വാഷിംഗ്ടണ്‍: അമേരിക്കയുടെ സുവര്‍ണ്ണകാലം തുടങ്ങിയെന്ന് ഡൊണാള്‍ഡ് ട്രംപ്. യുഎസ് പ്രസിഡന്‍റായി സ്ഥാനമേറ്റ ശേഷം നടത്തിയ അഭിസംബോധനയില്‍ ആ ഈ പ്രഖ്യാപനം. അമേരിക്കയുടെ ക്ഷയം അവസാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
നാല് വര്‍ഷത്തിന് ശേഷമാണ് യുഎസ് പ്രസിഡന്‍റായി ഡൊണാള്‍ഡ് ട്രംപ് വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. അമേരിക്കയുടെ നാല്പത്തിയേഴാമത്തെ പ്രസിഡന്‍റായാണ് ട്രംപ് വീണ്ടും സ്ഥാനം ഏറ്റെടുത്തത്.
വൈസ് പ്രസിഡൻ്റ് ജെഡി വാൻസാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പിന്നീടാണ് ഡൊണൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്തത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
ട്രംപിന്റെ അഭിസംബോധനയില്‍ ഇളകി മറിഞ്ഞ് അമേരിക്ക
തന്നെ ഇല്ലാതാക്കാന്‍ എതിരാളികള്‍ ശ്രമിച്ച കാര്യം ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ട്രംപിന്റെ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗം ആരംഭിച്ചത്.ദൈവമാണ് തന്നെ 47ാമത്തെ പ്രസിഡന്‍റാക്കിയതെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയിലെ ജോലിക്കാരെയും അവരുടെ കുടുംബത്തെയും സംരക്ഷിക്കാന്‍ വ്യാപാരകരാറുകള്‍ പുനരവലോകനം ചെയ്യുമെന്നും ട്രംപ് പറഞ്ഞു. ഊര്‍ജ്ജത്തിന്റെ വിലകുറയ്‌ക്കാന്‍ അടിയന്തര നടപടികളെടുക്കുമെന്നായിരുന്നു ഒരു പ്രധാന പ്രഖ്യാപനം. ഇതിനായി ഊര്‍ജ്ജ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഊര്‍ജ്ജത്തിന്റെ വിലവര്‍ധന മൂലമാണ് അമേരിക്കയില്‍ പണപ്പെരുപ്പം വര്‍ധിക്കുന്നത് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ പ്രഖ്യാപനം. അദ്ദേഹത്തിന്റെ ഓരോ വാചകത്തെയും ഗംഭീരകയ്യടികളോടെയാണ് സദസ്സ് എതിരേറ്റത്.
ഉക്രൈന്‍ യുദ്ധം നിര്‍ത്തും, മധ്യേഷ്യയിലെ കുഴപ്പങ്ങള്‍ തീര്‍ക്കും, മൂന്നാം ലോകമഹായുദ്ധം തടയും എന്നീ കാര്യങ്ങളും അദ്ദേഹം പ്രഖ്യാപിച്ചു. അതുപോലെ അമേരിക്കയെ ലോകത്തിലെ സൂപ്പര്‍പവറാക്കി മാറ്റും എന്ന് തെരഞ്ഞെടുപ്പ് പ്രചാരണകാലത്തേ ട്രംപ് പ്രസംഗിച്ചിരുന്നതാണ്. കുടിയേറ്റം തടയാൻ കടുത്ത നടപടികളടക്കം തീരുമാനങ്ങളുണ്ടാകുമെന്നാണ് വിവരം.
ഗായകൻ ക്രിസ്റ്റഫർ മാത്യു ആലപിച്ച ദേശഭക്തി ഗാനത്തോടെചടങ്ങുകള്‍ക്ക് തുടക്കം
പ്രശസ്ത ഗായകൻ ക്രിസ്റ്റഫർ മാത്യു ആലപിച്ച ദേശഭക്തി ഗാനത്തോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. സ്ഥാനമൊഴിയുന്ന പ്രസിഡൻ്റ് ജോ ബൈഡനും വൈസ് പ്രസിഡൻ്റ് കമല ഹാരിസും അടക്കം രാജ്യത്തെ പ്രധാന വ്യക്തികൾ ചടങ്ങ് നടക്കുന്ന വേദിയിലേക്ക് ഒന്നൊന്നായി എത്തി.
ഇന്ത്യയുടെ പ്രത്യേക പ്രതിനിധിയായി കേന്ദ്രമന്ത്രി ജയശങ്കര്‍
ഇന്ത്യയുടെ പ്രത്യേകപ്രതിനിധിയായി സത്യപ്രതിജ്ഞാച്ചടങ്ങില്‍ വിദേശകാര്യമന്ത്രി ജയശങ്കര്‍ പങ്കെടുത്തു. ഇന്ത്യയില്‍ നിന്നും റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും പങ്കെടുത്തു. ഇന്ത്യയിലെ ട്രംപ് ഓര്‍ഗനൈസേഷന്‍ പങ്കാളി കപില്‍ മേത്തയും പങ്കെടുത്തു.
സത്യപ്രതിജ്ഞക്ക് സാക്ഷികളാകാൻ ലോക നേതാക്കളടക്കം വൻ നിരയാണ് എത്തിയിരിക്കുന്നത്. ഫെയ്സ്ബുക്കിന്റെ മാര്‍ക്ക് സക്കര്‍ബര്‍ഗും ഗൂഗിളിന്റെ സിഇഒ സുന്ദര്‍പിച്ചൈയും ചടങ്ങില്‍ സംബന്ധിച്ചു. സകുടുംബം സെന്‍റ് ജോൺസ് ദേവാലയത്തിൽ പ്രാർത്ഥിച്ചാണ് ട്രംപ് തന്റെ ജീവിതത്തിലെ സുപ്രധാനമായ ദിവസം തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: