ഗവേഷണത്തിന്റെ പേരില്‍, ആഗോള ബിസിനസ് സ്ഥാപനങ്ങള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് വിരട്ടുകയും അവര്‍ക്കു വന്‍ നഷ്ടം വരുത്തിവയ്‌ക്കുകയും ചെയ്ത ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് എന്ന അമേരിക്കന്‍ സ്ഥാപനം സ്വയം അടച്ചുപൂട്ടി പിന്‍മാറി. ഇന്ത്യയിലെ അദാനി ഗ്രൂപ്പ് അടക്കം ഇവരുടെ പ്രവര്‍ത്തിയുടെ ഫലം അനുഭവിച്ചിട്ടുണ്ട്. പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന വിവരം പ്രഖ്യാപിച്ച സ്ഥാപന ഉടമ നേറ്റ് ആന്‍ഡേഴ്‌സണ്‍ വിശദീകരിച്ചത് തങ്ങള്‍ ജോലി പൂര്‍ത്തിയാക്കിയതിനാല്‍ പിന്‍വാങ്ങുന്നു എന്നാണ്. കൂടുതല്‍ വിശദീകരിക്കാന്‍ തയ്യാറായുമില്ല. ആന്‍ഡേഴ്‌സണ് അങ്ങനെ പറയാമെങ്കിലും സംഗതി അതല്ലെന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്കു മനസ്സിലാകും. ലോകത്താകെ അസ്വസ്ഥതയുടെ വേരുപടര്‍ത്തുന്ന, അമേരിക്ക ആസ്ഥാനമായ ഡിപ് സ്റ്റേറ്റിന്റെ പ്രചാരകരായി അവതരിച്ച ഹിന്‍ഡന്‍ബര്‍ഗ്, ഡീപ് സ്റ്റേറ്റിന്റെ പ്രയോക്താവായ ജോര്‍ജ് സോറോസില്‍ നിന്നു പണംപറ്റി പ്രവര്‍ത്തിച്ചുപോന്ന സ്ഥാപനമാണെന്നു ലോകത്തിന് നന്നായി അറിയാം. തങ്ങള്‍ക്ക് സ്വീകര്യമല്ലാത്ത സര്‍ക്കാരുകളുള്ള രാജ്യങ്ങളില്‍ അസ്വസ്ഥതയും കലാപവും പടര്‍ത്തി സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്തുകയും അട്ടിമറിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനമാണ് ഡീപ്
സ്റ്റേറ്റ് നടത്തിപ്പോരുന്നത്. അതിനു വേണ്ടി പണമൊഴുക്കുന്നത് ജോര്‍ജ് സോറോസാണെന്നതും രഹസ്യമല്ല. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പിന്തുണയും ഇവര്‍ക്കുണ്ടായിരുന്നു. എന്നാല്‍, അമേരിക്കയില്‍ ദിവസങ്ങള്‍ക്കകം നടക്കാന്‍ പോകുന്ന ഭരണമാറ്റം ഡിപ്‌സ്റ്റേറ്റിനേയും സോറോസിനേയും കാര്യമായി ബാധിക്കുമെന്നു വ്യക്തമായിരുന്നു. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ നിലയ്‌ക്കുള്ള സൂചനയും മുന്നറിയിപ്പും നല്‍കുകയും ചെയ്തു. അതിനു പിന്നാലെ ഹിന്‍ഡന്‍ബര്‍ഗ് പൊടുന്നനെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നെങ്കില്‍ അത് ട്രംപിനെയും അമേരിക്കയേയും പേടിച്ചു തന്നെയെന്ന് വേണം കരുതാന്‍. അങ്ങനെയെങ്കില്‍ അവര്‍ ഇതുവരെ ചെയ്തതൊന്നും ആത്മാര്‍ഥവും സത്യസന്ധവുമായിരുന്നില്ലെന്നും ഉറപ്പിക്കണം. ചെയ്യുന്നതു സത്യമാണെന്ന് ഉറപ്പുണ്ടെങ്കില്‍പ്പിന്നെ പേടിച്ചു പിന്‍മാറേണ്ടകാര്യമല്ലല്ലോ.
ഹിന്‍ഡന്‍ബര്‍ഗിന്റെ പിന്‍മാറ്റം ഭാരതത്തെ സംബന്ധിച്ചു പ്രധാനമാണ്. നരേന്ദ്ര മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഡീപ്‌സ്റ്റേറ്റും സോറോസും പണമൊഴുക്കി സഹായിക്കുന്നുണ്ടെന്നതിന് സൂചനകള്‍ നേരത്തേതന്നെ ലഭിച്ചിട്ടുണ്ട്. അനാവശ്യ വിഷയങ്ങളുടെ പേരില്‍ അസ്വസ്ഥയും സമരങ്ങളുമുണ്ടാക്കി കലാപം സൃഷ്ടിക്കാന്‍ നടന്ന ശ്രമങ്ങള്‍ക്കുപിന്നില്‍ സോറോസ് ആണെന്നും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷങ്ങള്‍ അവരുടെ കളിപ്പാവയാണെന്നും വ്യക്തമായ സൂചനയുണ്ട്. ഭാരതം കരുത്ത് ആര്‍ജിക്കുന്നതും സ്വാഭിമാനം വീണ്ടെടുക്കുന്നതും സ്വയംപര്യാപ്തതയിലേയ്‌ക്കു മുന്നേറുന്നതുമാണ് ഭാരത വിരുദ്ധ വിദേശ ശക്തികളെ പ്രകോപിപ്പിച്ചത്. അതിന്റെ ഫലമായിരുന്നു ഭാരതത്തിനതിരായ നീക്കവും അതിനു പറ്റിയ ആഖ്യാനങ്ങള്‍ ചമയ്‌ക്കലും മാധ്യങ്ങളെയടക്കം വിലയ്‌ക്കെടുത്തതും. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരവും കര്‍ഷകസമരവും കായിക താരങ്ങളുടെ സമരവുമെല്ലാം ഇത്തരം ബാഹ്യശക്തികളുടെ പ്രേരണയിലും സാമ്പത്തികം അടക്കമുള്ള സാഹായത്തോടെയും നടന്നതാണെന്നും നേരത്തെതന്നെ സൂചനയുണ്ടായിരുന്നു. അതു സത്യമാണെന്നു പിന്നീടു തെളിയുകയും ചെയ്തു. മണിപ്പൂര്‍ വിഷയത്തിലും ഇവര്‍ക്കു പങ്കുണ്ടെന്നു സൂചനയുണ്ട്.
കോണ്‍ഗ്രസ് നേതാക്കളായ സോണിയയ്‌ക്കും രാഹുലിനും സോറോസുമായി ബന്ധമുണ്ടെന്നും സൂചനയുണ്ട്. രാഹുലിന്റെ നിഗൂഢമായ വിദേശയാത്രകളില്‍ സോറോസുമായി ബന്ധപ്പെടുന്നതായും ആരോപണമുണ്ട്. വിദേശയാത്രകളില്‍, പ്രത്യേകിച്ച് അമേരിക്കന്‍ യാത്രകളില്‍, രാഹുല്‍ ഇന്ത്യാ വിരുദ്ധ പ്രസംഗങ്ങളും പരാമര്‍ശങ്ങളും നടത്തുന്നതു സോറോസിന്റെയും ഡീപ്സ്റ്റേറ്റിന്റേയും തിരക്കഥയ്‌ക്ക് അനുസരിച്ചാണെന്ന സംശയം നിലനില്‍ക്കുന്നു. ജോഡോ യാത്രയിലും ന്യായ് യാത്രയിലും പിന്നീട് ലോക്‌സഭാതെരഞ്ഞെടുപ്പ് പ്രചാരണ വേളയിലും വാരിവിതറിയ പണം, ഇവര്‍ക്കു സോറോസില്‍ നിന്നു ലക്ഷിച്ചതാണെന്നും ആരോപണമുണ്ട്. വിദേശശക്തികള്‍ വിദേശത്തുവച്ച് ആസൂത്രണം ചെയ്തത് അനുസരിച്ചാണ് കോണ്‍ഗ്രസ് ഭാരതത്തില്‍ പ്രവര്‍ത്തിച്ചിരുന്നത് എന്നര്‍ഥം.
ഇതിന്റെ തുടര്‍ച്ചയാണ് അദാനി ഗ്രൂപ്പിനതെരായ രാഹുലിന്റെ ആരോപണവും അതിന്റെ പേരില്‍ തുടരെ പാര്‍ലമെന്റു തടസ്സപ്പെടുത്തിയതും പ്രധാനമന്ത്രി മോദിയേയും സര്‍ക്കാരിനേയും തരംതാണ രീതിയില്‍ അധിക്ഷേപിച്ചതും. ഹിന്‍ഡന്‍ബര്‍ഗ് കൊണ്ടുവന്ന ആരോപണം ഏറ്റുപിടിച്ചായിരുന്നു രാഹുലിന്റെയും കോണ്‍ഗ്രസ്സിന്റേയും ആരോപണങ്ങളും സമരാഭാസങ്ങളും. ഹിന്‍ഡന്‍ബര്‍ഗ്തന്നെ എല്ലാം ഉപേക്ഷിച്ച സ്ഥിതിക്ക് രാഹുലും കോണ്‍ഗ്രസ്സും ഇനി എന്തു നിലപാടു സ്വീകരിക്കുമെന്ന് അറിയാന്‍ രാജ്യത്തിനു താത്പര്യമുണ്ടാകും. സത്യങ്ങള്‍ തുറന്നു പറയാനും രാഷ്ടത്തോടു മാപ്പുപറയാനുമുള്ള മാന്യതയെങ്കിലും പ്രതിപക്ഷനേതാവും കോണ്‍ഗ്രസ് പാര്‍ട്ടിയും കാണിക്കണം. രാജ്യം അതു പ്രതീക്ഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക