Kerala

നെടുമങ്ങാട്ടെ ടൂറിസ്റ്റ് ബസ് അപകടം; ഡ്രൈവര്‍ അരുള്‍ രാജിന്റെ ലൈസന്‍സും ബസിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും റദ്ദാക്കി

.അപകടത്തിന് പിന്നാലെ ഒളിവില്‍ പോയ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ അരുള്‍ ദാസിനെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്

Published by

തിരുവനന്തപുരം: നെടുമങ്ങാട് ഇഞ്ചിയത്ത് കഴിഞ്ഞ രാത്രി ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തെ തുടര്‍ന്ന് ഡ്രൈവര്‍ അരുള്‍ രാജിന്റെ ലൈസന്‍സും ബസിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും റദ്ദാക്കി. ബസിന്റെ പെര്‍മിറ്റും രജിസ്‌ട്രേഷനും റദ്ദാക്കാനുള്ള നടപടികള്‍ ആരംഭിച്ചെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.

കാട്ടാക്കട പെരുങ്കടവിളയില്‍ നിന്ന് മൂന്നാറിലേക്ക് ഉല്ലാസയാത്ര പോയ സംഘം സഞ്ചരിച്ച ബസ് രാത്രി 10:15 ഓടെയാണ് അപകടത്തില്‍പ്പെടുന്നത്. അപകടത്തില്‍ കാവല്ലൂര്‍ സ്വദേശിനി ദാസിനി(61) മരിച്ചു. അപകടം നടന്ന ഉടന്‍ നാട്ടുകാരും പൊലീസും അഗ്നിരക്ഷാ സേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയതിനെ തുടര്‍ന്ന് മിനിറ്റുകള്‍ കൊണ്ട് ബസിലുള്ള മുഴുവന്‍ ആളുകളെയും ആശുപത്രിയിലേക്ക് മാറ്റാന്‍ സാധിച്ചു.

അപകട സമയത്ത് ബസില്‍ ഉണ്ടായിരുന്ന 49 പേരില്‍ 44 പേര്‍ക്കും പരിക്കേറ്റു.അപകടത്തിന് പിന്നാലെ ഒളിവില്‍ പോയ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ അരുള്‍ ദാസിനെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. നെടുമങ്ങാട് സ്‌റ്റേഷനില്‍ വിശദ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് ചെയ്തത്.

അമിതവേഗത്തില്‍ വാഹനം വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ടു മറിഞ്ഞു എന്നാണ് അരുള്‍ പൊലീസിന് നല്‍കിയ മൊഴി.

ബസ് അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. റോഡ് നിര്‍മ്മാണത്തിലും അശാസ്ത്രീയതയുണ്ടെന്നാണ് ആരോപണം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക