ന്യൂദെൽഹി:പൂർവാഞ്ചൽ പ്രദേശത്തു നിന്നുള്ള ഒട്ടനവധി നേതാക്കളെ അടക്കം ഉൾപ്പെടുത്തി ദെൽഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 40 അംഗ താരപ്രചാരകന്മാരുടെ പട്ടിക പുറത്തുവിട്ട് ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവരെ കൂടാതെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളാണ് ദെൽഹിയിൽ ബിജെപിക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് എത്തുന്നത്. ബിജെപിയുടെ 7 മുഖ്യമന്ത്രിമാരും ഉൾപ്പെടുന്നതാണ് താരപ്രചാരകന്മാരുടെ പട്ടിക. ഭോജ്പുരി താരങ്ങളും എംപിമാരുമായ മനോജ് തിവാരി, രവി കിഷൻ, ദിനേശ് ലാൽ യാദവ് എന്നിവരുടെ പേരുകളും പട്ടികയിലുണ്ട്. ദേശീയ തലസ്ഥാനത്തെ വോട്ടർമാരിൽ പൂർവ്വാഞ്ചലിൽ നിന്നുള്ളവരുടെ സംഖ്യ വളരെ വലുതാണ്. ഇത് കണക്കിലെടുത്ത് യുപി, ബിഹാർ സംസ്ഥാനങ്ങളിലെ നിരവധി നേതാക്കളും പട്ടികയിലുണ്ട്. കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്ഗരി, ശിവരാജ് സിംഗ് ചൗഹാൻ, മനോഹർലാൽ ഖട്ടാർ, പിയൂഷ് ഗോയൽ, ധർമ്മേന്ദ്രപ്രദാൻ ഹർദീപ് സിങ് പുരി , ഗിരിരാജ് സിംഗ് എന്നിവരും പട്ടികയിലുണ്ട്. ദേവേന്ദ്ര ഫഡ്നാവിസ് , ഹിമന്ദ് ബിശ്വ ശർമ്മ, പുഷ്കർ സിംഗ് ധാമി, ഭജൻ ലാൽ ശർമ്മ, നായബ് സിംഗ് സൈനി , മോഹൻ യാദവ് എന്നിവരാണ് യോഗി ആദിത്യനാഥന് പുറമെ പട്ടികയിലുള്ള മുഖ്യമന്ത്രിമാർ. ദെൽഹി ബിജെപിയുടെ ചുമതലയുള്ള ബൈജയന്ത് പാണ്ഡെ, സംസ്ഥാന അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ എന്നിവരുടെ പേരുകളും ഈ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: