Sports

മാഗ്നസ് കാള്‍സനെ തോല്‍പിച്ച് ചെസ്സിന്റെ ചരിത്രത്തിലേക്ക് ഈ ഒമ്പത് വയസ്സുകാരന്‍; ആനന്ദിനെ നാണം കെടുത്തിയതിന് കാള്‍സന് കിട്ടി

പ്രജ്ഞാനന്ദയെപ്പോലെ കാള്‍സന്‍ എന്ന അജയ്യനായ ചെസ് താരത്തെ തോല്‍പിക്കാനുള്ള മര്‍മ്മമറിയുന്ന ഒരു ഒമ്പതുകാരന്‍. വെറും മൂന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയാണ് ലോകത്തിലെ പല വന്‍ചെസ് താരങ്ങള്‍ക്കും പറ്റാത്ത നേട്ടം സ്വന്തമാക്കിയത്.

ന്യൂദല്‍ഹി: പ്രജ്ഞാനന്ദയെപ്പോലെ കാള്‍സന്‍ എന്ന അജയ്യനായ ചെസ് താരത്തെ തോല്‍പിക്കാനുള്ള മര്‍മ്മമറിയുന്ന ഒരു ഒമ്പതുകാരന്‍. വെറും മൂന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയാണ് ലോകത്തിലെ പല വന്‍ചെസ് താരങ്ങള്‍ക്കും പറ്റാത്ത നേട്ടം സ്വന്തമാക്കിയത്. ഒരു ഓണ്‍ലൈന്‍ ചെസ് മത്സരത്തിലാണ് മാഗ്നസ് കാള്‍സന് ഈ നാണംകെട്ട തോല്‍വി സംഭവിച്ചത്. ബംഗ്ലാദേശിലെ ഒമ്പതു വയസ്സുമാത്രമുള്ള റയാന്‍ റാഷിദ് മുഗ്ധ അങ്ങിനെ ചെസ്സിന്റെ ചരിത്രത്താളിലേക്ക്.

ഇതിന് മുന്‍പ് ചെസ്സില്‍ കാള്‍സനെ തോല്‍പിച്ച് വാര്‍ത്തകളില്‍ ഇടം പിടിച്ച ഒരാളേയുള്ളൂ- ഇന്ത്യയുടെ 18 കാരന്‍ പ്രജ്ഞാനന്ദയാണത്. പൊതുവേ അതിവേഗ ചെസ്സിന്റെ ആശാനായാണ് മാഗ്നസ് കാള്‍സന്‍ അറിയപ്പെടുന്നത്. പക്ഷെ അതില്‍ പ്രജ്ഞാനന്ദയുടെ പകുതി പ്രായമുള്ള കുട്ടി കാള്‍സനെ മലര്‍ത്തിയടിച്ചത് ഞെട്ടലോടെയാണ് ചെസ് ലോകം നോക്കിക്കാണുന്നത്.

ചെസ്സിന്റെ ആഗോള സംഘടനയായ ഫിഡെയെയും ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിനെയും അപമാനിച്ച് ജീന്‍സ് വിവാദമുണ്ടാക്കുകയും ഫ്രീസ്റ്റൈല്‍ ചെസ്സിലൂടെ കോടികള്‍ സമ്പാദിക്കാമെന്ന വെറിയിലൂടെ ഫിഡെ എന്ന 100 വര്‍ഷത്തെ പാമമ്പര്യമുള്ള സംഘടനയെ വെല്ലുവിളിക്കുകയും ചെയ്ത മാഗ്നസ് കാള്‍സന് ഉചിതമായ സമ്മാനമാണ് റയാന്‍ റാഷിദ് മുഗ്ധ എന്ന ഒമ്പത് വയസ്സുകാരന്‍ നല്‍കിയത്. ജീന്‍സ് ധരിക്കരുതെന്ന ഡ്രസ് കോഡ് ലംഘിച്ചതിന് ന്യൂയോര്‍ക്കില്‍ നടന്ന ലോക ബ്ലിറ്റ് സ് ചെസില്‍ മാഗ്നസ് കാള്‍സനെ ഒമ്പതാം റൗണ്ടില്‍ പുറത്താക്കിയിരുന്നു. ഇതിനെതിരെ ഫിഡെയുടെ വൈസ് പ്രസിഡന്‍റായ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിനെതിരെ കാള്‍സന്‍ ഏറെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ആനന്ദ് ഈ പദവിയ്‌ക്ക് കൊള്ളില്ലെന്ന് വരെയുള്ള വില കുറഞ്ഞ പരാമര്‍ശങ്ങളാണ് മാഗ്നസ് കാള്‍സന്‍ നടത്തിയത്. പക്ഷെ ആനന്ദ് താന്‍ അറിയാത്ത കുറ്റത്തിന് പഴി പറയുന്ന മാഗ്നസ് കാള്‍സനെതിരെ നിശ്ശബ്ദത പാലിക്കുകയായിരുന്നു.

ചെസ് ലോകമാകെ കാള്‍സന്റെ തോല്‍വിയില്‍ അന്തം വിട്ടിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ചെസ് പ്ലാറ്റ് ഫോമായ ചെസ് ഡോട്ട് കോമാണ് മത്സരം സംഘടിപ്പിച്ചത്. അതിവേഗം കരുക്കള്‍ നീക്കേണ്ട ബുള്ളറ്റ് ചെസ്സായിരുന്നു നടന്നത്. മൂന്ന് മിനിറ്റില്‍ 40 നീക്കങ്ങള്‍ നടത്തേണ്ടതുണ്ട്.

ധാക്കയിലെ സൗത്ത് പോയിന്‍റ് സ്കൂളിലെ മൂന്നാം ക്ലാസുകാരനാണ് മുഗ്ധ. തന്റെ കോച്ച് നെയിം ഹഖിന്റെ അക്കൗണ്ടില്‍ നിന്നാണ് മുഗ്ധ കാള്‍സനെതിരെ കളിച്ചത്. കളിയില്‍ ഒരു തവണ കാള്‍സന്‍ ഒരു പിഴവ് വരുത്തിയിരുന്നു. രാജ്ഞിയെ തെറ്റായ കളത്തിലേക്ക് നീക്കിയ കാള്‍സനെതിരെ വീണു കിട്ടിയ അവസരം മുഗ്ധ ശരിക്കും ഉപയോഗിച്ചു.

“അവനെ ഞാന്‍ ചെസ് പഠിപ്പിച്ചു. പലപ്പോഴും മുഗ്ധ ഓണ്‍ലൈനില്‍ ചെസ് കളിക്കാന്‍ താല്‍പര്യം കാട്ടുന്ന കുട്ടിയാണ്. ചെസ് ഡോട്ട് കോമില്‍ എന്റെ ഐഡി ഉപയോഗിച്ച് അവന്‍ കളിക്കാറുണ്ട്. ഒരു ദിവസം അവന്‍ വിളിച്ചുപറഞ്ഞു- ഞാന്‍ കാള്‍സനെ തോല്‍പിച്ചു എന്ന്. എനിക്ക് വിശ്വസിക്കാനായില്ല”- മുഗ്ധയുടെ കോച്ച് നയിം ഹഖ് പറയുന്നു.

ഫിഡെ റേറ്റിംഗില്‍ 2831 റേറ്റിംഗ് ഉള്ള താരമാണ് മാഗ്നസ് കാള്‍സന്‍. ലോകത്ത് റേറ്റിംഗില്‍ എത്രയോ വര്‍ഷമായി മാഗ്നസ് കാള്‍സനെ വെല്ലാന്‍ മറ്റൊരാള്‍ക്കും കഴിഞ്ഞിട്ടില്ല.

10 വയസ്സിന് താഴെയുള്ളവരുടെ ചാമ്പ്യന്‍ഷിപ്പില്‍ ബംഗ്ലാദേശിലെ ചാമ്പ്യനാണ് മുഗ്ധ ഇപ്പോള്‍.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക