Kerala

തിരുവനന്തപുരത്ത് ഹോട്ടലില്‍ മഹാരാഷ്‌ട്രക്കാരായ സഹോദരീസഹോദരന്മാര്‍ മരിച്ച നിലയില്‍

ബന്ധുക്കള്‍ ഉണ്ടായിട്ടും തങ്ങള്‍ അനാഥരെപ്പോലെയാണെന്നും വീടും ജോലിയുമില്ലെന്നുമാണ് ആത്മഹത്യ കുറിപ്പില്‍ പറയുന്നത്

Published by

തിരുവനന്തപുരം:നഗരമധ്യത്തിലെ ഹോട്ടലില്‍ പൂനെ സ്വദേശികളായ സഹോദരനെയും സഹോദരിയെയും മരിച്ച നിലയില്‍ കണ്ടെത്തി.

ദത്തായ് കൊണ്ടിബ ബാമേ (45) എന്ന പുരുഷനെയും മുക്താ കൊണ്ടിബ ബാമേ(49) എന്ന സ്ത്രീയെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. സാമ്പത്തികപ്രതിസന്ധി മൂലം ജീവനൊടുക്കിയെന്നാണ് സൂചന.തമ്പാനൂര്‍ പൊലീസ് സ്‌റ്റേഷനോട് ചേര്‍ന്നുള്ള സ്വകാര്യ ഹോട്ടലിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടത്.

17ാം തിയതിയാണ് മഹാരാഷ്‌ട്രയില്‍ നിന്നെത്തിയ ഇവര്‍ ഹോട്ടലില്‍ മുറി എടുത്തത്. ഞായറാഴ്ച രാവിലെ ഇവര്‍ക്ക് കാപ്പിയുമായി എത്തിയ ഹോട്ടല്‍ ജീവനക്കാര്‍മുട്ടി വിളിച്ചിട്ടും മുറി തുറന്നില്ല. പിന്നാലെ ജീവനക്കാര്‍ വാതില്‍ തകര്‍ത്ത് ഉളളില്‍ കയറിയപ്പോഴാണ് സഹോദരിയെ കട്ടിലില്‍ മരിച്ച നിലയിലും സഹോദരനെ കെട്ടിതൂങ്ങി മരിച്ച നിലയിലും കണ്ടെത്തിയത്.

മുറിയില്‍ നിന്ന് അത്മഹത്യാ കുറിപ്പും കണ്ടെടുത്തു. ബന്ധുക്കള്‍ ഉണ്ടായിട്ടും തങ്ങള്‍ അനാഥരെപ്പോലെയാണെന്നും വീടും ജോലിയുമില്ലെന്നുമാണ് ആത്മഹത്യ കുറിപ്പില്‍ പറയുന്നത്. മഹാരാഷ്‌ട്രയില്‍ നിന്ന് ബന്ധുക്കള്‍ വന്നാല്‍ മൃതദേഹം വിട്ടുനല്‍കരുതെന്നും കുറിപ്പിലുണ്ട്. ഭിന്നശേഷിക്കാരിയായ സഹോദരിയുടെ ചികിത്സാര്‍ത്ഥമാണ് തിരുവനന്തപുരത്ത് എത്തിയതെന്നാണ് ഹോട്ടലില്‍ നല്‍കിയ വിവരം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by