Kerala

മരുന്നിന് തെറ്റായ പരസ്യം:ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട് കോടതി; ഫെബ്രുവരി ഒന്നിന് ഹാജരാകണം

മരുന്നിന് തെറ്റായ പരസ്യം നല്കി വഞ്ചിച്ചു എന്ന കുറ്റത്തിന് യോഗാചാര്യൻ ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് ​മജിസ്ട്രേറ്റ് കോടതി.

Published by

പാലക്കാട്: മരുന്നിന് തെറ്റായ പരസ്യം നല്കി വഞ്ചിച്ചു എന്ന കുറ്റത്തിന് യോഗാചാര്യൻ ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് ​മജിസ്ട്രേറ്റ് കോടതി. കണ്ണൂരിലെ ഒരു ഡോക്ടർ ആണഅ സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന് പരാതി നല്‍കിയത്.

ബാബ രാംദേവിന്റെ കമ്പനി പുറത്തിറക്കുന്ന ചില ആയുർവേദ മരുന്നുകള്‍ അമിത രക്തസമ്മർദം, പ്രമേഹം എന്നിവയെ സുഖപ്പെടുത്തുമെന്ന് പരസ്യങ്ങളിൽ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇത്തരത്തിലുള്ള രോഗങ്ങൾ സുഖപ്പെടുത്തുമെന്ന തരത്തിൽ പരസ്യങ്ങൾ കൊടുക്കുന്നത് 1954ലെ ഡ്രഗ്സ് ആന്‍റ് മാജിക് റെമ‍ഡീസ് (ഒബ് ജക്ഷണബിൾ അഡ്വർടൈസ്മെന്‍റ് ) നിയമ പ്രകാരം കുറ്റകരമാണെന്ന് കാണിച്ചാണ് പരാതി.

ഔഷധത്തിന് പരസ്യം ചെയ്യുമ്പോള്‍ പാലിക്കേണ്ട നിയമം ലംഘിച്ചുവെന്നതാണ് കേസ്. പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് ​മജിസ്ട്രേറ്റ് കോടതി-2 ആണ് രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വിഭാഗം രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

ജനുവരി 16ന് കോടതിയിൽ ഹാജരാകാൻ സമൻസ് അയച്ചിരുന്നുവെങ്കിലും പാലക്കാട് കോടതിയില്‍ രാംദേവ് ഹാജരായില്ല. അതേ തുടര്‍ന്നാണ് അറസ്റ്റ് വാറന്‍റ്. ഇനി ​ഫെബ്രുവരി ഒന്നിന് നേരിട്ട് ഹാജരായി ജാമ്യമെടുക്കാനാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. രാം ദേവിന്റെ അനുയായി ആചാര്യ ബാലകൃഷ്ണയും കേസിൽ പ്രതിയാണ്.

പതഞ്ജലി ഉത്പന്നങ്ങൾക്കെതിരെ കണ്ണൂർ സ്വദേശിയായ ഡോക്ടർ 2022ൽ ഏപ്രിലിൽ വിവിധ കേന്ദ്ര, സംസ്ഥാന സർക്കാർ വകുപ്പുകൾക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായി 2024 ജനുവരിയിൽ പ്രധാനമന്തിക്ക് നൽകിയത് ഉൾപ്പെടെ നിരവധി പരാതികളും നൽകി. ശേഷം ഉത്തരാഖണ്ഡ് അധികൃതർ ഒരു കേസ് രജിസ്റ്റർ ചെയ്യുകയും ഹരിദ്വാർ ജില്ലാ ആന്റ് സെഷൻസ് കോടതി രാംദേവിനും മറ്റ് പ്രതികൾക്കും വിചാരണയ്‌ക്കായി സമൻസ് അയക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് പാലക്കാട് കോടതിയുടെ നടപടിയും വരുന്നത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക