ന്യൂദെൽഹി:സൈബർ കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിന് ഇന്ത്യയും യൂഎസും ധാരണ പത്രത്തിൽ ഒപ്പുവെച്ചു. ഇത് ഇരു രാജ്യങ്ങളുടെയും ഏജൻസികൾ തമ്മിലുള്ള സഹകരണവും പരിശീലനവും വർധിപ്പിക്കാൻ ഇടയാകുമെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ധാരണ പത്രത്തിൽ യുഎസിലെ ഇന്ത്യൻ അംബാസിഡർ വിനയ് ക്വാത്രയും യുണൈറ്റഡ് സ്റ്റേറ്റ്സ് ഹോം ലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻ ഡെപ്യൂട്ടി സെക്രട്ടറി ക്രിസ്റ്റി കനേഗല്ലോയും വെള്ളിയാഴ്ച വാഷിംഗ്ടണിൽ വെച്ച് ഒപ്പുവെച്ചുവെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. സൈബർ ക്രൈമിന്റെ അന്വേഷണത്തിൽ സഹകരണത്തിന്റെയും പരിശീലനത്തിന്റെയും നിലവാരം ഉയർത്താൻ ഇരു രാജ്യങ്ങളിലും ബന്ധപ്പെട്ട ഏജൻസികളെ ഈ ധാരണാപത്രം ഏറെ സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോ – ഓർഡിനേഷൻ സെൻ്റർ ആണ് ധാരണ പത്രം നടപ്പിലാക്കുന്നതിനുള്ള ഉത്തരവാദിത്വം. യുഎസിന്റെ ഭാഗത്ത് ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹോം ലാൻഡ് സെക്യൂരിറ്റിയും അതിന്റെ ഘടകസ്ഥാപനങ്ങളായ എമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോർസ്‌മെന്റ്, ഹോം ലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻസ് സൈബർ ക്രൈം സെൻ്റർ എന്നി ഏജൻസികൾക്കാണ് ചുമതല
. സൈബർ കുറ്റകൃത്യങ്ങളുടെ ഭാഗമായി ഇന്ത്യയും യുഎസും നേരിടുന്ന ചില പൊതു സുരക്ഷാ വെല്ലുവിളികളായ ഭീകരവാദം, ഭീകരവാദത്തിനുള്ള സാമ്പത്തിക സഹായം, മയക്കുമരുന്ന് കടത്ത്, മനുഷ്യക്കടത്ത്, അനധികൃത കുടിയേറ്റം, കള്ളപ്പണം വെളുപ്പിക്കൽ, മറ്റ് സംഘടിത കുറ്റകൃത്യങ്ങൾ എന്നിവയുമായി സങ്കീർണമായ ബന്ധമുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഈ ധാരണ പത്രം സമഗ്രവും ആഗോള തലത്തിലുമുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഭാഗമായി ഇന്ത്യ യുഎസ് സുരക്ഷാ സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ സഹായിക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: