കോഴിക്കോട്: ഐ ലീഗില്‍ തുടര്‍ച്ചയായ രണ്ട് എവേ മത്സര ജയങ്ങള്‍ പകര്‍ന്ന ആവേശവുമായി ഗോകുലം കേരള ഇന്ന് സ്വന്തം തട്ടകത്തില്‍ നാംധാരി എഫ്‌സിക്കെതിരെ. കഴിഞ്ഞ രണ്ട് കളികളിലൂടെ ഗോള്‍ വരള്‍ച്ചയെന്ന തീരാവേദനയെ അതിഗംഭീരമായി മറികടന്നതിന്റെ ആത്മവിശ്വാസവും മലബാറിയന്‍സിനൊപ്പമുണ്ട്.
അവസാന മത്സരത്തില്‍ ഗോവയില്‍നിന്നുള്ള ഡെംപോ എസ് സിയെ ആണ് ഗോകുലം തോല്‍പ്പിച്ചത്. സീസണിന്റെ തുടക്കം മുതല്‍ പ്രതിരോധം ശക്തിപ്പെടുത്തിയ മലബാറിയന്‍സിന് മുന്നേറ്റത്തിലുണ്ടായിരുന്ന ഗോള്‍ വരള്‍ച്ച കഴിഞ്ഞ രണ്ട് മത്സരങ്ങളിലൂടെ പരിഹരിച്ചു. പുതുവര്‍ഷത്തില്‍ രണ്ട് മത്സരങ്ങളിലാണ് കളിച്ചത്. രണ്ടും എവേ പോരാട്ടങ്ങള്‍. ഈ രണ്ട് മത്സരങ്ങളില്‍ നിന്നായി ആറ് ഗോളുകള്‍ നേടി. ഒരു ഗോള്‍ പോലും വഴങ്ങിയതുമില്ല.
നിലവില്‍ നാംധാരി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. എട്ടു മത്സരങ്ങള്‍ കളിച്ച ഗോകുലം പട്ടികയില്‍ നാലാം സ്ഥാനത്തുമുണ്ട്. ഇന്നത്തെ മത്സരത്തില്‍ ജയിക്കുകയാണെങ്കില്‍ 16 പോയിന്റുമായി പട്ടികയില്‍ രണ്ടാമതെത്താനും ഗോകുലത്തിന് സാധിക്കും. കഴിഞ്ഞ മത്സരത്തില്‍ മലബാറിയന്‍സിനായി കളത്തിലിറങ്ങിയ അതേ ടീം തന്നെയാകും ഇന്നത്തെ മത്സരത്തിലും കളിക്കുക. താരങ്ങളെല്ലാം പരസ്പരം കണ്ക്ടഡ് ആയി എന്നത് തന്നെയാണ് ടീമിന്റെ ഏറ്റവും വലിയ കരുത്ത്- മുഖ്യ പരിശീലകന്‍ അന്റോണിയ റുവേഡ വ്യക്തമാക്കി.
നിലവില്‍ ടീമില്‍ പരുക്കും മറ്റു കാര്യങ്ങളും ഇല്ലാത്തതിനാല്‍ ആദ്യ ഇലവനെ കളത്തിലിറക്കുന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. ഹോം ഗ്രൗണ്ട് അഡ്വാന്റ്റേജ് മുതലാക്കി മൂന്ന് പോയിന്റ് നേടുക എന്നതില്‍ കുറഞ്ഞൊരു ലക്ഷ്യവും ഇന്നില്ല. ഗോള്‍ വഴങ്ങാതെ സ്‌കോര്‍ ചെയ്യാന്‍ സാധിക്കുന്നത് പ്രതിരോധത്തിലെയും മുന്നേറ്റത്തിലെയും ടീമിന്റെ കരുത്തിനെയാണ് തെളിയിക്കുന്നത് പരിശീലകന്‍ പറഞ്ഞു.
രാത്രി ഏഴിന് കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം സ്ത്രീകള്‍ക്ക് സൗജന്യമായി വീക്ഷിക്കാനാകും. പുതുവര്‍ഷത്തിലെ ആദ്യ ഹോം മത്സരം കൂടിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക