കാലിഫോര്‍ണിയ: മൊബൈല്‍ ഫോണുകള്‍ എത്തിയതോടെ ആളുകളുടെ വാച്ച് കെട്ടാനുള്ള കമ്പം കുറഞ്ഞുവരികയാണ്. എന്നാല്‍ എങ്ങിനെയാണ് ആപ്പിള്‍ വാച്ച് ജീവിതത്തിന്റെ കാവലാളായി മാറുന്നതെന്ന് സ്വന്തം അനുഭവ കഥ പങ്കുവെച്ച് ആപ്പിള്‍ സിഇഒ ടിം കുക്ക് വിവരിച്ചപ്പോള്‍ അത് വ്യത്യസ്ത അനുഭവമായി ആളുകള്‍ ഉള്‍ക്കൊണ്ടു.
മാറുന്ന കാലത്ത്, സമയം നോക്കാന്‍ മാത്രമല്ല, പുതിയ സാങ്കേതികവിദ്യകള്‍ നിറച്ച ആപ്പിള്‍ വാച്ച് ആളുകള്‍ക്ക് വഴികാട്ടുക കൂടി ചെയ്യുകയാണ്. ശരീരത്തിലെ പ്രഷറും ഷുഗറും അറിയുന്നത് മുതല്‍ എത്ര കലോറി നടത്തത്തിലൂടെ കത്തിച്ചു കളയുന്നു, ജിമ്മില്‍ സമയം ചെലവഴിക്കുമ്പോള്‍ ശരീരത്തിലെ ആരോഗ്യ അളവുകോലുകള്‍ എങ്ങിനെയെല്ലാം മെച്ചപ്പെടുന്നു എന്നതു മാത്രമല്ല, ചില അപകട ഘട്ടങ്ങളിൽ കൈത്താങ്ങായി വരെ ആപ്പിള്‍ വാച്ച് പ്രവര്‍ത്തിക്കുന്നു. ഒരു അത്യാവശ്യഘട്ടത്തിൽ തന്റെ പിതാവിന്റെ ജീവൻ രക്ഷിച്ച ആപ്പിൾ വാച്ചിന്റെ ഫീച്ചറിനെ കുറിച്ചുള്ള കഥ പങ്കുവെച്ചത് ആപ്പിൾ സിഇഒ ടിം കുക്ക്.
തനിച്ച് താമസിച്ചുവരികയായിരുന്ന ടിം കുക്കിന്റെ പിതാവ് ഒരിക്കൽ സുഖമില്ലാതെ വീടിനുള്ളിൽ വീണു. ഉടന്‍ ബോധവും പോയി. എന്നാൽ അദേഹത്തിന്റെ കയ്യിലുണ്ടായിരുന്ന ആപ്പിൾ വാച്ചില്‍ അത് ഉപയോഗിക്കുന്ന ആള്‍ അപകടത്തില്‍ പെട്ടാല്‍ അലാം അടിക്കും. ഒരാള്‍ പൊടുന്നനെ വീഴുകയാണെങ്കില്‍ ആപ്പിള്‍ വാച്ചിലെ ആക്സിലറോമീറ്റര്‍ പ്രവര്‍ത്തിച്ചാണ് ജാഗ്രതാസന്ദേശം പുറപ്പെടുവിക്കുക. ആ ജാഗ്രതാഫീച്ചര്‍ അന്ന് പിതാവിന്റെ ജീവന്‍ രക്ഷിക്കാന്‍ ഉപകരിച്ചു.
ഈ അലര്‍ട്ട് ഫീച്ചര്‍ കണ്ട് അധികം വൈകാതെ തന്നെ വീട്ടിലേക്ക് പാഞ്ഞെത്തി പിതാവിന്റെ ജീവൻ രക്ഷിക്കുവാന്‍ കഴിഞ്ഞെന്ന് ടിം കുക്ക് പറയുന്നു. ഒരു അഭിമുഖത്തിലാണ് ടിം കുക്ക് ഇക്കാര്യം വെളിപ്പെടുത്തിയത്. അത്യാവശ്യ ഘട്ടങ്ങളിൽ അലാറം അടിക്കുക മാത്രമല്ല, , ഒപ്പം എമർജൻസി സർവീസിലേക്ക് നേരിട്ട് ആപ്പിള്‍ വാച്ചില്‍ നിന്നും ഫോൺ കോൾ പോവുകയും ചെയ്യും. ഇതോടെ എമര്‍ജന്‍സി ആരോഗ്യ ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തേക്ക് പാഞ്ഞെത്തി ആപ്പിള്‍ വാച്ച് ധരിച്ചയാളെ രക്ഷപ്പെടുത്താന്‍ സാധിക്കും. ടിം കുക്കിന്റെ പിതാവ് ധരിച്ച ആപ്പിള്‍ വാച്ചില്‍ നിന്നും ജാഗ്രതാസന്ദേശം എത്തിയ ഉടന്‍ എമര്‍ജന്‍സി സേവനം നല്‍കുന്ന ഉദ്യോഗസ്ഥര്‍ വീടിന് മുന്‍പിലെത്തി. അച്ഛന്‍ വാതില്‍ തുറക്കുന്നില്ലെന്ന് കണ്ടതോടെ അവര്‍ വാതില്‍ പൊളിച്ച് അകത്ത് കടന്നു. അന്ന് അത് കാരണം പിതാവ് രക്ഷപ്പെട്ടതായി ടിം കുക്ക് പറയുന്നു. ആപ്പിള്‍ വാച്ചിന്റെ 8 സീരീസും അതിനു മുകളിലുള്ള സീരീസില്‍പ്പെട്ട വാച്ചുകളിലും ഈ ഫീച്ചര്‍ ഉണ്ട്. ഏറ്റവും പുതിയ ആപ്പിള്‍ വാച്ച് സീരീസ് 10ന്റെ വില 46900 രൂപയാണ്. ആപ്പിള്‍ അള്‍ട്ര വാച്ചിലും അതിന്റെ മുകളിലുള്ള മോഡലുകളിലും ഈ ഫീച്ചറുകള്‍ ഉണ്ട്. ഏറ്റവും പുതിയ ആപ്പിള്‍ അള്‍ട്ര 2ന്റെ വില 89900 രൂപയാണ്.
ആപ്പിള്‍ ഗാഡ്‌ജറ്റുകള്‍ മനുഷ്യ ജീവന്‍ രക്ഷിച്ച മറ്റനേകം സംഭവങ്ങളുമുണ്ട്. ദില്ലിയിൽ ഒരു പെൺകുട്ടിയുടെ ഹൃദയമിടിപ്പ് കൂടുതലാണെന്ന് ആപ്പിൾ വാച്ചിന്റെ ഇസിജി ഡിക്ടറ്റർ ഫീച്ചര്‍ കണ്ടെത്തി. ഇത് ആ പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിച്ചു. വാഹനാപകടത്തില്‍പ്പെട്ട ഒരു യുവാവിന് രക്ഷകനായത് ആപ്പിള്‍ വാച്ചിന്റെ ക്രാഷ് ഡിറ്റക്ഷൻ ഫീച്ചറാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: