മുംബൈ : ബാന്ദ്രയിലെ വസതിയിൽ വെച്ച് അക്രമിയുടെ കുത്തേറ്റ് ആശുപത്രിയിൽ കഴിയുന്ന നടൻ സെയ്ഫ് അലി ഖാനെ സന്ദർശിച്ച് പ്രശസ്ത ബോളിവുഡ് താരം സഞ്ജയ് ദത്ത്. തിങ്കളാഴ്ച സഞ്ജയ് ലീലാവതി ആശുപത്രിയിലെത്തി സെയ്ഫിനെ കാണുകയും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി അന്വേഷിക്കുകയും ചെയ്തു. അദ്ദേഹം ആശുപത്രിയിൽ എത്തുന്നതിന്റെ ദൃശ്യങ്ങൾ ഓൺലൈനിൽ പുറത്തുവന്നിട്ടുണ്ട്.
അതേ സമയം ഒന്നിലധികം പരിക്കുകളിൽ നിന്ന് സെയ്ഫ് ഇപ്പോൾ സുഖം പ്രാപിച്ചുവരികയാണ്. നടൻ ഒരു ദിവസം കൂടി നിരീക്ഷണത്തിലായിരിക്കുമെന്നും അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യുന്നതിനെക്കുറിച്ച് അടുത്ത ഒന്ന് മുതൽ രണ്ട് ദിവസത്തിനുള്ളിൽ തീരുമാനമെടുക്കുമെന്നും ലീലാവതി ആശുപത്രിയിലെ ഡോക്ടർ നിതിൻ ഡാംഗെ മാധ്യമങ്ങളോട് പറഞ്ഞു.
ജനുവരി 16 ന് പുലർച്ചെ 2 മണിയോടെയാണ് സംഭവം നടന്നത്. മോഷണം നടത്തുക എന്ന ഉദ്ദേശ്യത്തോടെ മുഹമ്മദ് ഷരീഫുൾ ഇസ്ലാം ഷെഹ്‌സാദ് എന്ന ബംഗ്ലാദേശി അക്രമി നടന്റെ വീട്ടിൽ അതിക്രമിച്ചു കയറിയപ്പോഴാണ് ആക്രമണം നടന്നത്. വീട്ടുജോലിക്കാരിയും അതിക്രമിച്ചു കയറിയയാളും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഇടപെടാൻ ശ്രമിക്കുന്നതിനിടെ സെയ്ഫിന്റെ നെഞ്ചിൽ കുത്തേൽക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ താനെയിലെ ഹിരാനന്ദാനി എസ്റ്റേറ്റിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ബംഗ്ലാദേശിലെ ഝലോകതി ജില്ലയിൽ നിന്നുള്ളയാളാണ് ഇയാൾ എന്ന് പോലീസ് പറഞ്ഞു.
അതേ സമയം സെയ്ഫിന്റെ സഹോദരി സോഹ അലി ഖാൻ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ഒരു അപ്‌ഡേറ്റ് പങ്കുവച്ചിട്ടുണ്ട്. അദ്ദേഹം സുഖം പ്രാപിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്നും ആരോഗ്യസ്ഥിതി കൂടുതൽ മോശമാകാതിരുന്നതിൽ ദൈവത്തിനോട് നന്ദിയെന്നുമാണ് നടി പങ്കുവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: