ന്യൂദെൽഹി:ക്രൗഡ് മാനേജ്മെന്റിനെ കുറിച്ച് പഠിക്കാൻ മഹാകുംഭമേളയിലേക്ക് വരാൻ ദേശീയ പോലീസ് അക്കാദമിയോട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു. ലോകത്തിലെ തന്നെ ഏറ്റവും വലിയ മനുഷ്യ മഹാസംഗമമാണ് പ്രയാഗ് രാജിൽ നടക്കുന്നത്. ക്രൗഡ് മാനേജ്മെന്റിനെ കുറിച്ച് പഠിക്കാനും ഏറെ കാര്യങ്ങൾ പരിശീലിക്കാനും ഇതുപോലൊരു അവസരം മറ്റൊരു സ്ഥലത്തും ലഭ്യമാകില്ല. ഇത്തവണ വളരെ ശ്രദ്ധേയമായ ചില കാര്യങ്ങളാണ് ഞങ്ങൾ ഇവിടെ നടപ്പിലാക്കിയത്. അതിലൊന്ന് പോലീസിന്റെ പെരുമാറ്റമാണ്. മഹാകുംഭമേളയിലെ ഡ്യൂട്ടിക്ക് ക്രൗഡ് മാനേജ്മെന്റിലും ഇതുമായി ബന്ധപ്പെട്ട മറ്റു വലിയ ക്രമീകരണങ്ങളിലുമായി നല്ല പരിശീലനം നൽകിയ ശേഷമാണ് ഞങ്ങൾ യുവ പോലീസ് ഉദ്യോഗസ്ഥന്മാരെ ഇവിടെ ഡ്യൂട്ടിക്ക് നിയോഗിച്ചത്. യോഗി ആദിത്യനാഥ് അറിയിച്ചു. ഇത്തരത്തിലുള്ള ഒരു വലിയ സംവിധാനം പഠിക്കാൻ യുവ പൊലീസ് ഉദ്യോഗസ്ഥരെ ഇവിടെക്കയക്കണമെന്ന് ഞങ്ങൾ സർദാർ വല്ലഭായി പട്ടേൽ നാഷണൽ പോലീസ് അക്കാദമിക്ക് കത്തെഴുതിയിട്ടുണ്ട്. മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇത്രയും കാര്യങ്ങൾ പഠിക്കാൻ ഈ ഉദ്യോഗസ്ഥർക്ക് മറ്റെവിടെയാണ് അവസരം ലഭിക്കുക. മുഖ്യമന്ത്രി ചോദിച്ചു. 2002ലെയും 2019ലെയും കുംഭമേളയ്‌ക്ക് ശേഷം ശുചിത്വത്തിലും പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തിലും ഉണ്ടായിട്ടുള്ള വലിയ മാറ്റം യോഗി ആദിത്യനാഥ് എടുത്തുപറഞ്ഞു. കാര്യക്ഷമമായ രീതിയിൽ പെരുമാറാനും ഈ മഹാസംഗമത്തെ മാനേജ് ചെയ്യാനും നിയമപാലക പാലകർക്ക് സമഗ്രമായ പരിശീലനം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ മഹാകുംഭമേള അതിന്റെ ശുചിത്വം കൊണ്ട് മാത്രമല്ല പോലീസ് സേനയുടെ നല്ല പെരുമാറ്റം കൊണ്ടും വളരെ സവിശേഷമുള്ളതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ 13ന് പ്രയാഗ് രാജിൽ ആരംഭിച്ച മഹാകുംഭമേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് അതിന്റെ വിവിധ വശങ്ങളെക്കുറിച്ച് പഠിക്കാനും ഗവേഷണം നടത്താനും നിരവധി പ്രമുഖ ആഗോള സ്ഥാപനങ്ങൾ ഇവിടെ എത്തിയിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.
മഹാകുംഭമേളയിൽ എത്തുന്ന ഏതൊരാളും കാശിയും അയോധ്യയും സന്ദർശിക്കുന്നുണ്ട്. ഇവ മൂന്നും സംസ്ഥാനത്തെ പുതിയ ടൂറിസം ഡെസ്റ്റിനേഷൻ സർക്യൂട്ട് ആയി ഉയർന്നുവന്നിട്ടുള്ള കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: