ചു.

യുപി സർക്കാരിന്റെ ഫുഡ് സെക്യൂരിറ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ 2023 നവംബറിൽ ഹലാൽ സാക്ഷ്യപ്പെടുത്തിയ ഉൽപ്പന്നങ്ങളുടെ നിർമ്മാണം, വിൽപ്പന, സംഭരണം, വിതരണം എന്നിവ നിരോധിച്ചു കൊണ്ട് ഭക്ഷ്യസുരക്ഷാ നിയമത്തിലെ സെക്ഷൻ 30 (2) ഡി അനുസരിച്ച് നിരോധനം ഏർപ്പെടുത്തിയത് ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികൾ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.

ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ ഹലാൽ സർട്ടിഫിക്കേഷൻ ഗുണനിലവാരത്തിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായും സംസ്ഥാനത്ത് ഒരു സമാന്തര സംവിധാനമായി പ്രവർത്തിക്കുന്നതായി ഇത് ഭക്ഷ്യസുരക്ഷാ നിലവാര നിയമത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങൾക്ക് വിരുദ്ധമാണെന്ന് യുപി സർക്കാർ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ഹർജികളിൽ വാദം കേൾൾക്കുന്നത് കോടതി മാർച്ച് 25ലേക്ക് മാറ്റി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by