ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതോടെ ഗാസയില്‍ വന്‍ പ്രതീക്ഷയാണുയര്‍ന്നത്. അതൊരു താല്‍ക്കാലിക ആശ്വാസമായി മാറാതിരിക്കട്ടെ എന്നാണ് പ്രാര്‍ത്ഥന. ശാശ്വത സമാധാനം പുലരട്ടെ എന്ന ഭാരതത്തിന്റെ പ്രതീക്ഷയാണവിടെ പുലരേണ്ടത്. യാതനയുടെയും വേദനയുടെയും ദിനങ്ങളുടെ ഒന്നേ കാല് വര്‍ഷമാണ് ഗാസ പിന്നിട്ടത്. 470 ദിവസം കൊണ്ട് കൊല്ലപ്പെട്ടത് 46,899 പേരാണ്. ഇതില്‍ 18000 പേരും കുട്ടികള്‍. അപ്പോഴറിയാം പിന്നിട്ട ദിവസങ്ങളുടെ വേദന. 15 മാസം ഇസ്രയേലിനെതിരെ അക്രമം തുടങ്ങിയത് ഹമാസാണ്. അതിന്റെ ദുരന്തഫലമാണ് ലോകത്തിന് കാണേണ്ടിവന്നത്. ഖത്തറിന്റെ മാധ്യസ്ഥതയില്‍ വെള്ളിയാഴ്ച തന്നെ വെടിനിര്‍ത്തല്‍ കരാറിലെത്തിയെങ്കിലും സംശയങ്ങള്‍ ബാക്കിയായിരുന്നു. ഏറ്റവും ഒടുവില്‍ ഹമാസുണ്ടാക്കിയ സംശയത്തിന്റെ തിരിച്ചടിയില്‍ 81 ജീവന്‍കൂടി വെടിയേണ്ടിവന്നു. ഏതായാലും ഞായറാഴ്ചയോടെ വെടിനിര്‍ത്തല്‍ പൂര്‍ത്തിയാക്കി ഗാസ സമാധാനത്തിന്റെ പാതയിലൂടെ നീങ്ങി. ഇന്നലെ മോചിപ്പിച്ച മൂന്നു ബന്ദികളുടെ വിവരങ്ങള്‍ ഹമാസ് ഇസ്രയേലിന് കൈമാറി. മൂന്നു വനിതകളുടെ പേരുകളാണ് കൈമാറിയത്. വെറ്ററിനറി നഴ്സായ ഡോറോന്‍ സ്റ്റൈന്‍ബ്രെച്ചര്‍, ഇസ്രയേല്‍ ബ്രിട്ടിഷ് പൗരത്വമുള്ള എമിലി ദമാരി, റോമി ഗോനെന്‍ എന്നിവരെയാണ് ഹമാസ് ആദ്യം വിട്ടുനല്‍കുന്നത്.
കരാറിന്റെ ആദ്യഘട്ടത്തില്‍ മോചിപ്പിക്കുന്ന 33 ബന്ദികളുടെ പട്ടിക ഹമാസ് കൈമാറിയില്ലെന്ന് ആരോപിച്ച് ഇസ്രയേല്‍ അപ്രതീക്ഷിതമായി കരാറില്‍നിന്നും പിന്മാറിയിരുന്നു. പ്രാദേശിക സമയം രാവിലെ എട്ടരയ്ക്ക് കരാര്‍ നടപ്പാകുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ നടപ്പാകുന്ന സമയത്തിന് അരമണിക്കൂര്‍ മുന്‍പ് ഇസ്രയേല്‍ കരാറില്‍നിന്ന് പിന്മാറുകയായിരുന്നു. പിന്നീട് രണ്ടു മണിക്കൂറോളം നീണ്ട അനിശ്ചിതത്വത്തിനു ശേഷമാണ് ഇപ്പോള്‍ ബന്ദികളുടെ പേരുകള്‍ മധ്യസ്ഥരായ ഖത്തര്‍ മുഖേന ഹമാസ് പുറത്തുവിട്ടത്. ആദ്യം പ്രാദേശിക സമയം വൈകുന്നേരം നാലിന് (ഇന്ത്യന്‍ സമയം രാത്രി ഏഴിന്) ബന്ദികളെ കൈമാറാമെന്നാണ് അറിയിച്ചിരുന്നത്. പലസ്തീന് തടവുകാരെ ഇസ്രയേലും വിട്ടയയ്ക്കും. ഇതും എവിടെവച്ചാണെന്നു പുറത്തുവന്നിട്ടില്ല. ഗാസയിലേക്കു മരുന്നും ഭക്ഷണവുമായി എത്തുന്ന ട്രക്കുകള്‍ ഈജിപ്തിന്റെ അതിര്‍ത്തിയില്‍ കാത്തുകിടക്കുകയാണ്. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നാല്‍ ഇവര്‍ക്ക് അതിര്‍ത്തി കടന്ന് ദുരിതം അനുഭവിക്കുന്ന പലസ്തീന് ജനതയ്ക്ക് ആശ്വാസം നല്‍കാനാകുമെന്നാണ് പ്രതീക്ഷ. വെടിനിര്‍ത്തലിനെ അംഗീകരിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന് നെതന്യാഹുവിന്റെ അറിയിപ്പ് എത്തിയതാണ് ആശ്വാസമുണ്ടാക്കിയത്. കരാര്‍ പ്രാബല്യത്തില്‍ വരാന്‍ വൈകിയതോടെ ഗാസ മുനമ്പില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. എത്രപേര്‍ മരിച്ചുവെന്ന് പുറത്തുവന്നില്ലെങ്കിലും ഖാന് യൂനിസിലെ നാസര്‍ ആശുപത്രി അധികൃതര്‍ മരണങ്ങള് സ്ഥിരീകരിച്ചു.
വെള്ളിയാഴ്ച 6 മണിക്കൂറിലേറെ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇസ്രയേലിന്റെ പൂര്‍ണ മന്ത്രിസഭ ഹമാസുമായുള്ള കരാറിന് അന്തിമ അംഗീകാരം നല്‍കിയത്. നേരത്തെ സുരക്ഷാ കാബിനറ്റും അനുമതി നല്‍കിയിരുന്നു. 3 ഘട്ടമായി വിഭാവനം ചെയ്യുന്ന കരാറിന്റെ ആദ്യഘട്ടം 42 ദിവസമാണ്. 1900 പലസ്തീന് തടവുകാരെ ഇസ്രയേല്‍ മോചിപ്പിക്കും. ഇസ്രയേലിന്റെ തടവിലുള്ള എല്ലാ സ്ത്രീകളെയും കുട്ടികളെയും ആദ്യഘട്ടത്തില്‍ വിട്ടയക്കും. ഏഴാം ദിവസം 4 പേരെയും. തുടര്‍ന്നുള്ള 5 ആഴ്ചകളിലായി 26 പേരെക്കൂടി വിട്ടയയ്ക്കും. ഗാസയിലുള്ള ഇസ്രയേല്‍ സൈനികര്‍ അതിര്‍ത്തിയോടു ചേര്‍ന്ന ബഫര്‍ സോണിലേക്കു പിന്‍വാങ്ങുന്നതോടെ, നേരത്തെ പലായനം ചെയ്ത പലസ്തീന്‍കാര്‍ക്കു മടങ്ങിപ്പോകാനാകും. ഒന്നാംഘട്ടം 16 ദിവസം പിന്നിട്ടുകഴിഞ്ഞ് വെടിനിര്‍ത്തലിന്റെ രണ്ടാംഘട്ടം ചര്‍ച്ച ചെയ്തു തീരുമാനിക്കും. ഈ 16 ദിവസം നടപടികള്‍ സുഗമമല്ലെങ്കില്‍ ആക്രമണം പുനരാരംഭിക്കുമെന്ന് ഇസ്രയേല്‍ ഭീഷണി മുഴക്കിയിരുന്നു. ഗാസയില്‍ പ്രവേശിക്കാനായി സഹായവിതരണത്തിനുള്ള നൂറുകണക്കിനു ട്രക്കുകള്‍ ഈജിപ്ത് അതിര്‍ത്തിയിലെ റഫാ ഇടനാഴിയില്‍ എത്തിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ മോചിപ്പിക്കപ്പെടുന്ന ബന്ദികളുടെ പട്ടിക ഹമാസ് പുറത്തുവിടുന്നതുവരെ വെടിനിര്‍ത്തല്‍ ആരംഭിക്കില്ലെന്ന് ഇസ്രയേല്‍ നിലപാട് എടുത്തതോടെയാണ് നടപടികള്‍ വൈകിയത്. അത് ആശങ്ക സൃഷ്ടിച്ചിരുന്നു. ആദ്യഘട്ട വെടിനിര്‍ത്തലിനിടെ 33 ബന്ദികളെ ഹമാസ് ഘട്ടം ഘട്ടമായി മോചിപ്പിക്കും. ഇതില്‍ മൂന്നുപേരെയാണ് ഞായറാഴ്ച വിട്ടയച്ചത്. ഇവര്‍ 30 വയസ്സില്‍താഴെയുള്ള ഇസ്രയേലിന്റെ വനിതാ സൈനികരാണെന്നാണ് സൂചന. ആദ്യഘട്ടത്തില്‍ മോചിപ്പിക്കുന്ന 737 പലസ്തീന് തടവുകാരുടെ വിശദാംശങ്ങള്‍ ഇസ്രയേല്‍ നീതിന്യായവകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. ആദ്യസംഘത്തില്‍ 95 പേരുണ്ടാകും. ഇവരെ ഞായറാഴ്ച നാലിനുശേഷമേ കൈമാറൂവെന്ന് ഇസ്രയേല്‍ അറിയിച്ചു. ജനവാസമേഖലകളില്‍നിന്നുള്ള സൈന്യത്തിന്റെ പിന്മാറ്റവും ആദ്യഘട്ടത്തിലുണ്ടാകും. ആദ്യഘട്ട വെടിനിര്‍ത്തലിന്റെ 16-ാം ദിനം രണ്ടും മൂന്നും ഘട്ടങ്ങള്‍ എങ്ങനെയാകണമെന്നതിനെക്കുറിച്ച് ചര്‍ച്ചതുടങ്ങും. ഖത്തര്‍, യു.എസ്., ഈജിപ്ത് എന്നീ മധ്യസ്ഥരാജ്യങ്ങളുടെ ശ്രമഫലമായുണ്ടായ വെടിനിര്‍ത്തല്‍ക്കരാര്‍ വെള്ളിയാഴ്ച വൈകിയാണ് ഇസ്രയേല്‍ മന്ത്രിസഭ അംഗീകരിച്ചത്. അതില്‍ തന്നെ അഭിപ്രായവ്യത്യാസവും ഉയര്‍ന്നതാണ്. ഇസ്രായേലില്‍ ശക്തമായ പ്രതികരണവും ഉണ്ടായി. ഇസ്രയേല്‍ പലസ്തീന് അടിയറവ് പറഞ്ഞു എന്ന മുദ്രാവാക്യവുമായി റോഡുതടഞ്ഞുള്ള പ്രകടനവുമുണ്ടായി. ഹമാസ് ബന്ധികളാക്കിയ തടവുകാരുടെ ബന്ധുക്കളും പ്രകടനവുമായി രംഗത്തുവന്നു. ഏതായാലും ഗാസയില്‍ പുതിയ ആകാശം തെളിഞ്ഞു. അത് ശാശ്വതമാകട്ടെ എന്നാശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: