ന്യൂദെൽഹി:ബിജെപിക്കും ദേശീയ ജനാധിപത്യ സഖ്യത്തിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് രൂപം നൽകിയ ഇന്ത്യസഖ്യം ഏതാണ്ട് മരിച്ചു കഴിഞ്ഞുവെന്ന് രാഷ്‌ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ദെൽഹി നിയമസഭാ തിരഞ്ഞെടുപ്പ് അതിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയായിരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി സർക്കാരിനുമെതിരെ പ്രതിപക്ഷ പാർട്ടികളുടെ ഒരു മഹാസഖ്യം രൂപം കൊള്ളാനുള്ള ചർച്ചകൾ നടക്കുമ്പോൾ ഇന്ത്യാ സഖ്യത്തിലെ ഒരു മുതിർന്ന നേതാവ് 2023 ജൂണിൽ പറഞ്ഞ അഭിപ്രായം ഇപ്പോൾ നടപ്പിലായിരിക്കുകയാണ്. ബിജെപിക്കെതിരെ ഒരു മഹാസഖ്യം അഭികാമ്യമാണ്, പക്ഷേ അത് സാധ്യമാണോയെന്ന് എനിക്ക് ഉറപ്പില്ല എന്നായിരുന്നു ആ രാഷ്‌ട്രീയ നേതാവിന്റെ അഭിപ്രായപ്രകടനം. അദ്ദേഹത്തിന്റെ മുന്നറിയിപ്പുകൾ പൂർണമായും ശരിയായിരുന്നുവെന്ന് ഇപ്പോൾ തെളിയുകയാണ്. പാറ്റ്നയുടെ വേനൽചൂടിൽ ബിജെപി വിരുദ്ധ സഖ്യം ഉണ്ടാക്കാൻ പ്രതിപക്ഷ നേതാക്കൾ ഒത്തുചേർന്നതിന് 18 മാസങ്ങൾക്ക് ശേഷം ഇപ്പോൾ സഖ്യം മരിച്ചുകഴിഞ്ഞ നിലയിലാണ്. അതിന്റെ അന്തിമ ചടങ്ങുകൾ അത്യധികം നിർണായകമായ ദെൽഹി നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം നടക്കുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ അഭിപ്രായം. 2024ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ ചാർ സൗ പാർ എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുദ്രാവാക്യവുമായി ബിജെപി നടത്തിയ മുന്നേറ്റത്തെ തടഞ്ഞുനിർത്താൻ വേണ്ടിയാണ് ഇന്ത്യസഖ്യം രൂപം കൊണ്ടത്. സീറ്റെണ്ണത്തിൽ ഗണ്യമായ കുറവുണ്ടെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രി പദത്തിൽ എത്തിയതോടുകൂടി ഇന്ത്യാ സഖ്യത്തിലെ വൈരുദ്ധ്യങ്ങളും ഒന്നൊന്നായി പുറത്തുവന്നു തുടങ്ങി. ബംഗാളിൽ മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ്സും ഇടതുപക്ഷവും ഒന്നിച്ചൊരു വേദിയിലിരിക്കാൻ പോലും തയ്യാറാകാത്ത രീതിയിലുള്ള ശത്രുത തുടർന്നു. ബീഹാറിൽ എന്നും രണ്ടു ചേരിയിൽ നിന്ന സുഹൃത്തുക്കളായ രാഷ്‌ട്രീയ ശത്രുക്കൾ ലാലു പ്രസാദ് യാദവിനും നിതീഷ് കുമാറിനും പരസ്പരം വിശ്വസിക്കാൻ കഴിയാത്ത രാഷ്‌ട്രീയ സാഹചര്യമായിരുന്നു നിതീഷ് കുമാർ സഖ്യം വിടാനുള്ള കാരണം. കാശ്മീർ താഴ്വരെയിൽ ആധിപത്യത്തിനായി പോരാടുന്ന ഒമർ അബ്ദുള്ളയും മെഹബൂബ മുക്തിയും ഒരേ പക്ഷത്ത് തുടരുകയെന്നത് അസംഭവ്യമാണെന്ന് കാലം തെളിയിച്ചു തീവ്ര ഹിന്ദുത്വ നിലപാടുള്ള ശിവസേന ഉദ്ധവ് താക്കറെ പക്ഷം പ്രതിപക്ഷ പാർട്ടികളുമായി പൂർണമായി ഇഴുകിച്ചേർന്ന് മുന്നോട്ടു പോകാൻ കഴിയാത്ത ആനുകാലിക രാഷ്‌ട്രീയത്തിലൂടെ കടന്നു പോവുകയാണ്. ദെൽഹിയിലാണ് ഏറ്റവും വൈരുദ്ധ്യം നിറഞ്ഞ രാഷ്‌ട്രീയം നടക്കുന്നത്. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ ദേശീയ തലസ്ഥാനത്ത് കോൺഗ്രസ്സും ആം ആദ്മി പാർട്ടിയും സഖ്യത്തിൽ മത്സരിച്ചപ്പോൾ തൊട്ടടുത്ത അതിർത്തി സംസ്ഥാനത്ത് പഞ്ചാബിൽ ഇരുവരും പരസ്പരം കടിച്ചു കീറുന്ന മത്സരമാണ് നടത്തിയത്. ലോകസഭ തെരഞ്ഞെടുപ്പിൽ ഒന്നിച്ചു നിന്ന് പോരാടിയവർ ഒരു വർഷമെത്തുന്നതിനു മുമ്പേ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇന്നുവരെ കാണാത്ത രീതിയിലുള്ള ആരോപണങ്ങളുമായി പരസ്പരം മത്സരിക്കുന്നത് വിരോധാഭാസം എന്നല്ലാതെ എന്താണ് പറയാൻ കഴിയുക. ഇന്ത്യാസഖ്യത്തിന് രൂപം നൽകുന്നതിൽ മുന്നിൽ ഉണ്ടായിരുന്ന നിതീഷ് കുമാർ മാസങ്ങൾക്കുള്ളിൽ തന്നെ എൻഡിഎയിൽ തിരിച്ചുവന്നതാണ് നമുക്ക് കാണാൻ കഴിഞ്ഞത്. ഇന്ത്യാ സഖ്യത്തിലെ പ്രമുഖ നേതാവായ ശരത് പവാർ തൊട്ടടുത്ത ദിവസങ്ങളിൽ എന്ത് രാഷ്‌ട്രീയ നിലപാട് എടുക്കുമെന്ന് പ്രവചിക്കാൻ കഴിയാത്ത സാഹചര്യം മഹാരാഷ്‌ട്രയിൽ കാണാം. ഉദ്ധവ് താക്കറെ വിഭാഗം ശിവസേനയിൽ നിന്നും ഒട്ടനവധി നേതാക്കളും പ്രവർത്തകരും കൊഴിഞ്ഞു പോകുന്നത് തുടരുകയാണ്. ദെൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം എന്തുതന്നെയായാലും കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അത് ആത്മഹത്യപരമായ ഒരു രാഷ്‌ട്രീയ സാഹചര്യത്തിലേക്ക് നയിക്കുമെന്നുള്ള കാര്യത്തിൽ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: