ആലപ്പുഴ: റെയില്‍വേ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയതിന് നടപടി സ്വീകരിക്കണമെന്ന് അതിവേഗ കംപ്ലെയിന്റ് അതോറിറ്റി ഉത്തരവിട്ട ഉന്നതോദ്യോഗസ്ഥന്‍ മാസങ്ങള്‍ പിന്നിട്ടിട്ടും തല്‍സ്ഥാനത്ത് തുടരുന്നത് വിവാദമാകുന്നു. റെയില്‍വേ തിരുവനന്തപുരം ഡിവിഷന്‍ ഭരിക്കുന്നത് നിയമ നടപടി നേരിടുന്ന ഒരു കൂട്ടം ഓഫീസര്‍മാരാണെന്ന് ആക്ഷേപം ഉയരുന്നു. വനിതാ ജീവനക്കാരിയുടെ സമ്മതമില്ലാതെ ചിത്രം പകര്‍ത്തി പ്രചരിപ്പിച്ചതിനാണ് ഡിവിഷന്‍ സേഫ്റ്റി ഓഫീസര്‍ കെ. വിജയകുമാറിനെതിരെ അതിവേഗ കംപ്ലെയിന്റ് അതോറിറ്റി നടപടിയെടുത്തത്.
അതോറിറ്റി ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പെടെയുള്ള നാലംഗ കമ്മിറ്റി, വിജയകുമാര്‍ കുറ്റക്കാരനാണെന്നും ഇയാളെ സതേണ്‍ സോണില്‍ നിന്ന് മാറ്റണമെന്നും ശുപാര്‍ശ ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് ശുപാര്‍ശ നല്‍കിയത്. എന്നാല്‍ ഏഴു മാസം പിന്നിട്ടിട്ടും ഇയാള്‍ തല്‍സ്ഥാനത്ത് തുടരുകയാണെന്നതാണ് വിരോധാഭാസം. ഇതിനെതിരെ പ്രതികരിച്ചതിനും, ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും ലഭിക്കേണ്ട സേഫ്റ്റി ഉപകരണങ്ങള്‍ ലഭിക്കാത്തതുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ചതിനും ബിഎംഎസ് അനുകൂല തൊഴിലാളി സംഘടനയായായ ഡിആര്‍കെഎസില്‍ അംഗങ്ങളായവര്‍ക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുന്നതായും പരാതി ഉയരുന്നു.
ജീവനക്കാരുടെ ചില സംഘടനകളുടെയും ഉന്നതതലത്തിലെ ചില ഉദ്യോഗസ്ഥരുടെയും പിന്തുണയിലാണ് ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍ തല്‍സ്ഥാനത്ത് തുടരുന്നത്. നിരവധി സാമ്പത്തിക ആരോപണങ്ങളും ഇയാള്‍ക്കെതിരെ ഉയരുന്നുണ്ട്. റെയില്‍വേ വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തുന്നതായും അറിയുന്നു. തിരുവനന്തപുരം ഡിവിഷനില്‍ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശ പ്രകാരം റെയില്‍വേ അനുവദിക്കുന്ന കോടിക്കണക്കിന് രൂപയുടെ വിനിയോഗത്തിലും ആക്ഷേപങ്ങളുണ്ട്. യാത്രക്കാര്‍ക്ക് വേണ്ട സുരക്ഷാ മാനദണ്ഡങ്ങളും ചട്ടങ്ങളും അനുസരിച്ച് മാറ്റങ്ങള്‍ നടപ്പാകുന്നില്ല.
കാലാവധി കഴിഞ്ഞ അഗ്‌നിശമന ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതായി ആക്ഷേപമുണ്ട്. ജീവനക്കാര്‍ക്ക് സുരക്ഷാ സംബന്ധമായ ക്ലാസുകള്‍ എടുക്കുന്നതിലും വീഴ്ച സംഭവിക്കുന്നു. അടിയന്തര സാഹചര്യത്തില്‍ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും നല്‍കേണ്ട സുരക്ഷാ മുന്‍കരുതലുകളെ കുറിച്ച് മറ്റ് ഡിവിഷനുകളില്‍ ക്ലാസുകളും ഹ്രസ്വ ചിത്രങളും പ്രചരിപ്പിക്കുമ്പോള്‍ തിരുവനന്തപുരം ഡിവിഷനില്‍ ഇതൊന്നും നടപ്പാക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക